കൊടുംകുറ്റവാളിയെ മോചിപ്പിക്കാനുള്ള നീക്കം അപലപനീയം: ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ
കോട്ടയം: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും ജീവനോടെ തീയിട്ടു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ ഉൾപ്പെടെയുള്ള കുറ്റവാളികളെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മോചിപ്പിക്കാൻ ആലോചിക്കുന്ന ഒഡിഷ സർക്കാരിന്റെ നിലപാടിൽ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (CCF) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മോചനകാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ഒഡിഷ സർക്കാരിന്റെ സ്ക്രീനിംഗ് കമ്മിറ്റിയോട് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, മാതൃകാപരമായ ശിക്ഷ അനുഭവിക്കേണ്ട ക്രൂരനായ ഒരു ഭീകരപ്രതിയാണ് ഇയാളെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒരു വിദേശ മിഷനറിയെയും അദ്ദേഹത്തിന്റെ പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന പ്രതിക്ക്, അപേക്ഷ പരിഗണിച്ചു മോചനം നൽകിയാൽ അത് മറ്റു കുറ്റവാളികൾക്ക് നൽകുന്ന തെറ്റായ പരിലാളനയും പ്രോത്സാഹനവുമായി മാറുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. മതേതരത്വത്തിന് മാതൃകയായ ഭാരതത്തിൽ എല്ലാ മതവിശ്വാസികൾക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടെന്നും ഈ വിഷയത്തിൽ ഒഡിഷ സർക്കാർ നീതിപൂർവമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.
ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് റെജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപരക്ഷാധികാരി തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പാ, ഉപദേശക സമിതി അംഗം എം. പി. ജോർജ് കോർ എപ്പിസ്കോപ്പാ, ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു, ട്രഷറർ ഡോ. റോബിൻ പി. മാത്യു, സെക്രട്ടറിമാരായ അഡ്വ. മനോജ് തേക്കടം, അഡ്വ. ജോൺസൺ മാത്യു, കേരള ക്രിസ്ത്യൻ ബിസിനസ് ഫോറം കോട്ടയം ജില്ലാ പ്രസിഡന്റ് ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.





