വചനത്തിന്റെ ശുശ്രൂഷകർക്ക് ദിശാബോധം നൽകുന്ന ചിന്തകൾ: ഗ്രന്ഥ പരിചയം
ഗ്രന്ഥ പരിചയം:
വചനത്തിന്റെ ശുശ്രൂഷകർക്ക് ദിശാബോധം നൽകുന്ന ചിന്തകൾ
പി.എസ്. ചെറിയാൻ
പാസ്റ്റേഴ്സ് ഫോക്കസ് - റെജി മൂലേടം
“Swift things are Beautiful:
Swallows and deer,
And lightning that falls,
Bright- veined and clear…”എന്ന് അമരിക്കൻ എഴുത്തുകാരി എലിസബത്ത് കോട്സ്വർത്തിന്റെ (1893) ഒരു കവിതയുണ്ട്. ഒരു നൂറ്റാണ്ടോളം മുമ്പ് അവർ പറഞ്ഞ വേഗത്തിന്റെയും ചെറിയ വസ്തുക്കളുടെയും സൗന്ദര്യം ഇന്ന് കൂടുതൽ പ്രസക്തമാകുന്നുണ്ട്. വേഗത്തിലുള്ള കാഴ്ച, വായന എന്നിവയുടെ പ്രസക്തി വർദ്ധിച്ച സാഹചര്യത്തിൽ വൃഥാസ്ഥൂലതയില്ലാതെ ഗദ്യരചന ചുരുക്കത്തിലും ലാളിത്യത്തിലും ആകുമ്പോൾ അതിന്റെ സംവേദനക്ഷമതയും ലാവണ്യവും വർദ്ധിക്കും. ഇത്തരം രചനകളുടെ ഒരു സമാഹാരമാണ് പാസ്റ്റർ റെജി മൂലേടത്തിന്റെ ‘പാസ്റ്റേഴ്സ് ഫോക്കസ്’.
സമഗ്രതയും ഓജസും പ്രസാദാത്മകതയും ഉള്ള ശുദ്ധമായ ഗദ്യത്തിൽ രചിച്ച ഈ ഗ്രന്ഥം സഭാശുശ്രൂഷകരെയും സുവിശേഷവേലക്കാരെയും ആണ് ലക്ഷ്യമിടുന്നത്. കുടുംബം പണിയുമ്പോൾ, മിസ്ഡ് കോൾ, ലോട്ടോസ് ഈറ്റേഴ്സ് എന്നീ കൃതികൾക്കുശേഷം ശ്രദ്ധേയമായ ഗ്രന്ഥമാണ് പാസ്റ്റേഴ്സ് ഫോക്കസ്.
ദൈവികശുശ്രൂഷ, ശുശ്രൂഷയുടെ അടിസ്ഥാനം, ശുശ്രൂഷയും ജീവിതവും, ശുശ്രൂഷകന്റെ ദൗത്യം എന്നിങ്ങനെ നാലു ഭാഗങ്ങളിൽ വിഷയം അവതരിപ്പിക്കുന്നു. നിയോഗവും നിയമനവും എന്ന പ്രഥമ ലേഖനം തന്നെ ക്രിസ്തീയ ശുശ്രൂഷയുടെ മഹത്വം വെളിപ്പെടുത്തുന്നു. “ദൈവിക ശുശ്രൂഷയ്ക്ക് നിയോഗമാണ് കൂടുതൽ പ്രധാനം. കേവലം ഒരു പ്രസ്ഥാനത്തിന്റെ കൂലിക്കാരായിട്ടല്ല, ദൈവിക നിയമനം ലഭിച്ചവരാണെന്ന് തിരിച്ചറിവുള്ളവർ ആയിരിക്കണം പാസ്റ്റേഴ്സ്”എന്ന് ഗ്രന്ഥകാരൻ കുറിക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ ഓരോ ശുശ്രൂഷകനും ഹൃദയംകൊണ്ട് സ്വീകരിക്കേണ്ടതാണ്.
പുൾപിറ്റിൽ കേൾക്കേണ്ടത് എന്ന അധ്യായം വചന ശുശ്രൂഷയിലെ വിശ്വസ്തതയും ഉപദേശത്തിന്റെ കേൾവിയുടെ അനിവാര്യതയും ഊന്നിപ്പറയുന്നു. വലിയ മുറിവും ലഘു ചികിത്സയും എന്ന അധ്യായം സഭാശുശ്രൂഷകന്റെ ഗൗരവതരമായ ഉത്തരവാദിത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു. തിരുത്തലകളും ശാസനകളും ആത്മശുദ്ധീകരണവും വചന ശുശ്രൂഷയിൽ ഉണ്ടാകണമെന്ന് ഗ്രന്ഥകാരൻ പറയുന്നു. “രക്ഷിക്കപ്പെടുവാൻ ഒരു മിനിറ്റും സ്നാനപ്പെടുവാൻ അഞ്ച് മിനിറ്റും മതിയെങ്കിൽ ഏറ്റുപറഞ്ഞ വിശ്വാസത്തിൽ നിലനിൽക്കാൻ ഒരായുസ്സ് മുഴുവൻ ആവശ്യമായിരിക്കെ, അതിനായി അവരെ സജ്ജരാക്കുന്ന പ്രക്രിയയാണ് സഭയിൽ നടക്കേണ്ടതും ശുശ്രൂഷകന്മാർ ലക്ഷ്യമിടേണ്ടതും” എന്ന നിർദ്ദേശം ഒരു സമൂഹത്തെ ക്രിസ്തുവിനായി ഒരുക്കിയെടുക്കുന്ന ആത്മീയ ഉത്തരവാദിത്വത്തെ വ്യക്തമാക്കുന്നു. വെറും പൊങ്ങച്ചവും പ്രകടനവും നടത്തുന്ന പ്രഭാഷകർക്ക് ഇതൊരു സാരോപദേശമാണ്; ലക്ഷ്യാധിഷ്ഠിത വചന ശുശ്രൂഷയുടെ (Preaching with End in View) ആഹ്വാനവും ആണ്.
ശുശ്രൂഷകന്റെ മൂന്ന് സാക്ഷികൾ, ഇടയന്മാർ പലവിധം, ഗുഡ് സർവീസ് എൻട്രി, നക്ഷത്രങ്ങൾ വീഴുമ്പോൾ,നിലപാടും നിലവാരവും, ദാവീദോ ദാവീദ് പുത്രനോ തുടങ്ങിയ അധ്യായങ്ങൾ വേറിട്ട ചിന്തകൾ പങ്കുവെച്ച് വായനക്കാരനെ വചന സത്യങ്ങളിലേക്ക് നയിക്കുന്നു. വചനത്തിന്റെ ശുശ്രൂഷ ചെയ്യുന്നവർക്ക് ദിശാബോധം നൽകുന്ന ഈ ഗ്രന്ഥം ഏതൊരു ശുശ്രൂഷകനെയും കർമ്മോത്സുകനാക്കുകയും ദൗത്യ ബോധ്യത്തിലേക്ക് കൊണ്ടുവരികയും ചെയ്യും. ഒഎം ൻ്റെ ഒതൻ്റിക് ബുക്സ് ആണ് പ്രസാധകർ.
Advertisement



























































































