ദൈവസൃഷ്ടിയിലെ മണിമകുടം

ദൈവസൃഷ്ടിയിലെ മണിമകുടം

റവ. ജോർജ് മാത്യു പുതുപ്പള്ളി

രിചയസമ്പന്നനായ ഒരു ഡോക്ടറുടെ മുമ്പിൽ ശസ്ത്രക്രിയ യ്ക്കു വേണ്ടി കിടത്തിയിരുന്ന ഒരു രോഗിയോട് 'ഈ മുറിയിൽ ഏറ്റവും പ്രാധാന്യമുള്ള വ്യക്തി ആരാണെന്ന്' ഡോക്ടർ ചോദിച്ചു. ആ രോഗി പലതും ചിന്തിച്ചു. എന്നിട്ട് പറഞ്ഞു 'അങ്ങയെ സഹായിക്കുന്ന നേഴ്സിനാണ് പ്രാധാന്യം.'ഡോക്ടർ പറഞ്ഞു : 'ഒരിക്കലുമല്ല, ഈ മുറിയിൽ പ്രാധാന്യമർഹിക്കുന്ന വ്യക്തി ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ പോകുന്ന താങ്കൾ തന്നെയാണ്.' ഇതു കേട്ടപ്പോൾ രോഗിക്ക് വളരെ ആശ്വാസം തോന്നി തന്നെ എത്ര വലിയവനായിട്ടാണ്ഇവർ കരുതുന്നതെന്ന ചിന്ത രോഗിയെ സന്തോഷിപ്പിച്ചു. അതുകൊണ്ട് യാതൊരുവിധ ഭയത്തിനും തനിക്ക് അവകാശമില്ലെന്ന ബോധം ആ രോഗിയെ ഭരിച്ചു.

രോഗിയിൽ ഇപ്രകാരമുണ്ടായ മനോഭാവം വിജയകരമായ ഒരു ശസ്ത്രക്രിയയ്ക്ക് വഴി തെളിക്കുകയും താമസിയാതെ ആ രോഗി സുഖം പ്രാപിക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ മുമ്പിൽ ഒരു രോഗി എത്രമാത്രം പ്രാധാന്യമുള്ളവനായിരിക്കുന്നുവോ അത്രമാത്രം രോഗിക്ക് ആശ്വാസവും സൗഖ്യവും ലഭിക്കും. ഇപ്രകാരമുള്ള ചിന്ത രോഗിയുടെ മനസിനെ തീർച്ചയായും ധൈര്യപ്പെടുത്തുന്നതാണ്. 

ദൈവത്തിന്റെ ദൃഷ്ടിയിൽ ഈ ലോകത്തിൽ പാപികളെയാണ് ദൈവം വിലയേറിയവരായി കണ്ടത്. വേറൊരു തരത്തിൽ പറഞ്ഞാൽ, മനുഷ്യനാണ് ദൈവത്തിന്റെ കാഴ്ചപ്പാടിൽ വിലയുള്ളവർ. മനുഷ്യൻ ഈ ലോകത്തിലുള്ളതിനെ വിലയുള്ളതായി കാണുമ്പോൾ ദൈവം വിലയുള്ളതായി കാണുന്നത് മനുഷ്യനെയാണ്. ദൈവത്തിന് ആവശ്യം മനുഷ്യനെയാണ്. പാപികളെ രക്ഷിക്കുവാനാണ് യേശുക്രിസ്തു ലോകത്തിൽ മനുഷ്യനായി അവതരിച്ചത്. ഒരു പാപിപോലും നഷ്ടപ്പെട്ടവനായിത്തീരരുതെന്ന് സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നു.

തമിഴിലെ 'തിരുക്കുറളിൽ' ഇപ്രകാരം ഒരു ചിന്തയുണ്ട് : 'പടൈത്തലവൻ പടപ്പെല്ലാം മനുവുക്കാകെ, മനുവെ പടൈത്തതോ നമ്മെ അറിന്ത് വണങ്കയ്' (ഈ ലോകത്തിലുള്ള സകലതും മനുഷ്യനു വേണ്ടിയാണ് ദൈവം സൃഷ്ടിച്ചത്. എന്നാൽ മനുഷ്യനെ ഉണ്ടാക്കിയതോ ദൈവത്തെ അറിഞ്ഞു നമസ്കരിക്കുന്നതിനു വേണ്ടിയാണ്.) ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹം അത്യഗാധമാണ്. മനുഷ്യന്റെ ചിന്തയിൽനിന്നും ദൈവസ്നേഹത്തെ മനസിലാക്കുവാൻ കഴിയുന്നതല്ല. 

പ്രിയമുള്ളവരേ, സ്നേഹിക്കപ്പെടുവാൻ യാതൊരുവിധ അർഹതയും ഇല്ലാതിരുന്ന അവസ്ഥയിലാണ് ദൈവം നമ്മെ സ്നേഹിച്ചത്. ഇത് ദൈവത്തിനു നമ്മോടുള്ള കരുതലിനെയാണ് കൂടുതൽ വ്യക്തമാക്കുന്നത്.

ചിന്തക്ക് : 'നീ അവനെ ദൈവത്തെക്കാൾ അൽപം മാത്രം താഴ്ത്തി, തേജസും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴെയാക്കിയിരിക്കുന്നു. ആടുകളെയും കാളകളെയും എല്ലാം, കാട്ടിലെ മൃഗങ്ങളെയൊക്കെയും, ആകാശത്തിലെ പക്ഷികളെയും, സമുദ്രത്തിലെ മത്സ്യങ്ങളെയും, സമുദ്ര മാർഗത്തിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ. ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു (സങ്കീർത്തനങ്ങൾ 8 : 5...9).