നമ്മുടെ മുറ്റം പുള്‍പ്പിറ്റുകളാകട്ടെ: പാസ്റ്റര്‍ ബാബു ചെറിയാന്‍

നമ്മുടെ മുറ്റം പുള്‍പ്പിറ്റുകളാകട്ടെ: പാസ്റ്റര്‍ ബാബു ചെറിയാന്‍

ടോണി ഡി. ചെവ്വൂക്കാരന്‍

'സുവിശേഷസന്ദേശം ജനഹൃദയങ്ങളില്‍ എത്തിക്കുവാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം 'മുറ്റത്ത് കണ്‍വന്‍ഷന്‍' തന്നെ; ആ കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എന്‍റെ അനുഭവത്തില്‍ നിന്നാണ് ഞാനിതു പറയുന്നത്'. പ്രശസ്ത കണ്‍വന്‍ഷന്‍ പ്രഭാഷകനും ഐപിസി പിറവം സെന്‍റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബാബു ചെറിയാന്‍ പറഞ്ഞു. 

'കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു; യുവജനങ്ങള്‍ ലഹരിയുടെ മായാവലയത്തില്‍പെട്ട് നശിച്ചുകൊണ്ടിരിക്കുകയാണ്. എവിടെയും അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും ആത്മഹത്യകളുടെയും മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തകളാണ് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ഈ സമയം തക്കത്തില്‍ ഉപയോഗിച്ച്,  നിരാശയിലും, വേദനയിലും കടന്നുപോകുന്നവന്‍റെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് സുവിശേഷം പങ്കുവെക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി നമ്മുടെ സഭകളും സംഘടനകളും കേരളമാകെ മുറ്റത്തു കണ്‍വന്‍ഷനുകള്‍ നടത്തി ജനങ്ങളെ മാനസാന്തരത്തിലേക്കും രക്ഷയിലേക്കും നയിക്കുവാന്‍ മുന്നോട്ടു വരണമെന്നും പാസ്റ്റര്‍ ബാബു ചെറിയാന്‍ ആഹ്വാനം ചെയ്തു. 
ഈ ലക്ഷ്യം മുന്നില്‍കണ്ട് മുറ്റത്തു കണ്‍വന്‍ഷനുകള്‍ നടത്തുവാന്‍ മുന്നോട്ടു വന്ന ഗുഡ്ന്യൂസിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

വാഹനാപകടത്തെതുടര്‍ന്ന് പിറവത്തെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന പാസ്റ്റര്‍ ബാബു ചെറിയാനെ സന്ദര്‍ശിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ സ്നേഹാന്വേഷണത്തിനൊടുവില്‍ നടന്ന സൗഹൃദസംഭാഷണം മുറ്റത്തു കണ്‍വന്‍ഷന്‍റെ പ്രയോജനത്തെക്കുറിച്ചുള്ള ആവേശോജ്ജ്വലമായ ചര്‍ച്ചയായി മാറി. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സജി മത്തായി കാതേട്ട്, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ടോണി ഡി. ചെവ്വൂക്കാരന്‍, മാധ്യമ പ്രവര്‍ത്തകന്‍ സാം കൊണ്ടാഴി എന്നിവരാണ് സന്ദര്‍ശക സംഘത്തില്‍ ഉണ്ടായത്.

ശാരീരിക ക്ഷീണവും കാലിന്‍റെ വേദനയും മറന്ന് ഉള്ളില്‍ തിരതള്ളിയ ആത്മീയാവേശത്തോടെ പാസ്റ്റര്‍ ബാബു ചെറിയാന്‍ 'മുറ്റത്തു കണ്‍വന്‍ഷനെ'ക്കുറിച്ച് വാചാലനായി: ഒരു വീട് എന്നു പറഞ്ഞാല്‍ സാധാരണയായി അപ്പനും അമ്മയും മക്കളും എല്ലാം ചേര്‍ന്നതാണല്ലോ. കേരളത്തിലാണെങ്കില്‍ അയല്‍വീട്ടുകാര്‍ തമ്മില്‍ മതമോ ജാതിയോ നോക്കാതെ പരസ്പരം എല്ലാ കാര്യത്തിലും അന്യോന്യം സഹകരണം കാണിക്കുന്നവരാണ്. അതുകൊണ്ട് നമ്മുടെ വീട്ടുമുറ്റത്തു നടക്കുന്ന സുവിശേഷയോഗത്തില്‍ നിശ്ചമായും അയല്‍പക്കക്കാര്‍ വന്നു ചേരും. അതേസമയം, നാട്ടില്‍ നല്ല സാക്ഷ്യം പുലര്‍ത്തുന്നവരാകണം യോഗം നടത്തുന്ന വീട്ടുകാര്‍. നമ്മുടെ വീട്ടിലെ ഒരു ചടങ്ങിന് വിളിക്കുന്നതുപോലെ നമുക്ക് അയല്‍ക്കാരെ ക്ഷണിക്കാന്‍ കഴിയും. എല്ലാവരും മുറ്റത്തു വന്ന് ഇരുന്നില്ലെങ്കിലും വരുവാന്‍ കഴിയാത്ത കുറെ പേര്‍ അവരവരുടെ വീട്ടില്‍ ഇരുന്നു ദൈവവചനവും പാട്ടും കേള്‍ക്കും.
നാം നടത്തുന്ന സുവിശേഷയോഗം ഒരു സഭയുടെയോ സംഘടനയുടെയോ എന്നതിലുപരി ആ വീട്ടുകാരുടെ മീറ്റിംഗ് എന്ന നിലയില്‍ നടത്തുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. മുറ്റത്തു കണ്‍വന്‍ഷനുകള്‍ക്ക് ചിലവ് കുറവാണ്. വലിയ സൗണ്ട് സിസ്റ്റം, പബ്ലിസിറ്റി, വാള്‍പോസ്റ്റ് തുടങ്ങിയ ആര്‍ഭാടങ്ങളൊന്നും ആവശ്യമില്ല.
ലക്ഷങ്ങള്‍ ചിലവഴിച്ചു നടത്തുന്ന കണ്‍വന്‍ഷനുകളില്‍ ഒന്നോരണ്ടോ ആളുകളായിരിക്കും ദൈവവചനം കേള്‍ക്കാന്‍ പുറമെ നിന്നും വരുന്നവര്‍. മുറ്റത്തു കണ്‍വന്‍ഷനില്‍ ജനങ്ങളുടെ എണ്ണം കുറവായിരിക്കാം. എന്നാല്‍, വരുന്നവരെല്ലാം ആത്മദാഹത്തോടെ ക്രൂശിന്‍റെ സന്ദേശം കേള്‍ക്കാന്‍ വരുന്നവരാണ്.
ഇത്തരം മീറ്റിംഗുകളില്‍ സുവിശേഷം അല്ലാതെ മറ്റൊന്നും പ്രസംഗിക്കരുത്.
കാത്തിരിപ്പുയോഗം പോലെ മുറ്റത്ത് കണ്‍വന്‍ഷന്‍ ആകരുത്. സന്ദേശം ജനങ്ങള്‍ക്ക് മനസിലാകും വിധം ശാന്തമായും ലളിതമായും പ്രസംഗിക്കണം. നാം പാടുന്ന പാട്ടുകളും ജനങ്ങളില്‍ സത്യ സുവിശേഷത്തിന്‍റെ പൊരുള്‍ പകരുന്നവയായിരിക്കണം.

പ്രാര്‍ഥനയും ജനഹൃദയങ്ങളെ സ്പര്‍ശിക്കുന്നവയായിരിക്കണം. ആത്മാക്കളെ നേടുവാന്‍ കഴിയുന്ന, നമ്മുടെ പ്രയത്നത്തിന്‍റെ റിസള്‍ട്ട് നമുക്ക് ലഭിക്കുന്ന ഏറ്റവും ശ്രേഷ്ഠമായത് മുറ്റത്ത് കണ്‍വന്‍ഷന്‍ തന്നെയാണ് - പാസ്റ്റര്‍ ബാബു ചെറിയാന്‍ പറഞ്ഞു.

ഈ ചര്‍ച്ചയിലുടനീളം സജീവമായി പങ്കെടുത്ത മറ്റൊരു കര്‍ത്തൃ ശുശ്രൂഷകന്‍ അവിടെയുണ്ടായിരുന്നു.
ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മിനിസ്റ്റേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയും തൃശൂര്‍ ഡിസ്ട്രിക്റ്റ് ശുശ്രൂഷകനുമായ പാസ്റ്റര്‍ കെ.വി. ഷാജു. നിരവധി മുറ്റത്ത് കണ്‍വന്‍ഷനുകള്‍ നടത്തുന്ന പാസ്റ്റര്‍ ഷാജുവും അനുഭവങ്ങളുടെ ചെപ്പു തുറന്ന് വസ്തുതകള്‍ നിരത്തിവച്ചു:നമ്മുടെ ചെറുപ്പക്കാര്‍ക്ക് ആത്മീയമായി വളരുവാന്‍ പറ്റിയ അവസരങ്ങളാണ് മുറ്റത്ത് കണ്‍വന്‍ഷനുകളിലൂടെ ലഭ്യമാകുന്നത്.

പാടുവാനും പ്രസംഗിക്കുവാനും കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ഒരുക്കണം. വലിയ പ്രസംഗകരെത്തേടിപ്പോകേണ്ടതില്ല. നല്ലവണ്ണം സുവിശേഷം പ്രസംഗിക്കുന്ന വളര്‍ന്നു വരുന്ന പ്രഭാഷകരെ മുറ്റത്തെ പുള്‍പ്പിറ്റില്‍ എത്തിക്കണം.
നോട്ടീസ് വിതരണം ചെയ്തു അയല്‍ക്കാരെ ക്ഷണിക്കുവാനും ലഘുലേഖകള്‍ വിതരണം ചെയ്യുവാനും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും യുവജനങ്ങള്‍ക്ക് കഴിയും. അവരുടെ വ്യക്തിജീവിതം സാക്ഷ്യമുള്ളതാക്കാനും ചെറുപ്പക്കാര്‍ പരിശ്രമിക്കും.

സഭകള്‍ വളരുവാനും ദേശം അനുഗ്രഹിക്കപ്പെടുവാനും മുറ്റത്തെ കണ്‍വന്‍ഷനിലൂടെ മാത്രമേ സാധ്യമാവൂ എന്ന് പാസ്റ്റര്‍ കെ.വി. ഷാജു പറഞ്ഞു. സൂര്യന്‍റെ ചൂടു പുറത്തുയരുമ്പോള്‍ ഹൃദയത്തില്‍ ചൂടുപിടിച്ചവരുടെ ചര്‍ച്ചയും കത്തിജ്വലിക്കുകയായിരുന്നു.

വീട്ടുമുറ്റത്ത് കൺവെൻഷൻ നടത്തണോ? ഗുഡ്‌ന്യൂസുമായി ബന്ധപെടുക

കോട്ടയം: നമ്മുടെ ഓരോ ഭവന മുറ്റവും പുൾപ്പിറ്റാക്കാൻ -'മുറ്റത്തൊരു പുൾപ്പിറ്റ്' - നിങ്ങളോടൊപ്പം ഗുഡ്ന്യൂസും ഉണ്ടാകും. അതിനു വേണ്ട എല്ലാ ക്രമീകരണങ്ങളിലും ഗുഡ്ന്യൂസ് സഹായിക്കുന്നതാണ്.

വീടിന്റെ മുറ്റത്ത് കൺവെൻഷൻ സംഘടിപ്പിക്കുന്ന ഗുഡ്‌ന്യൂസിന്റെ ഒരു സുവിശേഷീകരണ പദ്ധതിയാണ് 'മുറ്റത്തൊരു പുൾപ്പിറ്റ്'. ഈ വർഷം 50 ഇടങ്ങളിലെങ്കിലും പുൾപ്പുറ്റൊരുക്കാനാണ് ഗുഡ്ന്യൂസ് ആഗ്രഹിക്കുന്നത്. 

ഈ ആത്മീയ മുന്നേറ്റത്തോടൊപ്പം പങ്കുചേരാനാഗ്രഹിക്കുന്നവർ നിങ്ങളുടെ സ്ഥലം, ഉദ്ദേശിക്കുന്ന തീയതി, പ്രസംഗകർ എന്നിവ ഗുഡ്ന്യൂസിനെ സദയം അറിയിക്കുക.

ബന്ധപ്പെടാനുള്ള ഫോൺ: 9447372726, 9961940485

Advertisement