വിശ്വാസം മുറുകെപ്പിടിക്കുന്ന പ്രവാസി മലയാളികൾ എന്നും അഭിമാനം: മുഖ്യമന്ത്രി വി.ഡി.സതീശൻ

വിശ്വാസം മുറുകെപ്പിടിക്കുന്ന പ്രവാസി മലയാളികൾ എന്നും അഭിമാനം: മുഖ്യമന്ത്രി വി.ഡി.സതീശൻ
ad
ad
ad

ചിക്കാഗോ: ജന്മനാടും വീടും വെടിഞ്ഞ് അമേരിക്കയിൽ ജീവിക്കുമ്പോഴും യേശുക്രിസ്തു പഠിപ്പിച്ച മാർഗങ്ങളും അചഞ്ചലമായ വിശ്വാസവും മുറുകെപ്പിടിച്ച് ജീവിക്കുന്ന ദൈവമക്കളായ നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. നാൽപതാമത് പിസിനാക് കോൺഫറൻസിന് നൽകിയ പ്രത്യേക ആശംസ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നാഷണൽ മീഡിയ കോർഡിനേറ്റർ കുര്യൻ ഫിലിപ്പ് ഈ ആശംസ സന്ദേശം വായിച്ചു.

​"സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു; അത് അഹരോന്റെ തലയിലെ വിശേഷതൈലം പോലെയും, സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമോന്യ മഞ്ഞുപോലെയും ആകുന്നു; അവിടെയല്ലേ യഹോവ അനുഗ്രഹവും ശാശ്വതജീവനും കൽപ്പിച്ചിരിക്കുന്നത്" എന്ന 133-ാം സങ്കീർത്തന വചനങ്ങൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ ആശംസ. പ്രവാസഭൂമിയിലെ ഈ വലിയ കൂട്ടായ്മ മനുഷ്യ മോചനത്തിനും വീണ്ടെടുപ്പിനുമായി തീരട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരള മുഖ്യമന്ത്രിയുടെ സന്ദേശം കുര്യൻ ഫിലിപ്പ് വായിക്കുന്നു.

പ്രവാസജീവിതം നയിക്കുമ്പോഴും തങ്ങളുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന പ്രവാസി സമൂഹം, സ്വന്തം നാടായ കേരളത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി പ്രാർത്ഥനയോടും സഹകരണത്തോടും കൂടെ നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ സൂചിപ്പിച്ചു. കോൺഫറൻസിന് എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും നേർന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ, എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അറിയിച്ചു.