വൈകിയെത്തിയ സദ്വാർത്ത

വൈകിയെത്തിയ സദ്വാർത്ത

റവ. ജോർജ് മാത്യു പുതുപ്പള്ളി

നേക വർഷങ്ങൾക്കുമുമ്പ് ഭക്തനായ ക്രിസ്തീയമിഷനറി റിക്ക് വാറൻ ഇന്ത്യയിലെ ഹരിദ്വാറിൽ സുവിശേഷം അറിയിച്ചു കൊണ്ടിരുന്നു. അവിടേക്ക് മോക്ഷത്തിനായി വരുന്നവരോട് മഹാദൈവമായ യേശുക്രിസ്തുവിനെപ്പറ്റി പറയുന്നത് അദ്ദേഹത്തിന്റെ ഒരു പതിവായിരുന്നു. ബ്രിടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയമായിരുന്നതിനാൽ ജനങ്ങളിൽനിന്ന് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. ഗംഗയിൽ കുളിക്കുന്നതിനായി ആയിരക്കണക്കിന് ആളുകൾ അവിടെ വന്നുകൊണ്ടിരുന്നു.

ഒരു ദിവസം അദ്ദേഹം നോക്കി നിൽക്കെ ഒരു കുടുംബം ഗംഗയുടെ തീരത്തുവന്ന് അവരുടെ ചെറിയ മകനെ നദിയിലേക്ക് വലിച്ചെറിഞ്ഞു. അദ്ദേഹം അതു കണ്ട് അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് 'നിങ്ങൾ എന്തിനാണ് നിങ്ങളുടെ മകനെ നദിയിലേക്ക് വലിച്ചെറിഞ്ഞതെന്ന്' ചോദിച്ചു. അവർ മാനസികമായി തളർന്ന നിലയിൽ ഇപ്രകാരം പറഞ്ഞു : 'ഞങ്ങൾക്കു മോക്ഷം കിട്ടുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്.' മനസ് താളം തെറ്റിയ നിലയിൽ ദുഃഖത്തിന്റെ എങ്ങലടിയോടു കൂടിയാണ് അവരതു പറഞ്ഞത്. റിക്ക് വാറൻ അവരുടെ അടുത്തിരുന്ന് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി യേശുക്രിസ്തു പരമയാഗമായിത്തീർന്ന നിത്യരക്ഷയുടെ സന്ദേശം അവരെ അറിയിച്ചു. ഈ രക്ഷ സൗജന്യമായി നമുക്കു ലഭിക്കുന്നതാണെന്നും അറിയിച്ചു.

അതുകേട്ട് അവർ പൊട്ടിക്കരഞ്ഞുകൊണ്ട് ഇങ്ങനെ ചോദിച്ചു : 'എന്നിട്ട് ഈ കാര്യം നിങ്ങൾ ഞങ്ങളോട് നേരത്തെ പറഞ്ഞില്ല ? ഏതാനും മിനിറ്റുകൾക്കുമുമ്പ് നിങ്ങൾക്കിത് ഞങ്ങളോട് പറയാൻ മേലായിരുന്നോ ? അങ്ങനെയെങ്കിൽ ഞങ്ങളുടെ പൊന്നോമന മകനെ ഞങ്ങൾ ഈ നദിയിൽ വലിച്ചെറിയുകയില്ലായിരുന്നല്ലോ ?'

യഹോവയുടെ വഴികളെ വിട്ടുമാറിയ ആഹാബിന്റെ മകനായ യോരാം യിസ്രയേലിൽ രാജാവായിരുന്ന കാലത്ത് അരാം രാജാവായ ബെൻ-ഹദദ് തന്റെ സൈന്യങ്ങളുമായി വന്ന് ശമര്യയെ നിരോധിക്കുകയുണ്ടായി. പട്ടണത്തിനു പുറത്തേക്കു പോകുന്നതിനും പട്ടണത്തിനകത്തേക്ക് വരുന്നതിനും ആരെയും അനുവദിച്ചിരുന്നില്ല. ഇക്കാരണത്താൽ ശമര്യയിൽ കടുത്ത ക്ഷാമമുണ്ടായി. ഭക്ഷണസാധനങ്ങൾ കിട്ടാതെയായി. ഉള്ളതിന് തീ പിടിച്ച വിലയുമായിരുന്നു.

ഈ സമയത്ത് തങ്ങളുടെ മക്കളെ കൊന്നു പുഴുങ്ങിത്തിന്ന് ജീവിച്ച മാതാപിതാക്കളും ഉണ്ടായിരുന്നു. എലിശയായിരുന്നു യിസ്രായേലിലെ അന്നത്തെ പ്രവാചകൻ. ക്ഷാമം ഇത്ര കഠിനമായതിന്റെ ഉത്തരവാദിത്തം യോരാം എലിശ പ്രവാചകന്റെമേൽ ചുമത്തി അദ്ദേഹത്തെ കൊല്ലുന്നതിനായി ഒരുങ്ങി. ഈ അവസരത്തിൽ യഹോവയുടെ നിയോഗപ്രകാരം എലിശ പറഞ്ഞ കാര്യങ്ങൾ 2 രാജാക്കന്മാർ ഏഴാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എലിശ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു. ദൈവകൽപന ലംഘിച്ച് അനർത്ഥങ്ങൾ ആർക്കും ഉണ്ടാകാതിരിക്കട്ടെ.

ചിന്തക്ക് : 'പിന്നെയോ സീയോൻ പർവതത്തിനും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയ യെരുശലേമിനും അനേകായിരം ദൂതന്മാരുടെ സർവസംഘത്തിനും സ്വർഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്‌തത്തിനും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നത്' (എബ്രായർ 12 : 22...24).