ഇരുമനസ് യഹോവ വെറുക്കുന്നു

ഇരുമനസ് യഹോവ വെറുക്കുന്നു

റവ. ജോർജ് മാത്യു പുതുപ്പള്ളി

മേരിക്കയിൽ ആഭ്യന്തര യുദ്ധം നടക്കുന്ന കാലത്ത് തെക്കു കിഴക്കെ അതിർത്തിയിൽ താമസിച്ചിരുന്ന മനുഷ്യനെപ്പറ്റിയുള്ള കഥ ഇങ്ങനെയാണ് : ഈ മനുഷ്യൻ രണ്ടു പാർട്ടിയിലും ഉൾപ്പെടുവാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ രണ്ടു കൂട്ടരെയും പ്രസാദിപ്പിക്കണമെന്നു കരുതി യൂണിയൻ പട്ടാളക്കാർ ധരിക്കുന്ന പാന്റും, കോൺഫെഡറേറ്റ് പട്ടാളക്കാർ ധരിക്കുന്ന ജാക്കറ്റുമായിരുന്നു ഇദ്ദേഹം ധരിച്ചിരുന്നത്. 

രണ്ടു കൂട്ടരും തനിക്ക് ആവശ്യമുള്ളവരെന്നു കണ്ടിട്ടാണ് ഇപ്രകാരമുള്ള വേഷം ധരിച്ചിരുന്നത്. എന്നാൽ ഒരു ദിവസം ഇദ്ദേഹം യുദ്ധത്തിന്റെ നടുവിൽ അകപ്പെട്ടു. യൂണിയൻ പട്ടാളക്കാർ അദ്ദേഹത്തിന്റെ ജാക്കറ്റിൽ വെടിവച്ചു. കോൺഫെഡറേറ്റ് സൈനികർ അദ്ദേഹം ധരിച്ചിരുന്ന പാന്റിനും വെടിവച്ചു. അങ്ങനെ ആ മനുഷ്യൻ രണ്ടു കൂട്ടരുടെയും വെടിയേറ്റു മരിച്ചുവീണു.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും ചില തീരുമാനങ്ങൾ കൈക്കൊള്ളേണ്ട അവസരങ്ങൾ വന്നു ചേരാറുണ്ട്. ആ അവസരങ്ങളിൽ യാതൊരു തീരുമാനത്തിലും എത്തിച്ചേരാൻ നമുക്കു സാധിക്കുന്നില്ലെങ്കിൽ അതു നമ്മുടെ വ്യക്തിത്വത്തിന്റെ ബലഹീനതയാണ് തെളിയിക്കുന്നത്. ഇപ്രകാരമുള്ളവരെപ്പറ്റിയാണ് ഇരുതോണിയിൽ യാത്ര ചെയ്യുന്നവരെന്ന് ലോകം വിധിയെഴുതുന്നത്.

വാസ്തവത്തിൽ ഇരുതോണിയിൽ യാത്ര ചെയ്യുവാൻ ആർക്കും സാധിക്കുകയില്ല. 

ഇരുതോണിയിൽ കാൽവച്ച് യാത്ര ചെയ്യുന്നവർ തീർച്ചയായും വെള്ളത്തിൽ വീഴും. ഇങ്ങനെയുള്ളവരെപ്പറ്റിയാണ് യേശുകർത്താവ് 'രണ്ട് യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ലെന്ന്' പറഞ്ഞിരിക്കുന്നത്. പകയും സ്നേഹവും ഒരുപോലെ നിലനിൽക്കുന്നതല്ല. ഒരിക്കൽ ഇതിന്റെ കെണിയിൽ അപ്രകാരമുള്ളവർ അകപ്പെടുകതന്നെ ചെയ്യും.

ദൈവത്തെയും മാമ്മോനെയും സ്നേഹിച്ച ഒരു കുടുംബത്തെക്കുറിച്ച് അപ്പൊസ്തലപ്രവൃത്തി കൾ അഞ്ചാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട്. അനന്യാസും ഭാര്യ സഫീറയും. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ അവരും സ്ഥാനം പിടിച്ചിരുന്നു. ക്രിസ്തീയവിശ്വാസികൾ ചെയ്തതുപോലെ അവരും ചെയ്തു. ത്യാഗത്തിന്റെ തെളിവായി അവർ അവരുടെ വസ്തുക്കൾ വിറ്റ് പണം അപ്പൊസ്തലന്മാരുടെ കാൽക്കൽ വച്ചു.

മറ്റുള്ള വിശ്വാസികൾ കാണിച്ചതുപോലെയൊക്കെ അവരും പാടുകയും പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്തിരിക്കാം. ആത്മീയത്തിന്റെ ചലനങ്ങളിൽ അവരും ഉൾപ്പെട്ടിട്ടുണ്ടാകും. എന്നാൽ അവരുടെ ഉള്ളിൽ എതിർശക്തിയായ സാത്താനും ഇടംകൊടുത്തിരുന്നതുകൊണ്ടാണ് പരിശുദ്ധാത്മാവിന് എതിരെ വ്യാജം കാണിക്കുവാൻ അവർ തയാറായത്. നമുക്കും പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കാതിരിക്കുവാൻ ശ്രമിക്കാം.

ചിന്തക്ക് : 'പത്രൊസ് അവളോട് : കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത് ? ഇതാ, നിന്റെ ഭർത്താവിനെ കഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്. അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു. ഉടനെ അവൾ അവന്റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു. ബാല്യക്കാർ അകത്തുവന്ന് അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കഴിച്ചിട്ടു. സർവസഭയ്ക്കും ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി' (അപ്പൊ. പ്രവൃത്തികൾ 5 : 8...11).

Advertisement