രാജസ്‌ഥാനിൽ രണ്ട് മലയാളി പാസ്‌റ്റർമാർക്ക് എതിരെ കേസ്
ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ കോട്ടയിൽ രണ്ട് മലയാളി പാസ്‌റ്റർമാർക്കെതിരെ കേസെടുത്തു. സംസ്ഥാനത്തു പാസാക്കിയ മത പരിവർത്തന നിരോധന നിയമ പ്രകാരം റജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.
ഡൽഹിയിൽ താമസിക്കുന്ന ചാണ്ടി വർഗീസ്, കോട്ടയിൽ താ മസിക്കുന്ന അരുൺ ജോൺ എന്നിവർക്കെതിരെയാണു കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തത്. വിശ്വഹിന്ദു പരിഷത്, ബജ്റങ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
തിരുവല്ല സ്വദേശിയായ ചാണ്ടി വർഗീസ് വർഷങ്ങളായി ഡൽഹിയിലാണു താമസം.
കോട്ടയിലെ ബേർശേബ ചർച്ച ഓഫ് ഗോഡിൽ നടന്ന ആത്മീയ സത്സംഗിൽ ഇവർ ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ചെന്നും മതപരിവർത്തനം നടത്തിയെന്നുമാണു പരാതിയിൽ പറയുന്നത്.
ഇരുവരെയും അറസ്‌റ്റ് ചെയ്തിട്ടില്ല. 3 ദിവസത്തിനകം വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ടെന്നു ബോർഖേഡ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
Advt.

























