കുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ട്  നിയന്ത്രിച്ചില്ലെങ്കിൽ ഇടപെടും: സുപ്രീം കോടതി


കുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ട്  നിയന്ത്രിച്ചില്ലെങ്കിൽ ഇടപെടും: സുപ്രീം കോടതി
ad
ad
ad

ന്യൂഡൽഹി: 18 വയസ്സിൽ താഴെയുള്ളവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിയന്ത്രിക്കാൻ കേന്ദ്രം നടപടിയെടുത്തില്ലെങ്കിൽ ഐടി നിയമപ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്ന് സുപ്രീം കോടതി. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. നിയന്ത്രണം കൊണ്ടുവരാൻ സന്നദ്ധമാണെന്നു സർക്കാർ കോടതിയെ അറിയിച്ചു.

കുട്ടികളിലെ സമൂഹമാധ്യമ, ഡിജിറ്റൽ ഉപയോഗം സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്' നൽകിയ പൊതുതാൽപ്പര്യ ഹർജിയാണു പരിഗണിച്ചത്. വിഷയം ഡിജിറ്റൽ വ്യക്തി വിവര സുരക്ഷ നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് പ്രാഥമികമായി തോന്നുന്നതെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇക്കാര്യം നിയമത്തിൽ ഉൾപ്പെടുന്നില്ലെങ്കിൽ ഹർജി ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി.

എന്നാൽ, നിയമം 2027-ലാണ് പൂർണമായി പ്രാബല്യത്തിൽ വരികയെന്ന് ഹർജിക്കാർ വാദിച്ചു. കുട്ടികൾക്കു സമൂഹമാധ്യമ അക്കൗണ്ട് എടുക്കാൻ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന വ്യവസ്ഥ മറ്റൊരു നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയുമെന്നു തുഷാർ മേത്ത ചൂണ്ടിക്കാട്ടി. 18 വയസ്സ് എന്ന കുറഞ്ഞ പരിധി ലംഘിക്കാത്ത തരത്തിൽ ക്രമീകരണം ഉറപ്പാക്കണമെന്നു കോടതി പറഞ്ഞു.

12 മുതൽ 15 വയസ്സുവരെയുള്ളവർക്കുപോലും സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടെന്നും ഇക്കാര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് ആവശ്യമായ നിർദ്ദേശം നൽകണമെന്നും ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.