നിറഞ്ഞ മനസോടെ ദൈവനിയോഗത്തിന്റെ സാക്ഷ്യമായി പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ
അമേരിക്കയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സംഗമമായ പിസിനാക് (PCNAK) കോൺഫറൻസിന്റെ നാൽപ്പതാം കോൺഫറൻസ് അനുഗ്രഹമായി സമാപിച്ചപ്പോൾ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ഗുഡ്ന്യൂസിൽ പങ്കുവെക്കുന്നു.

പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസണുമായി നടത്തിയ അഭിമുഖം | തയ്യാറാക്കിയത്: കുര്യൻ ഫിലിപ്പ്
? നാൽപ്പതാമത് പിസിനാക് കോൺഫറൻസ് ഏറ്റെടുത്ത് നടത്തുവാൻ ഉണ്ടായ പ്രചോദനം എന്താണ്
ഇതൊരു പ്രചോദനമെന്നതിലുപരി ഒരു ദൈവനിയോഗമായിട്ടാണ് ഞാൻ കാണുന്നത്. ആരോഗ്യപ്രശ്നങ്ങൾ മൂലം ശുശ്രൂഷകളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്ന സമയത്താണ് ദൈവം ചില പ്രവാചകന്മാരിലൂടെ ഈ വലിയ സമ്മേളനത്തിന് നേതൃത്വം നൽകണം എന്ന ദൂത് എനിക്ക് നൽകുന്നത്. 'ശുശ്രൂഷ നിർത്തരുത്' എന്നതായിരുന്നു ആ ദൂത്. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന്, വ്യത്യസ്തരായ വ്യക്തികളിലൂടെ ഒന്നിലധികം തവണ ഈ നിർദ്ദേശം ലഭിച്ചപ്പോൾ ഞാൻ അത് ദൈവഹിതമായി സ്വീകരിച്ചു. ശുശ്രൂഷാ രംഗത്തെ എന്റെ മുൻപരിചയം പരിഗണിച്ച്, അമേരിക്കയിലെ പല സുഹൃത്തുക്കളും പിസിനാക് പോലുള്ള ഒരു വലിയ കൂട്ടായ്മയുടെ നേതൃത്വത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദൈവഹിതവും സഹപ്രവർത്തകരുടെ ആഗ്രഹവും ഒത്തുചേർന്നപ്പോൾ ഞാൻ ഈ ഉത്തരവാദിത്തം ഏറ്റെടുത്തു.
? കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
പിസിനാക് രണ്ടുവർഷത്തിലൊരിക്കൽ മതിയെന്ന ജനറൽ ബോഡിയുടെ തീരുമാനം ആദ്യമായി പ്രാവർത്തികമാക്കിയ കോൺഫറൻസാണിത്. ഈ രണ്ടുവർഷം ഞങ്ങൾക്ക് ലഭിച്ചത് വലിയൊരു അനുഗ്രഹമായി. തുടക്കത്തിൽ ഹോട്ടലുകളും കൺവെൻഷൻ സെന്ററുകളും ബുക്ക് ചെയ്യാൻ ചെന്നപ്പോൾ പലതും നേരത്തെ ബുക്ക് ചെയ്യപ്പെട്ടിരുന്നു എന്നത് ചെറിയൊരു പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ ദൈവകൃപയാൽ ഇത്തവണ ഷംബർഗ് കൺവെൻഷൻ സെന്ററും അനുബന്ധ ഹോട്ടലുകളും കൃത്യസമയത്ത് ലഭിച്ചു. പല സ്ഥലങ്ങളിലും പ്രമോഷണൽ മീറ്റിങ്ങുകൾ നടത്താൻ സാധിച്ചു. നാഷണൽ സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ്, ഡോ. ജോനാഥൻ ജോർജ്, ജീന വിൽസൺ തുടങ്ങി നാഷണൽ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി അംഗങ്ങളും വളരെ സജീവമായി കൂടെ നിന്നു. എന്റെ ലോക്കൽ സഭയിലെ പാസ്റ്ററൽ ടീം സഭാ പ്രവർത്തനങ്ങൾ മുടങ്ങാതെ നോക്കിയതുകൊണ്ട് എനിക്ക് പൂർണ്ണസമയം കോൺഫറൻസ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചു.
? അങ്ങയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്
ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ എന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. സങ്കീർണ്ണവും ഗുരുതരവുമായ ചില ശസ്ത്രക്രിയകൾക്ക് ഞാൻ വിധേയനായിട്ടുണ്ട്. ഹൂസ്റ്റണിൽ നടന്ന ആദ്യത്തെ നാഷണൽ കമ്മിറ്റിയിൽ പങ്കെടുക്കാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് ദൈവം എന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി. ദീർഘദൂര യാത്രകൾ ചെയ്യാനും ഭാര്യയോടൊപ്പം വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കാനുമുള്ള ആരോഗ്യം ദൈവം തന്നു.
ലോക്കൽ ഭാരവാഹികളോടൊപ്പം
? കോൺഫറൻസ് അനുഗ്രഹമായി സമാപിച്ചപ്പോൾ പ്രവർത്തനങ്ങളിൽ അങ്ങ് സംതൃപ്തനാണോ
തീർച്ചയായും. ഞാൻ പൂർണ്ണ സംതൃപ്തനാണ്. നാഷണൽ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ചിക്കാഗോയിലെ പ്രാദേശിക സഭകൾ, ദൈവദാസന്മാർ തുടങ്ങി എല്ലാവരും ഐക്യത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ കോൺഫറൻസ്.
? ഈ കോൺഫറൻസിലൂടെ അങ്ങ് ലക്ഷ്യമിട്ട ദൗത്യം സഫലമായോ
ദൈവമക്കളുടെ ഐക്യത തന്നെയാണ് പ്രധാന ലക്ഷ്യം. നോർത്ത് അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹം നേരിടുന്ന വെല്ലുവിളികൾ കണ്ടെത്തി പരിഹരിക്കാനും, നമ്മുടെ വിശ്വാസവും ഉപദേശങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറാനും ഈ സമ്മേളനം കാരണമാകണം. മറ്റു മതവിഭാഗങ്ങളെപ്പോലെ, അമേരിക്കൻ പൊതുധാരയിൽ അവഗണിക്കപ്പെടാത്ത ഒരു സമൂഹമായി നമുക്ക് വളരണം. പിതാക്കന്മാർ ഏൽപ്പിച്ച ആത്മീയ ദൗത്യം കാത്തുസൂക്ഷിച്ച്, കർത്താവിന്റെ വരവുവരെ അത് തുടരാൻ ഈ കോൺഫറൻസ് വഴിയൊരുക്കട്ടെ എന്നതാണ് എന്റെ പ്രാർത്ഥന.
നന്ദി പ്രകാശനം
ഈ കോൺഫറൻസിന് നൽകിയ പിന്തുണയ്ക്ക് ഗുഡ്ന്യൂസ് ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യുവുമായി ചേർന്ന് മുമ്പ് പി.വൈ.പി.എ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് ഓർക്കുന്നു. എല്ലാ സഹകരണങ്ങൾക്കും നന്ദി.

ഒരു ലഘുപരിചയം.
ചിക്കാഗോ പിസിനാക് കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ മികച്ചൊരു സംഘാടകനും വാഗ്മിയുമാണ്. പ്രശസ്തനായ പത്തിച്ചിറ യോഹന്നാൻ എന്ന പ്രവാചകന്റെ കൊച്ചുമകനാണ്. ഐപിസിയിലെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ.ജെ. ജോർജാണ് പിതാവ്. ഐപിസി. ഹെബ്രോണിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം, ഇപ്പോൾ 'സെലിബ്രേഷൻ ചർച്ച്' എന്നറിയപ്പെടുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നു. ചാപ്ലൈനായും സേവനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ഭാര്യ ജോയിസ് ആണ്.

