ഉണർവ് ഒരു വിചിന്തനം
ഉണർവ് ഒരു വിചിന്തനം
ഡോ. ജെയിംസ് ജോർജ് വെണ്മണി
ഉണർവ് ഒരു 'വൃത്ത'ത്തിനു സമാനമാണ്. ആരംഭിക്കുന്ന ബിന്ദുവിൽ തന്നെ അവസാനിക്കുമ്പോഴാണ് വൃത്തം പൂർണ്ണമാകുന്നത്. ദൈവമാണ് ഉണർവിന്റെ പ്രചോദനവും ഉറവിടവും. ശാക്തീകരണത്തിന്റെ ഉറവിടമായ ദൈവം പ്രാർത്ഥിക്കുവാനുള്ള വാഞ്ച മനുഷ്യ മനസ്സിൽ നിക്ഷേപിക്കുന്നു. നല്ല ബോധ്യങ്ങളും ശരിയായ നിലപാടുകളും ജീവിത സമർപ്പണവുമായി ദൈവത്തിങ്കൽ അത് തിരികെ എത്തുമ്പോൾ ഉണർവിന്റെ ആ :വൃത്തം' പൂർത്തീകരിക്കപ്പെടും. ദൈവം അയച്ചിട്ടാണ് ഒരോ ഉണർവും സംഭവിക്കുന്നത്. 'മാർക്കറ്റിംഗ് തന്ത്രങ്ങളും' 'മൈലേജ് വർദ്ധിപ്പിക്കലും' യഥാർത്ഥ ഉണർവിന്റെ പിന്നിൽ ഉണ്ടാവുകയില്ല. ക്രൂശിന്റെ മറവിൽ മറയുവാനും, ക്രൂശിതനായ ക്രിസ്തുവിന്റെ മഹത്വം പരക്കുവാനും ഉണർവ് നിർബന്ധിക്കുന്നു. മനുഷ്യനിലൂടെ ദൈവരാജ്യം ഭൂമിയിൽ വളരുമ്പോഴാണ് ഉണർവ് ശരിയായ ദിശയിലൂടെ സഞ്ചരിക്കുന്നത്.
സഹജവും (Nature) ആർജ്ജിതവുമായവ (Nurture) വ്യക്തിത്വ വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. മന:ശാസ്ത്ര വീക്ഷണങ്ങൾ ഈ യാഥാർത്ഥ്യത്തെ സാധൂകരിക്കുന്നു. എന്നാൽ മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്ന മറ്റൊരു നിർണായകമായ ഘടകമുണ്ട്. ഇത് പലപ്പോഴും മനശാസ്ത്രത്തിന് ഗോപ്യമായിരിക്കുന്ന സത്യമാണ്. ജീവന്റെ ഉറവിടമായ യേശുവിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളാണിത്. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാണ് എന്ന ബൈബിൾ അടിസ്ഥാനം, മനുഷ്യ ജീവിതത്തിന്റെ സമഗ്ര തലങ്ങളിലും ദൈവത്തിന്റെ ഇടപെടലിലൂടെ സംഭവിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ഉണർവ് ദൈവത്തിന്റെ ഇടപെടലിലൂടെയാണ് സംഭവിക്കുന്നത്. ദൈവത്തിന്റെ ഇടപെടലുകൾ വ്യക്തികളിൽ അടിസ്ഥാനപരമായ രൂപാന്തരം സൃഷ്ടിക്കും.
ദൈവത്തിന്റെ ആഴമായ ഇടപെടൽ മനുഷ്യന്റെ മനോഭാവങ്ങളെയും പെരുമാറ്റ സംഹിതകളെയും ലക്ഷ്യബോധത്തെയും നവീകരിക്കും. ഒരുവൻ ക്രിസ്തുവിൽ ആകുമ്പോൾ പുതിയ സൃഷ്ടിയായി മാറുന്നു. 'നിന്ദാപാത്രങ്ങൾ', 'മാനപാത്രങ്ങളായി' രൂപാന്തരപ്പെടുന്ന പ്രക്രിയ.
ദൈവികതയുടെ സ്പർശനം ഏറ്റെടുത്തവർ സമയവും സാധ്യതകളും ജീവിതത്തിന്റെ സമസ്ത മേഖലകളും ദൈവത്തിന്റെ ഇഷ്ടത്തിനായി സമർപ്പിച്ച് പുറപ്പാടുകൾക്ക് തയ്യാറാകും. കുടുംബത്തിലെ ക്രിസ്തീയ വിദ്യാഭ്യാസവും, സഭയുടെ ദൈവരാജ്യത്തിന്റെ പഠിപ്പിക്കലുകളും ദൈവത്തിന്റെ ഇടപെടലുകൾക്കായി മനുഷ്യമനസ്സുകളെ ഒരുക്കുകയാണ്. ഹൃദയത്തിൽ ഉരുവായ ക്രിസ്തു നമ്മിൽ വളരുന്നതും വാഴുന്നതുമാണ് ഉണർവിന്റെ നിലനിൽക്കുന്ന ഫലങ്ങൾ.
വ്യക്തികളിലേക്കാണ് ഉണർവിനെ ദൈവം അയക്കുന്നത്. അത് മനോഭാവങ്ങളിലും ജീവിത ദർശനങ്ങളിലും സമഗ്രമായ മാറ്റങ്ങളും അഴിച്ചുപണികളും നടത്തും. ഉണർവ്വിലൂടെ മനുഷ്യൻ ദൈവഹിതത്തിന് സമർപ്പിക്കപ്പെടുന്നു. നിയോഗങ്ങൾ ഏറ്റെടുക്കുന്നു. പുറപ്പാടുകൾക്ക് സമർപ്പിതനാകുന്നു. പാപബോധവും തിരിച്ചറിവുകളും ഏറ്റുപറച്ചിലും യഥാസ്ഥാനവും സംഭവിക്കുന്നു. ജീവിതത്തിന്റെ ചില 'യൂ ടേണുകൾ' ഉണർവിന്റെ ഫലങ്ങളാണ്.
വേദപുസ്തക വായനയും വചനകേൾവിയും തീഷ്ണമായ ദൈവവിശ്വാസത്തിനും ക്രിസ്തു കേന്ദ്രീകൃത ജീവിതത്തിനും അടിസ്ഥാനമാകും. തിരുത്തലുകളും പാപബോധവും മാനസാന്തരവും ദൈവത്തിന്റെ ഇടപെടലുകളിലൂടെ സംഭവിക്കുന്ന ഉണർവ്വിന്റെ ഫലങ്ങളാണ്.
ആൾക്കൂട്ടത്തിന്റെ ഒത്തുചേരലും സംഗീതത്തിന്റെ ആരവവും ശബ്ദമുഖരിതമായ അന്തരീക്ഷവും ഉണർവായി തെറ്റിദ്ധരിക്കപ്പെടാം. ആത്മീയതയുടെ സൗന്ദര്യവൽക്കരണവും ആഴങ്ങളില്ലാത്ത ഓളങ്ങളും ഉള്ളടക്കം ഇല്ലാത്ത കവർ പേജുകളും കേവലം പുറം മിനുക്കുവാനുള്ള തത്രപ്പാടുകളാണ്. ഉണർവിന്റെ പശ്ചാത്തലം ദൈവത്തിന്റെ ഇടപെടലുകളാണ്. ഉണർവ് പരിശുദ്ധാത്മാവിന്റെ അതുല്യമായ ഇടപെടലി ലൂടെ സംഭവിക്കേണ്ട അനുഭവവുമാണ്. ദൈവം അയച്ചിട്ടാണ് ഒരോ ഉണർവും വരുന്നത്.
ക്രിസ്തീയ ഉണർവ് വ്യക്തിപരമായ അനുഭവമാണ്. അത് സൃഷ്ടിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും അടിച്ചേൽപ്പിക്കുന്നതും അല്ല. ത്യാഗപരമായ ജീവിതത്തിലേക്കും യഥാർത്ഥ ക്രിസ്തീയ ശിഷ്യത്വത്തിലേക്കും നയിക്കേണ്ട അനുഭവമാണത്. യഥാർത്ഥ ഉണർവ് വ്യക്തികളിലും ചരിത്രത്തിലും ഇടം കണ്ടെത്തും.
പാപബോധം, ഏറ്റുപറച്ചിൽ, യഥാസ്ഥാനം, മടങ്ങിവരവ്, ദൈവ കേന്ദ്രീകൃതമായ ജീവിത ലക്ഷ്യങ്ങൾ ഇതെല്ലാം യഥാർത്ഥ ഉണർവിന്റെ ഫലങ്ങളാണ്. ഉണർവ് ദൈവം വ്യക്തികളിലേക്ക് അയക്കുമ്പോൾ, മനോഭാവങ്ങളിലും ജീവിത ദർശനങ്ങളിലും സമഗ്രമായ മാറ്റങ്ങൾ ഉണ്ടാകുന്നു. പാപബോധവും തിരിച്ചറിവുകളും ഏറ്റുപറച്ചിലും യഥാസ്ഥാനവും വ്യക്തികളിൽ സംഭവിക്കുന്ന ഉണർവിന്റെ അനന്തരഫലങ്ങളാണ്. ദൈവത്തിൽ നിന്നും മുറിച്ചുമാറ്റുവാൻ കഴിയാത്ത അടുപ്പത്തിലേക്ക് ഉണർവ് ഒരു വ്യക്തിയെ കൊണ്ടെത്തിക്കും. ദൈവത്തോടുള്ള അടുപ്പത്തിൽനിന്നും അകറ്റുവാൻ ഒന്നിനും കഴിയില്ല എന്ന ഏറ്റുപറച്ചിൽ ഉണർവിന്റെ വ്യക്തമായ മറ്റൊരു അടയാളമാണ്. പൗലോസിന്റെ ജീവിത ദർശനങ്ങളിൽ പ്രതിഫലിക്കുന്നത് 'മുറിഞ്ഞു പോകാത്തതും' - 'മുറിച്ചുമാറ്റാൻ കഴിയാത്തതുമായ' ദൈവീക ബന്ധത്തെപ്പറ്റിയാണ്. ഉണർവിന്റെ ജ്വാല ഉള്ളിൽ കത്തിയവൻ ദൈവത്തോടൊപ്പം സഹ യാത്രികനായി മാറുകയാണ്. ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപരാകുവാനുള്ള ആഴമായ വാഞ്ചയും നിരന്തരമായ ശ്രമവും ക്രിസ്തുവിനോടൊപ്പമുള്ള യാത്രയുമാണ് ഉണർവ് സമ്മാനിക്കുന്നത്.
സ്വന്തം ജീവിതത്തോടും സമൂഹത്തോടുമുള്ള വീക്ഷണങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ ഉണർവിന് കഴിയും. വ്യക്തിയിൽ ആന്തരിക സൗഖ്യവും മറ്റുള്ളവരോട് കൂട്ടായ്മക്കും വേദനിക്കുന്നവനൊപ്പം സഹയാത്രികനാകുവാനും യഥാർത്ഥ ഉണർവ്വ് സജ്ജനാക്കും. ദൈവത്തിന്റെ ആത്മാവ് ബന്ധങ്ങളുടെ ആത്മാവായതുകൊണ്ട് ക്രൂശിന്റെ പക്ഷത്തും മനുഷ്യന്റെ പക്ഷത്തും നിലയുറപ്പിക്കുവാനും ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുന്ന യഥാർത്ഥ ആത്മീയതയിലേക്ക് കൊണ്ടെത്തിക്കാനും ഉണർവിന് സാധിക്കും.
Advertisement