പാസ്റ്റർ സെല്ലിത്ത്സൺ ടിഗേറ്റ് സാങ്മ  കർത്തൃസന്നിധിയിൽ

പാസ്റ്റർ സെല്ലിത്ത്സൺ ടിഗേറ്റ് സാങ്മ   കർത്തൃസന്നിധിയിൽ

ഡൈനഡുബി: വടക്കുകിഴക്കൻ ഇന്ത്യയുടെ 'അപ്പോസ്തലൻ' എന്നറിയപ്പെട്ടിരുന്ന പാസ്റ്റർ സെല്ലിത്ത്സൺ ടിഗേറ്റ് സാങ്മ കർത്താവിൽ നിദ്രപ്രാപിച്ചു.

കുറച്ചു കാലമായി ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഗുവാഹത്തിയിലെ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്.

 മേഘാലയയിലെ ഡൈനഡുബി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന അദ്ദേഹം അസം, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സഭകൾ സ്ഥാപിക്കുന്നതിലും സുവിശേഷ പ്രചരണത്തിലും സജീവമായിരുന്നു.

മസീഹി മണ്ടലി അസോസിയേഷന്റെ    നോർത്ത് ഈസ്റ്റ് റീജിയണൽ കോർഡിനേറ്ററായി അദ്ദേഹം വിശ്വസ്ത സേവനം കാഴ്ചവെച്ചു.

അദ്ദേഹം തന്റെ ശുശ്രൂഷാമേഖലയിൽ ഒരു സമാധാനകാംക്ഷിയായും ഐക്യത്തിന്റെ ശുശ്രൂഷകനായും പ്രവർത്തിച്ചുവെന്ന് തെളിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 153 നക്സലൈറ്റുകളുടെ കീഴടങ്ങൽ സാധ്യമാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അതുമാത്രമല്ല, അദ്ദേഹം അവരെയെല്ലാം കർത്താവിനായി നേടുകയും ചെയ്തു. ഇതിലൂടെ അദ്ദേഹം തന്റെ പ്രദേശത്ത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും ശുശ്രൂഷകനായി പ്രവർത്തിച്ചതായി തെളിയിച്ചു.മിലിറ്റന്റ് ക്യാമ്പുകളിൽ നേരിട്ട് ചെന്ന് അവരുമായി സംവദിക്കാനുള്ള ധീരത അദ്ദേഹം കാട്ടി.

അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സാമൂഹിക സേവനങ്ങളെ മാനിച്ച് നാല് വർഷം മുമ്പ് മേഘാലയ സർക്കാർ അദ്ദേഹത്തിന് ഒരു എയർ കണ്ടീഷൻഡ് മഹീന്ദ്ര ബൊലെറോ വാഹനം സമ്മാനമായി നൽകി ആദരിച്ചിരുന്നു. ഭാരതത്തിൽ ഒരു ക്രൈസ്തവ ശുശ്രൂഷകന് ലഭിക്കുന്ന അപൂർവ്വമായ അംഗീകാരമാണിത്.

ആത്മീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. അദ്ദേഹത്തിന്റെ വേർപാട് മസീഹി മണ്ടലി അസോസിയേഷന്റെ വടക്കുകിഴക്കൻ ഇന്ത്യയിലെ വിശ്വാസ സമൂഹത്തിനു നികത്താനാവാത്ത വലിയൊരു നഷ്ടമാണ്.

ഭാര്യയും ആറ് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മക്കളിൽ ഭൂരിഭാഗവും പിതാവിന്റെ പാത പിന്തുടർന്ന് ശുശ്രൂഷാ രംഗത്ത് സജീവമാണ്.

പാസ്റ്റർ സെല്ലിത്ത്സൺ സാങ്മയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സഭാംഗങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. വടക്കുകിഴക്കൻ ഇന്ത്യയുടെ സുവിശേഷ ജ്വാലയായ പാസ്റ്റർ സെല്ലിത്ത്സൺ സാങ്മയുടെ വേർപാടിൽ പാസ്റ്റർ സജി മാത്യു  അനുശോചനം രേഖപ്പെടുത്തി.

Advertisement