ഇന്ത്യൻ സൈക്ലിംഗ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് പാനലിലേക്ക് കെസിയ വർഗീസ്


ഇന്ത്യൻ സൈക്ലിംഗ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് പാനലിലേക്ക് കെസിയ വർഗീസ്
ad
ad
ad

2028 ഒളിമ്പിക്സ് ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങളെ സജ്ജമാക്കാൻ ഇനി പരിശീലക നിരയിൽ; യു.സി.ഐ. ലെവൽ 3 കോച്ചിംഗ് കോഴ്സ് പൂർത്തിയാക്കിയ ആദ്യ മലയാളി വനിത

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

കൊച്ചി: അന്താരാഷ്ട്ര സൈക്ലിംഗ് മത്സരങ്ങളിൽ വേഗതയും മികവും തെളിയിച്ച മുൻതാരം കെസിയ വർഗീസ് ഇന്ത്യൻ സൈക്ലിംഗ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിനായി ഇന്ത്യൻ സൈക്ലിംഗ് താരങ്ങളെ സജ്ജമാക്കുകയെന്ന നിർണായക ദൗത്യത്തിൽ പങ്കാളിയാകാൻ ഒരുങ്ങുകയാണ് 35-കാരിയായ കെസിയ.

ഇന്റർനാഷണൽ സൈക്ലിംഗ് യൂണിയന്റെ (യുസിഐ.) സ്വിറ്റ്സർലൻഡിലെ ആസ്ഥാനമായ ഐഗിളിലുള്ള വേൾഡ് സൈക്ലിംഗ് സെന്ററിൽ സംഘടിപ്പിച്ച ലെവൽ 3 എലൈറ്റ് കോച്ചിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയെന്ന നേട്ടവും കെസിയ സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി.) ഒളിമ്പിക് സോളിഡാരിറ്റി സ്കോളർഷിപ്പിന്റെ പിന്തുണയോടെയാണ് ഈ പരിശീലനപരിപാടിയിൽ പങ്കെടുത്തത്. 2026 സെപ്റ്റംബർ 30-ന് സമാപിച്ച മൂന്നാഴ്ച നീണ്ട കോഴ്സിൽ വിവിധ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 വനിതാ പരിശീലകരാണ് പങ്കെടുത്തത്.

രാജ്യാന്തര മത്സരങ്ങളിൽ ആറു മെഡലുകളും ദേശീയതലത്തിൽ 84 മെഡലുകളും നേടിയിട്ടുള്ള കെസിയ, കായികതാരമെന്ന നിലയിൽ നേടിയ അനുഭവസമ്പത്ത് പരിശീലനരംഗത്തും പ്രയോജനപ്പെടുത്തുകയാണ്. കഴിഞ്ഞ നാലുവർഷമായി കേരളത്തിന്റെ സംസ്ഥാന സൈക്ലിംഗ് പരിശീലകയായി സേവനമനുഷ്ഠിച്ചുവരുന്ന കെസിയ, ഇടുക്കി സ്വദേശിനിയാണ്. നിലവിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ അസിസ്റ്റന്റായും ജോലി ചെയ്യുന്നു.

അന്താരാഷ്ട്രതലത്തിൽ നേടിയ പരിശീലനമികവും മത്സരപരിചയവും ഉപയോഗപ്പെടുത്തി ഇന്ത്യൻ സൈക്ലിംഗ് താരങ്ങളുടെ പ്രകടനശേഷി വർധിപ്പിക്കുക, ആധുനിക പരിശീലനരീതികളും മത്സരതന്ത്രങ്ങളും പ്രയോജനപ്പെടുത്തുക, രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ മെഡൽസാധ്യതകൾ മെച്ചപ്പെടുത്തുക എന്നിവയാണ് കെസിയയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങൾ.

2028 ഒളിമ്പിക്സിനായുള്ള ഇന്ത്യൻ സൈക്ലിംഗ് ടീമിന്റെ തയ്യാറെടുപ്പുകളിൽ പങ്കാളിയാകാനുള്ള അവസരം കെസിയയുടെ കായികജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ്. താരമെന്ന നിലയിൽ തുടങ്ങി പരിശീലകയായി ദേശീയതലത്തിൽ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അവരുടെ നേട്ടം കേരളത്തിനും ഇന്ത്യൻ സൈക്ലിംഗിനും അഭിമാനകരമാണ്. വനിതകൾക്ക് കായികപരിശീലനരംഗത്ത് ഉയർന്ന തലങ്ങളിലേക്ക് കടന്നുവരാനും അന്താരാഷ്ട്രതലത്തിൽ മികവ് തെളിയിക്കാനും കെസിയയുടെ മുന്നേറ്റം പ്രചോദനമാകും.