വാക്കുകളിലെ മാധുര്യം
റവ. ജോർജ് മാത്യു പുതുപ്പള്ളി
മൂന്നു വർഷത്തെ ശുശ്രൂഷയ്ക്കുശേഷം ഒരു പാസ്റ്റർ അദ്ദേഹത്തിന്റെ സഭയിൽ നിന്നും സ്ഥലം മാറ്റം വാങ്ങി പോകുകയായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും അതെത്തുടർന്നുള്ള പ്രശ്നങ്ങളെയും ചൊല്ലിയായിരുന്നു അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തത് അതുകൊണ്ടുതന്നെ വ്യക്തിപരമായി അദ്ദേഹം ഏറെ ദു:ഖിതനുമായിരുന്നു. യാത്രയയപ്പ് യോഗത്തിൽ വിശ്വാസികൾ അദ്ദേഹത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് സംസാരിക്കുവാൻ തുടങ്ങി.
ആ സഭാശുശ്രൂഷകന്റെ നല്ല കാര്യങ്ങൾ മാത്രമായിരുന്നു അവർക്കു പറയുവാൻ ഉണ്ടായിരുന്നത്. ഒടുവിൽ പാസ്റ്റർ മറുപടി പ്രസംഗത്തിനായി എഴുന്നേറ്റുനിന്നു. അദ്ദേഹം ഗദ്ഗദകണ്ഠനായി ഇങ്ങനെ പറഞ്ഞു : 'ഇത്ര നല്ല വാക്കുകളിൽ ചിലതെങ്കിലും മുമ്പ് നിങ്ങളിൽ ആരെങ്കിലും ഒരിക്കലെങ്കിലും എന്നോട് പറഞ്ഞിരുന്നുവെങ്കിൽ എന്ന് ഇപ്പോൾ ഞാൻ ആശിച്ചുപോകുന്നു.'
മറ്റുള്ളവരെ ക്രൂരമായി വിമർശിക്കുന്നതിൽ നാം എന്നും മുന്നിലാണ്. അവരുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുവാൻ നാം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. എന്നാൽ അവരുടെ നല്ല വശങ്ങൾ കാണാനോ പറയാനോ പലപ്പോഴും നാം മുതിരാറില്ല എന്നതാണ് സത്യം. ഒരാളെ പ്രോത്സാഹിപ്പിക്കുവാനോ ആശ്വസിപ്പിക്കുവാനോ നാം എത്രത്തോളം സമയം കണ്ടെത്താറുണ്ട് ? വളരെ ചുരുക്കം എന്നതായിരിക്കും ഉത്തരം. വാക്കുകൾകൊണ്ട് ആരെയും മുറിപ്പെടുത്തുവാൻ നമുക്കു കഴിയും. അപ്പോൾ തന്നെമുറിവുകൾ കെട്ടുവാനും നമുക്കു കഴിയണം.
മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് തെറ്റാണെന്ന അഭിപ്രായം ഒരിക്കലും ക്രിസ്‌തീയമല്ല. എന്നാൽ ശരിയെ പ്രോത്സാഹിപ്പിക്കുവാനും നമുക്കു കഴിയണമെന്നു മാത്രം. ഇവ രണ്ടും പരസ്പര പൂരകങ്ങളായ കാര്യങ്ങളാണ്. ഇതിൽ ഒന്നു ചെയ്യുവാൻ നമുക്കു കഴിയില്ലെങ്കിൽ അടുത്തതുകൊണ്ട് അർത്ഥമില്ലെന്ന് ഓർക്കേണ്ടതുണ്ട്.ഒരാളുടെ ദോഷത്തിനായി മാത്രം വിമർശനം കെട്ടിപ്പടുക്കരുത്.
മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ട രീതിയെപ്പറ്റി 'ഗിരി പ്രഭാഷണ'ത്തിൽ യേശുകർത്താവ് വിശദീകരിക്കുന്നുണ്ട്. മുമ്പെ സ്വന്തകണ്ണിലെ കോലെടുക്കണമെന്നും എന്നിട്ട് അന്യന്റെ കണ്ണിലെ കരട് എടുക്കുവാൻ ശ്രമിക്കണമെന്നുമാണ് അവിടുത്തെ പ്രതിപാദ്യം. ഇതിന്റെ അർത്ഥം പരിപൂർണ വിശുദ്ധന്മാർക്കു മാത്രമേ മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുവാൻ കഴികയുള്ളൂ എന്നല്ല.
ആർക്കും കഴിയും, പക്ഷെ ആ തെറ്റുകളോടുള്ള നമ്മുടെ സമീപനം എങ്ങനെയായിരിക്കണം എന്നതാണ് പ്രധാന കാര്യം. അത് ക്രിസ്തീയമല്ലാത്ത രീതിയിലാണെങ്കിൽ തിരുത്തിയശേഷം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുവാനാണ് നാം ശ്രമിക്കേണ്ടത്. അപ്പോൾത്തന്നെ മറ്റുള്ളവരിലെ നല്ല കാര്യങ്ങളെ കണ്ട് പ്രോത്സാഹിപ്പിക്കുവാനും നമുക്ക് സാധിക്കണം. 'നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്' എന്ന വചനവും നാം വിസ്മരിച്ചു കളയരുത്.
ചിന്തക്ക് : 'എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത് ? അല്ല, സ്വന്തകണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട് : നിൽക്ക, നിന്റെ കണ്ണിൽനിന്നു കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ ? കപട ഭക്തിക്കാരാ, മുൻപെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തു കളക, പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരട് എടുത്തുകളവാൻ വ്യക്തമായി കാണും' (മത്തായി 7 : 3...5)
Advt.






















