ഞാൻ ആരെ അയക്കേണ്ടൂ ? ആർ നമുക്കുവേണ്ടി പോകും ?

ഞാൻ ആരെ അയക്കേണ്ടൂ ? ആർ നമുക്കുവേണ്ടി പോകും ?

റവ. ജോർജ് മാത്യു പുതുപ്പള്ളി

പ്രതീക്ഷയില്ലാത്ത കാത്തിരിപ്പും, കാത്തിരിപ്പില്ലാത്ത പ്രതീക്ഷയും ശക്തിഹീനമാണ്. കാത്തിരിപ്പിൽ ഒരു ശുഭപ്രതീക്ഷയുണ്ടായിരിക്കണം. അതില്ലാത്ത കാത്തിരിപ്പിന് യാതൊരു പ്രത്യാശയുമില്ല. പ്രതീക്ഷ ഉണ്ടെങ്കിലും അത് സംഭവിക്കുംവരെ കാത്തിരിക്കുവാനുള്ള ക്ഷമയില്ലെങ്കിൽ നമ്മുടെ പ്രതീക്ഷ സഫലമായിത്തീരുകയില്ല.

ഭാരതത്തിലെ ഒരു വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ ഗോണ്ട് വർഗത്തിൽപ്പെട്ട ഗോത്രവാസികളാണ് താമസിച്ചിരുന്നത്. അവിടെ വിദ്യാഭ്യാസം ചെന്നെത്തിയിട്ടുണ്ടാ യിരുന്നില്ല. മന്ത്രവാദവും വിഗ്രഹാരാധനയും അവിടെ പതിവായിരുന്നു. രണ്ട് മിഷനറിമാർക്ക് അവിടെയുള്ളവരോട് സുവിശേഷം പറയുവാൻ ആത്മപ്രേരണയുണ്ടായി. അവർ ആ ഗ്രാമത്തിൽ ചെന്ന് സുവിശേഷം പറഞ്ഞെങ്കിലും ആരും അതത്ര ഗൗരവത്തിൽ എടുത്തില്ല. എന്നിട്ടും പിന്മാറാതെ അവർ അവരോട് സുവിശേഷം പറഞ്ഞുകൊണ്ടിരുന്നു. മാത്രമല്ല, അവരുടെ മാനസാന്തരത്തിനായി മുട്ടിപ്പോടെ പ്രാർത്ഥിച്ചു കൊണ്ടുമിരുന്നു.

ഒരു ദിവസം ഗോത്ര വാസിയായ ഒരാൾക്ക് മദ്യപിച്ചതിനു ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ടു. മിഷനriമാർ പ്രാർത്ഥിച്ചതിനെ തുടർന്ന് അയാളുടെ വയറുവേദന പൂർണമായി ശമിച്ചു. തുടർന്ന് ആ മനുഷ്യൻ മദ്യപാനം ഉപേക്ഷിച്ചു. ഇക്കാര്യം ആ ഗ്രാമത്തിലുള്ള എല്ലാവരും അറിയുവാൻ ഇടയായി. അനേകർ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിനെ അവരുടെ കർത്താവും രക്ഷകനുമായി സ്വീകരിച്ചു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി അവിടെ ഒരു ക്രിസ്തീയ സഭ ഉടലെടുത്തു.

സുവിശേഷം അറിയിക്കേണ്ടതിന്റെയും രക്ഷിക്കപ്പെടേണ്ടതിന്റെയും അനിവാര്യതയെ ക്കുറിച്ചാണ് വിശുദ്ധ പൗലൊസ് റോമാ ലേഖനം അദ്ധ്യായം പത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശമര്യരുടെ ഇടയിൽ എപ്രകാരം സുവിശേഷം ചെന്നെത്തിയതെന്നും സുവിശേഷം എപ്രകാരം അവർ സ്വീകരിച്ചെന്നും അപ്പൊസ്തല പ്രവൃത്തികൾ എട്ടാം അദ്ധ്യായത്തിലും പരാമർശിച്ചിരിക്കുന്നു. ശമര്യർ ഒരു സങ്കരവർഗം ആയിരുന്നു. ജാതീയ ചിന്തകളും യഹൂദാ മതത്തിലെ ആചാരങ്ങളും ഇട കലർത്തിയാണ് അവർ ദൈവത്തെ ആരാധിച്ചിരുന്നത്. വിഗ്രഹാരാധന അവരുടെ ഇടയിൽ വ്യാപിച്ചിരുന്നു. മന്ത്രവാദവും മറ്റും അവരെ ഏറെ ആകർഷിച്ചിരുന്നു.

അവരുടെ ഇടയിലേക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കുക എന്നത് ഏറെ കഠിനമായ വസ്തുതയായിരുന്നു. സുവിശേഷത്തിലേക്ക് ശമര്യരെ ആകർഷിക്കുന്നതിന് ദൈവിക ഇടപെടൽ കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ദൈവം അവിടെ അത്ഭുതങ്ങൾ പ്രത്യക്ഷമായി അവരെ കാണിച്ചത്. മാത്രമല്ല, ശമര്യരെ ഭ്രമിപ്പിച്ചുകൊണ്ടിരുന്ന മന്ത്രവാദിയായ ശീമോനും ക്രിസ്തീയ വിശ്വാസത്തിലേക്ക് വരുവാൻ ഇടയായി. ഏറെ ക്ളേശകരമെന്ന് മനുഷ്യർക്കു തോന്നുന്ന സാഹചര്യങ്ങളിലാണ് ദൈവം തന്റെ പ്രവർത്തനങ്ങളെ മുമ്പോട്ടു നീക്കുന്നത്.

ചിന്തക്ക് : 'കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പടുമെന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും ?അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും ? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും ? ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും ? നന്മ സുവിശേഷിക്കുന്ന വരുടെ കാൽ എത്ര മനോഹരം എന്ന് എഴുതിയിരിക്കുന്നുവല്ലോ' (റോമർ 10 : 13...15).