ഭാരമില്ലാത്ത നുകം ചുമക്കുന്നവരാകാം
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഇംഗ്ലണ്ടിലെ എലിസബേത്ത് രാജ്ഞിയെക്കുറിച്ച് ഇപ്രകാരം ഒരു കഥ കേട്ടിട്ടുണ്ട് : അവരുടെ സഹോദരിയായ മേരി രാജ്ഞിയുടെ കിരീടധാരണ സമയത്ത് അൽപനേരത്തേക്ക് കിരീടം വഹിച്ചുകൊണ്ടു നിൽക്കുവാൻ എലിസബേത്ത് രാജ്ഞി നിയോഗിക്കപ്പെട്ടു. 'ഇതു വളരെ ഭാരമുള്ളതാണ്' എന്ന് എലിസബേത്ത് രാജ്ഞി പരാതിപ്പെട്ടു. അതിനു മറുപടിയായി രാജ്ഞിയുടെ ബന്ധുവായ ഒരു രാജകുടുംബാംഗം പറഞ്ഞു : 'തൽക്കാലം ക്ഷമിക്കുക, ഇത് നിങ്ങളുടെ തലയിൽ വയ്ക്കുന്ന സമയത്ത് അൽപവും ഭാരമുള്ളതായി അനുഭവപ്പെടുകയില്ല.'
ക്രിസ്തീയ ജീവിതത്തിന്റെ മഹത്വം മനസിലാക്കുവാൻ വീണ്ടുംജനനത്താൽ അല്ലാതെ പ്രാകൃത മനുഷ്യന് സാധിക്കുകയില്ല. അത് അവനെ സംബന്ധിച്ചിടത്തോളം ഭാരമുള്ളതാണ്. ദൈവകല്പനകൾ ദൈവമക്കൾക്ക് ഭാരമുള്ളതല്ല. എന്നാൽ ഒരു പ്രാകൃത മനുഷ്യന് അവ തീർച്ചയായും ഭാരമുള്ളവ തന്നെയാണ്. ദൈവിക ശുശ്രൂഷകളും അതിനു വേണ്ടി പ്രത്യേകമായി അഭിഷേകം ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ഭാരമുള്ളവ തന്നെയായിരിക്കും.
'എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവുമാണെന്നാണ് യേശുകർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞത്. എന്നാൽ യേശുവിന്റെ നുകം നാം ഏൽക്കുന്നതിനു മുമ്പായി പാപത്തിന്റെ അമിക്കയറുകളെ പൊട്ടിച്ച് എറിഞ്ഞു കളയേണ്ടത് അനിവാര്യമാണ്. പിശാചിന്റെ നുകവും യേശുവിന്റെ നുകവും ഒരേ സമയം വഹിക്കുക എന്നത് തികച്ചും അസാദ്ധ്യവും ദുഷ്കരവുമായ കാര്യമാണ്. യേശുവിന്റെ നുകം ഒരു പാപിക്ക് ഏറെ ദുസഹമായി തോന്നിയാൽ അതിൽ അത്ഭുതപ്പെട്ടിട്ടു കാര്യമില്ല.
പഴയ നിയമം പഠിക്കുമ്പോൾ ദൈവത്തിന്റെ പെട്ടകം ഫെലിസ്ത്യ പാളയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതായി കാണുവാൻ കഴിയും. എന്നാൽ പെട്ടകത്തെ വ്യവസ്ഥ പ്രകാരം സൂക്ഷിച്ച ഓബേദ് - എദോമിന്റെ ഭവനത്തിൽ പെട്ടകം മുഖാന്തരം വലിയ അനുഗ്രഹങ്ങൾ ഉണ്ടായി. ദൈവത്തിന്റെ നിയമപെട്ടകം യെഹൂദയിൽ നിന്നും കാളവണ്ടിയിൽ കൊണ്ടുവന്നപ്പോൾ സംഹാരം നടന്നു. എന്നാൽ ദൈവത്തിന്റെ വ്യവസ്ഥ പ്രകാരം ദാവീദിന്റെ നഗരത്തിലേക്ക് അത് കൊണ്ടുവന്നപ്പോൾ ജനത്തിന്റെ മദ്ധ്യത്തിൽ മഹാസന്തോഷം ഉണ്ടായി. ദൈവിക ശുശ്രൂഷയുടെ കാര്യത്തിലും ഇതു ശരിയാണ്.
പുരോഹിതന്മാർ യഹോവയാം ദൈവത്തിന്റെ മുമ്പാകെ ശുശ്രൂഷിച്ചപ്പോൾ സ്വർഗത്തിൽനിന്നും ദൈവതേജസ് ഭൂമിയിലേക്ക് ഇറങ്ങിവന്നു. എന്നാൽ അധികാരത്തിന്റെ അഹങ്കാരത്താൽ ദൈവിക ശുശ്രൂഷകൾ ഏറ്റെടുക്കുവാൻ ശ്രമിച്ച ശൗൽ രാജാവും ഉസ്സിയ രാജാവും ദൈവകോപത്തിന് പാത്രീഭൂതരായി. പ്രിയ സഹോദരങ്ങളെ, കർത്താവിന്റെ ശരീരമായ സഭയിൽ വിവിധങ്ങളായ കൃപാവരങ്ങളോടു കൂടെ പ്രത്യേകമായ ശുശ്രൂഷാരംഗങ്ങളിലേക്ക് നാം നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ദൈവിക വ്യവസ്ഥപ്രകാരം വിശുദ്ധിയോടും വിനയത്തോടും നമ്മുക്കത് നിർഹിക്കുവാൻ തയാറാകാം.
ചിന്തക്ക് : 'അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ. എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു' (മത്തായി 11 : 28...30).

