നിലപാടും നിലവാരവും

നിലപാടും നിലവാരവും

നിലപാടും നിലവാരവും

മ്മിശ്ര വികാരങ്ങളുടെയും പ്രതികരണങ്ങളുടേയും വിളനിലമായി ഒരു സഭ മാറുന്ന സമയമാണ് ശുശ്രൂഷകരുടെ സ്ഥലമാറ്റ കാലം. സഭാജനങ്ങള്‍ പക്ഷം, പ്രതിപക്ഷം, നിഷ്പക്ഷം എന്നീ നിലകളില്‍ ഗ്രൂപ്പുകളായിപ്പോലും തിരിയാന്‍, ചിലപ്പോള്‍ സ്ഥലമാറ്റം കാരണമാകാറുണ്ട്.

സഭയിലുള്ള എല്ലാവരുടേയും അംഗീകാരം എല്ലായിപ്പോഴും ഒരു ശുശ്രൂഷകന് ലഭിക്കുകയെന്നത് അസാധാരണമാണ്. കാരണം, സഭാനാഥനായ കര്‍ത്താവിന് പോലും അതുണ്ടായതായി തെളിവില്ല. ആദ്യമായി, പള്ളിയില്‍ നടത്തിയ ശുശ്രൂഷയുടെ തുടക്കത്തില്‍ അവിടെയുണ്ടായിരുന്നവരുടെ പ്രതികരണം: എല്ലാവരും അവനെ പുകഴ്ത്തി. അവന്റെ വായില്‍ നിന്നും പുറപ്പെടുന്ന ലാവണ്യവാക്കുകള്‍ നിമിത്തം ആശ്ചര്യപ്പെട്ടു (ലൂക്കോ. 4:22). എന്നാല്‍ പ്രസംഗം അവസാനിച്ചപ്പോഴേക്കും പ്രതികരണത്തിന് പാടേ മാറ്റം വന്നു. 'പള്ളിയിലുള്ളവര്‍ ഇത് കേട്ടിട്ട് എല്ലാവരും കോപം നിറഞ്ഞവരായി... തലകീഴായി തള്ളിയിടുവാന്‍ ഭാവിച്ചു' (വാക്യം 29)

എന്തുകൊണ്ട് സ്ഥലംമാറ്റ സമയം സഭാന്തരീക്ഷം അലോസരപ്പെടുത്തുന്നു? സഭയിലുള്ള എല്ലാവരോടും ഒരുപോലെയുള്ള സമീപനവും നിലപാടും സ്വീകരിക്കാന്‍ കഴിയാത്തതാണ് ഒരു പ്രധാന കാരണം. വ്യത്യസ്തമായ നിലപാടുകള്‍ വിവിധ വിഭാഗത്തിലുള്ളവരെ ഉണ്ടാക്കിയെടുക്കുന്നുവെന്ന് ഓര്‍ക്കുക. ഒട്ടും ഊഷ്മളമല്ലാത്ത യാത്രയയപ്പ് യോഗം, യാത്ര അയക്കുന്നതിലുള്ള ഉദാസീനത, മുഴുവന്‍ വിശ്വാസികളുടേയും പങ്കാളിത്തമില്ലായ്മ ഇവയെല്ലാം അനുഭവിച്ചറിഞ്ഞുകൊണ്ട് സ്ഥലം മാറിപ്പോകാതിരിപ്പാന്‍ ഏറെ മുന്‍കരുതലുകള്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ നമ്മെ അത് കൂടുതല്‍ അസ്വസ്തരാക്കാം.

പട്ടണത്തിലെ ഒരു സഭയില്‍ നിന്നും സ്ഥലം മാറിപ്പോയ പാസ്റ്റര്‍ക്ക്, ആശംസ പ്രസംഗത്തിലൂടെ ലഭിച്ച മംഗളപ്ത്രം ഇങ്ങനെ ആയിരുന്നു: 'ഒരു പാസ്റ്റര്‍ എങ്ങനെ ആയിരിക്കരുത് എന്ന് കാണിച്ചു തന്ന ഒരു വ്യക്തിത്വമായിരുന്നു ഇദ്ദേഹം.'

കൂടുതല്‍ കരുതലോടെ നിലപാടുകള്‍ കൈക്കൊള്ളാന്‍ ശുശ്രൂഷകര്‍ക്ക് കഴിയണം. നിലപാടുകള്‍ എന്തെല്ലാമെന്നും എങ്ങനെയെന്നും വളരെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇടയലേഖനങ്ങളില്‍ നല്‍കിയിട്ടുണ്ട്. പ്രശ്‌നങ്ങളില്ലാത്ത ഒരു സഭയും ഉണ്ടാകില്ല. വലിയ സഭയില്‍ കൂടുതല്‍ പ്രശ്‌നങ്ങളും ചെറിയ സഭയില്‍ കുറച്ചും ആയിരിക്കും എന്നുമാത്രം. എന്നാല്‍, ആ പ്രശ്‌നങ്ങളോടുള്ള നമ്മുടെ പ്രതികരണവും സമീപനവും എന്താണെന്നതിനാണ് പ്രാധാന്യം. അത്, പ്രശ്‌നം പരിഹരിക്കപ്പെടാനും ചിലപ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കപ്പെടാനും കാരണമാകാമെന്ന് തിരിച്ചറിയണം.

രണ്ടാമതായി, അറിഞ്ഞോ അറിയാതെയോ ഒരു വ്യക്തിയുടേയോ വിഭാഗത്തിന്റെയോ പക്ഷം പിടിക്കുന്നതാണ് പല പ്രശ്‌നങ്ങള്‍ക്കും മൂലകാരണം. അതുകൊണ്ടാണ്, ജൂനിയര്‍ പാസ്റ്റര്‍ക്ക് പൗലോസ് കൃത്യമായി മുന്നറിയിപ്പ് നല്‍കിയത്. 'നീ പക്ഷമായി ഒന്നും ചെയ്യാതെ കണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം' (Doing nothing with partiality). ഈ തത്വം എല്ലായിപ്പോഴും എല്ലായിടത്തും പാലിച്ചാല്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാം. എല്ലാവരോടും തുല്യനീതി നടപ്പാക്കണം എന്നര്‍ത്ഥം.

അപ്പോ.പ്രവ. 20ല്‍ പൗലോസിന് എഫസോസില്‍ വച്ച് നല്‍കിയ യാത്രയയപ്പ് യോഗത്തിലെ വിടവാങ്ങല്‍ സന്ദേശവും തുടര്‍ന്നുണ്ടായ വികാരനിര്‍ഭരമായ രംഗവും കാണാന്‍ കഴിയും. ആ സന്ദേശം എക്കാലത്തുമുള്ള ശുശ്രൂഷകന്മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി (guidelines) മനസ്സിലാക്കാം. 

പൗലോസിന്റെ ചില നിലപാടുകള്‍ ഇവിടെ വ്യക്തമാക്കുമ്പോള്‍, ശുശ്രൂഷാ ജീവിതത്തില്‍ താനെടുത്ത ഒന്നാമത്തെ ശൈലി, ഓര്‍പ്പിക്കുന്നു....'വളരെ താഴ്മയോടും കണ്ണുനീരോടും... കര്‍ത്താവിനെ സേവിച്ചു' (വാക്യം 19). ഒരു ശുശ്രൂഷകന്റെ മുഖമുദ്രയായി താഴ്മയും കണ്ണുനീരും മാറുമ്പോള്‍, ആരും ശുശ്രൂഷയോടും, ജീവിതത്തോടും എതിര്‍ക്കാന്‍ അല്പം മടിക്കും. കാരണം, അത് കര്‍ത്താവിന്റെ സ്വഭാവവും ശൈലിയും തന്നെയാണ്.

ദൈവവചനത്തോടുള്ള പ്രതിപത്തിയും അര്‍പ്പണവും മാത്രമല്ല, ആരുടേയും മുഖം നോക്കാതെയും, ആരേയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കാതെയുമുള്ള വചനശുശ്രൂഷ എങ്ങനെ ആയിരിക്കണമെന്നും കൃത്യമായി ശുശ്രൂഷകരെ ഓര്‍മ്മപ്പെടുത്തുകയാണിവിടെ. 'പ്രയോജനമുള്ളത് ഒന്നും മറച്ചുവയ്ക്കാതെ... നിങ്ങളോട് ഉപദേശിക്കുകയും ചെയ്തു.' (വാക്യം 20). ജനത്തിന് 'പ്രയോജനമുള്ളത് ഒന്നും മറയ്ക്കാതെ' വചനശുശ്രൂഷ നടത്തുവാന്‍ ഒരു ശുശ്രൂഷകന് പ്രാഗത്ഭ്യം ഉണ്ടായിരിക്കണം. ചിലതൊക്കെ പറയാതെ മറച്ചുവച്ചാല്‍, പാസ്റ്റര്‍മാര്‍ക്ക് ചില 'പ്രയോജന'ങ്ങള്‍ ഉണ്ടായേക്കാം. മാത്രമല്ല, വീണ്ടും പൗലോസ്: 'ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവെയ്ക്കാതെ ഞാന്‍ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ...' സ്ഥലം മാറിപോകും മുമ്പ് ഇങ്ങനെയൊക്കെ ശുശ്രൂഷ നടത്താന്‍ കഴിയുന്ന എത്ര പാസ്റ്റര്‍മാരുണ്ടാകും?

മൂന്നാമതായി, പണത്തോടുള്ള തന്റെ നിലപാടും വ്യക്തമാക്കുന്നു. 'ഞാന്‍ ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ മോഹിച്ചിട്ടില്ല. പ്രാപ്തിയില്ലാത്തവരെ സഹായിക്കുകയും... ഞാന്‍ എല്ലാംകൊണ്ടും നിങ്ങള്‍ക്ക് ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു' (33-35)

ഇങ്ങനെയൊക്കെ ഉന്നതമായ നിലപാടുകള്‍ ജീവിതത്തിലും ശുശ്രൂഷയിലും പെരുമാറ്റത്തിലും സ്വീകരിച്ച പൗലോസ് എന്ന സീനിയര്‍ പാസ്റ്റര്‍, നമുക്ക് ഒരു വെല്ലുവിളിയായി നില്‍ക്കുന്നു. വികാരനിര്‍ഭരമായി മാറിയ കടല്‍ത്തീരത്തെ യാത്രയയപ്പ് രംഗം ആരേയും ഹഠാദാകര്‍ഷിക്കത്തക്കതാണ്. ''പ്രാര്‍ത്ഥിച്ചു, എല്ലാവരും വളരെ കരഞ്ഞു, ചുംബിച്ചു, കപ്പലോളം വന്ന് യാത്രയയച്ചു.'' കൃത്യമായ നിലപാടുകള്‍ ഓരോ വിഷയത്തിലും എടുക്കുമെങ്കില്‍, ജീവിതവും ശുശ്രൂഷയും സ്വഭാവവും ദൈവഹിതപ്രകാരം നിര്‍വഹിക്കുമെങ്കില്‍, യാത്രയയപ്പിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാനിടയാകും. മാത്രമല്ല, ഇത്തരം നിലപാടുകള്‍ നാം എടുക്കുമ്പോള്‍ നിലവാരമുള്ള ഒരു ശുശ്രൂഷകനായി മാറുകയും ചെയ്യുന്നു.

Advertisement