മരണഭയം മാറിപ്പോകട്ടെ

മരണഭയം മാറിപ്പോകട്ടെ

റവ. ജോർജ് മാത്യു പുതുപ്പള്ളി

ർഷങ്ങൾക്കു മുമ്പാണ്. വൈദികനായും പത്രപ്രവർത്തകനായും ഞാൻ പ്രവർത്തിച്ചിരുന്ന സമയം. കുത്തബ്മിനാറിലേക്കുള്ള ഊഷരവഴിയിലൂടെ 'മാതൃഭൂമി' പത്രത്തിലേക്കുള്ള പുതുമയാർന്ന വാർത്തകൾക്കു വേണ്ടി കാഴ്ചകൾ കണ്ട് ഞാൻ നടക്കുകയായിരുന്നു. നേരംപോയത് അറിഞ്ഞില്ല. പ്രകൃതിയിൽ ഇരുൾ പരന്നിരുന്നു. ദൂരെ ഒരു ചെറിയ ദേവാലയം കണ്ടപ്പോൾ ഞാൻ അവിടേക്കു നടന്നു.

തൊട്ടടുത്തുള്ള പാഴ്സണേജിൽ നിന്നും ബ്രിട്ടീഷ് സ്ലാങ്‌ ഉള്ള ഇംഗ്ളീഷിൽ ആരോ വിശുദ്ധ ബൈബിളിലെ 1 കൊരിന്ത്യർ പതിനഞ്ചാം അദ്ധ്യായം വായിക്കുന്നത് ഞാൻ കേട്ടു. വായന കഴിഞ്ഞപ്പോൾ ഞാൻ കോളിങ് ബെല്ലിൽ വിരലമർത്തി. പരിചാരകൻ വന്നു വാതിൽ തുറന്നു. ളോഹധാരിയായ എന്നെ പൂമഖത്തെ കസേരയിൽ ഇരുത്തി. അല്പം കഴിഞ്ഞപ്പോൾ ഏകദേശം 80 വയസ് പ്രായമുള്ള സുന്ദരിയായ ഒരു ബ്രിട്ടീഷ് അമ്മച്ചി വന്ന് എന്നെ പരിചയപ്പെട്ടു.

അമ്മച്ചിയുടെ ഭർത്താവ് ആ ആംഗ്ലിക്കൻ ദേവാലയത്തിലെ വൈദികനായിരുന്നു. അച്ചൻ മരിച്ചതിനു ശേഷം അമ്മച്ചി പരിചാരകർക്കൊപ്പം പാഴ്സണേജിലാണ് താമസം. മക്കളൊക്കെ ബ്രിട്ടനിലാണ്. അവർ എനിക്ക് ജ്യൂസും പഴവർഗങ്ങളും നൽകി. പിന്നീട് 1 കൊരിന്ത്യർ പതിനഞ്ചാം അദ്ധ്യായത്തെ ആസ്പദമാക്കി സംസാരിക്കാൻ തുടങ്ങി. യേശുകർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചും അമ്മച്ചി എന്നോട് വാചാലമായി സംസാരിച്ചു. തന്റെ അരുമരക്ഷകനും ദൈവവുമായ യേശുവിനെ കാണാൻ തന്റെ കണ്ണുകൾ കൊതിക്കുന്നതായും അമ്മച്ചി എന്നെ അറിയിച്ചു.

മരണഭയം ലേശവുമില്ലാത്ത ഒരു വിശുദ്ധയെ ഞാൻ അവരിൽ കണ്ടു. യേശുകർത്താവ് അവർക്കു ജീവിക്കുന്ന സത്യദൈവമായിരുന്നു. 'നിത്യത' (Eternity) അവർക്ക് പകൽപോലെ യാഥാർത്ഥ്യമായിരുന്നു. യേശുകർത്താവിലുള്ള എന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുവാൻ ആ ക്രിസ്തുഭക്തയുടെ വാക്കുകൾ എന്നിൽ ശക്തി പകർന്നു. പ്രിയരേ, നമ്മിലുള്ള വിശ്വാസവും പ്രത്യാശയും എപ്രകാരമുള്ളത് ? നാം മരണഭയത്തിൽനിന്നും പൂർണ്ണമായി മോചനം പ്രാപിച്ചവരോ ? സ്വയമായി ശോധന ചെയ്തുനോക്കുക.

ചിന്തക്ക് : 'ഞാൻ ഒരു മർമം നിങ്ങളോടു പറയാം. നാം എല്ലാവരും നിദ്ര കൊള്ളുകയില്ല. എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും, കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത്‌ അമർത്യത്തെയും ധരിക്കണം. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്തെയും ധരിക്കുമ്പോൾ 'മരണം നീങ്ങി ജയം വന്നിരിക്കുന്നു' എന്ന് എഴുതിയ വചനം നിവൃത്തിയാകും. ഹേ, മരണമേ, നിന്റെ നിന്റെ ജയം എവിടെ ? ഹേ, മരണമേ, നിന്റെ വിഷമുള്ള് എവിടെ ? മരണത്തിന്റെ വിഷമുള്ള് പാപം പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നൽകുന്ന ദൈവത്തിനു സ്തോത്രം' (1 കൊരിന്ത്യർ 15 : 51...57)

Advertisement