നാവിനൊരു കടിഞ്ഞാൺ

റോബിൻസ് പീറ്റർ, കോട്ടയം
ലോകപ്രസിദ്ധരായ രണ്ട് ടെന്നീസ് കളിക്കാർ. അതിലൊരാൾ എതിരാളികൾ മുഴുവൻ ഭയന്നിരുന്ന ജർമൻ ഇതിഹാസ താരം ബോറിസ് ബെക്കർ. അദ്ദേഹത്തിന്റെ ഷോൾഡറിന് അസാമാന്യ കരുത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അടിക്കുന്ന പന്തുകൾ മൂളിപ്പറക്കുമായിരുന്നു. ഈ ശബ്ദം കാണികളെ ആവേശം കൊള്ളിച്ചു. അപ്പോൾ അവർ പന്തിന്റെ മൂളക്കം എന്ന അർത്ഥത്തിൽ "ബൂം ബൂം ബെക്കർ" എന്ന് ഉച്ചത്തിൽ ആർത്തുവിളിക്കുമായിരുന്നു.
ബോറിസ് ബെക്കർ, ആന്ദ്രെ അഗസി
മറ്റൊരാൾ അമേരിക്കൻ താരമായിരുന്ന ആന്ദ്രെ അഗസി. ഇവർ ഏറ്റുമുട്ടിയ ആദ്യകാല കളികളിലെല്ലാം അഗസി അമ്പേ പരാജയപ്പെട്ടു. എന്നാൽ തോറ്റോടാൻ അഗസി തയ്യാറല്ലായിരുന്നു. ബോറിസ് ബെക്കറെ പരാജയപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് അവൻ പഠിച്ചുകൊണ്ടിരുന്നു. അങ്ങനെ അഗസിക്ക് ഒരു സത്യം മനസ്സിലായി.
ശരവേഗത്തിൽ വരുന്ന പന്തുകൾ തിരിച്ചടിക്കണമെങ്കിൽ ബെക്കർ പന്ത് അടിക്കുന്ന ദിശയിൽ, പന്ത് എത്തുന്നതിനു മുൻപ് തന്നെ നിലയുറപ്പിക്കണം. അങ്ങനെ കളിയിൽ ബെക്കർക്കുണ്ടാകുന്ന ഒരു പിഴവ് മനസ്സിലാക്കിയ അഗസി, പിന്നീട് ഇവർ തമ്മിലുണ്ടായ പോരാട്ടങ്ങളിൽ വിജയം കൈവരിച്ചുകൊണ്ടിരുന്നു.
എന്നാൽ ബോറിസ് ബെക്കർ അതീവ നിരാശനായി മാറി. 'വെടിയുണ്ട പോലെ ഞാൻ കോർട്ടിന്റെ ഓരോ ഭാഗത്തേക്കും പായിക്കുന്ന പന്തുകൾ അഗസി എങ്ങനെ തിരിച്ചടിക്കുന്നു? പന്ത് ഓരോ കോണിലേക്കും എത്തും മുൻപ് അവൻ അവിടെ എങ്ങനെ എത്തുന്നു? എന്റെ മനസ്സ് അവൻ എങ്ങനെ വായിക്കുന്നു?'
ഇങ്ങനെ പല ചോദ്യങ്ങളും ബെക്കറെ അലട്ടിക്കൊണ്ടിരുന്നു. കളിയിൽ നിന്ന് വിരമിച്ചതിനു ശേഷവും ഇതിൽ നിന്നും മോചിതനാകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
അങ്ങനെ കാലങ്ങൾ കടന്നുപോയി. രണ്ടുപേരും ടെന്നീസിനോട് വിടപറഞ്ഞു. ദീർഘവർഷങ്ങൾക്ക് ശേഷം ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന ഒക്ടോബർ ഫെസ്റ്റിൽ വെച്ച് ഇരുവരും കണ്ടുമുട്ടി. അന്ന് ബോറിസ് ബെക്കർ ആന്ദ്രെ അഗസിയോട് ചോദിച്ചു: "നീ കളിയിൽ എങ്ങനെയാണ് എന്നെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നത്? ഞാൻ അതിവേഗത്തിൽ പായിക്കുന്ന 'ഏസ്' (Ace - എതിരാളിക്ക് തൊടാൻ കഴിയാത്ത നേരിട്ടുള്ള സർവീസ്) നീ എങ്ങനെ തിരിച്ചറിഞ്ഞു തടഞ്ഞു? എന്റെ മനസ്സ് നീ എങ്ങനെ വായിച്ചു?"
അതിന് അഗസിയുടെ മറുപടി ഇങ്ങനെയായിരുന്നു: "ഞാൻ നിന്റെ മനസ്സ് വായിച്ചിരുന്നില്ല, എന്നാൽ നിന്നെ ചതിച്ചത് നിന്റെ നാവാണ്. നീ ഏത് ദിശയിലേക്കാണ് പന്ത് പായിക്കുന്നതെന്ന് നിന്റെ നാവ് നീ അറിയാതെ തന്നെ എന്നോട് വിളിച്ചുപറഞ്ഞു."
അതു കേട്ട് ബെക്കർ അത്ഭുതത്തോടെ ചോദിച്ചു: "എന്റെ നാവ് വിളിച്ചുപറഞ്ഞെന്നോ?"
ഒന്നും മനസ്സിലാകാതെ നിന്ന ബോറിസിനോട് അഗസി തുടർന്നു: "നിന്റെ കരുത്തുറ്റ, അസാമാന്യ വേഗതയുള്ള ഷോട്ടുകൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയ ഞാൻ, നിനക്ക് കളിയിൽ വരുന്ന പിഴവുകൾ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ നിന്റെ കളിയുടെ വീഡിയോകൾ ശ്രദ്ധിച്ചു പഠിച്ചിരുന്നു. അതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി. നീ കരുത്തുറ്റ ഷോട്ടുകൾ പായിക്കുന്നതിന് മുൻപ് നിന്റെ നാവ് അല്പം പുറത്തേക്ക് വരും! പന്ത് ഇടത്തേക്കാണ് അടിക്കുന്നതെങ്കിൽ, അടിക്കുന്നതിന് മുൻപ് നാവ് അല്പം ഇടതുവശത്തേക്ക് തള്ളി വരും. അതുപോലെ വലതുവശത്താണ് അടിക്കുന്നതെങ്കിൽ നാവ് വലതുവശത്തേക്ക് അല്പം തള്ളി വരും. നേരെയാണ് അടിക്കുന്നതെങ്കിൽ നാവ് അല്പം നേരെ വെളിയിൽ വരും. ഞാൻ പന്തല്ലായിരുന്നു ശ്രദ്ധിച്ചിരുന്നത്, നിന്റെ നാവിനെയായിരുന്നു! അതുകൊണ്ട് പന്ത് വരുമ്പോൾ തിരിച്ചടിക്കാൻ നിന്റെ നാവ് പറയുന്ന സ്ഥലത്ത് ഞാൻ നേരത്തെ തന്നെ എത്തിയിരുന്നു. അങ്ങനെയാണ് നിന്റെ കരുത്തുറ്റ ഷോട്ടുകളെ നേരിട്ടതും നിന്നെ പരാജയപ്പെടുത്തിയതും."
ഇതുകേട്ട് ബോറിസ് ബെക്കർ കസേരയിൽ നിന്നും താഴേക്ക് വീണു. താഴെ കിടന്നുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "എന്റെ നാവ് എന്നെ ചതിച്ചു!" ഒരുപക്ഷേ നാവ് അദ്ദേഹത്തെ ചതിച്ചില്ലായിരുന്നുവെങ്കിൽ 'ടെന്നീസ് ലോകത്തിലെ രാജാവ്' എന്ന വിശേഷണം അദ്ദേഹത്തിന് മാത്രമാകുമായിരുന്നു.

അതെ, നാവ് നമ്മുടെ ജീവിതത്തിൽ ഒരു പരാജയമായി മാറരുത്. ലോകത്തിലെ കായികമത്സരരംഗത്ത് അദ്ദേഹം അറിയാതെ പോലും നാവ് ഒരു ദോഷമായി മാറി. ആ ചെറിയ പിഴവ് എതിരാളി മനസ്സിലാക്കി വിജയം വരിച്ചു.
അതുപോലെ ഒരു ഭക്തന് ഈ ലോകത്തിൽ ആത്മീയ പോരാട്ടമുണ്ട്. അവിടെ നമ്മുടെ നാവ് ഒരു ദോഷമായി മാറരുത്.
യാക്കോബ് 1:26, 3:3 — "നിങ്ങളിൽ ഒരുത്തൻ താൻ ഭക്തൻ എന്ന് നിരൂപിക്കുകയും തന്റെ നാവിനു കടിഞ്ഞാൺ ഇടാതെ സ്വന്ത ഹൃദയത്തെ വഞ്ചിക്കുകയും ചെയ്താൽ അവന്റെ ഭക്തി വ്യർത്ഥമത്രേ. കുതിരകളെ അധീനമാക്കുവാൻ വായ്ക്കു കടിഞ്ഞാണിട്ടു അവയുടെ ശരീരം മുഴുവൻ തിരിക്കുന്നുവല്ലോ."
മനുഷ്യൻ വളരെ ശക്തിയുള്ള ഒരു മൃഗത്തെപ്പോലും ഒരു കടിഞ്ഞാൺ കൊണ്ട് പൂർണ്ണമായി നിയന്ത്രിച്ചു നിർത്തുമ്പോൾ, നമ്മുടെ നാവിനും കടിഞ്ഞാണിട്ട് ചില വാക്കുകൾ ചിന്തിച്ചു പറയുവാനും ജീവൻ അപകടത്തിലാകാതിരിക്കാനും തിരുവചനം നമ്മെ പഠിപ്പിക്കുന്നു.
അനന്യാസിന്റെയും സഫീറയുടെയും നാവ് പരിശുദ്ധാത്മാവിനോട് വ്യാജം പറഞ്ഞ് മരണം ഏറ്റുവാങ്ങിയപ്പോൾ, ബുദ്ധിമതിയായ അബീഗയിലിന്റെ വാക്കുകൾ കേട്ട ദാവീദ് പറഞ്ഞു: "നീ ഇന്ന് എന്നെ രക്തപാതകത്തിൽ നിന്നും എന്റെ കൈകൊണ്ട് പ്രതികാരം ചെയ്യുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു" (1 ശമുവേൽ 25:33). ഇവിടെ വിവേകമുള്ള ഒരു സ്ത്രീയുടെ നാവ് 400 വാളുകളെയാണ് തടഞ്ഞത്! ഇതാണ് നാവിന്റെ ശക്തി.
അങ്ങനെയെങ്കിൽ നമ്മുടെ നാവും നന്മയുള്ളതാവട്ടെ. തളർന്നിരിക്കുന്നവരെ ബലപ്പെടുത്തുന്നതാവട്ടെ, കോപിച്ചിരിക്കുന്നവരെ തണുപ്പിക്കുന്നതാവട്ടെ. നാവിന്റെ ശക്തി തിരിച്ചറിയണമെങ്കിൽ നാവിനൊരു കടിഞ്ഞാൺ ആവശ്യമാണ്. അതിന്റെ നിയന്ത്രണം പരിശുദ്ധാത്മാവിന് വിട്ടുകൊടുക്കാം...





