അതിഭാഷണം അപകടം

അതിഭാഷണം അപകടം

റവ. ജോർജ് മാത്യു പുതുപ്പള്ളി

തിഭാഷണം അപകടം വരുത്തുമെന്ന് ജ്ഞാനിയായ ശലോമോൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. 'വാക്കു പെരുകിയാൽ ലംഘനം ഉണ്ടാകാതിരിക്കില്ല' എന്നു അദ്ദേഹം ആണയിടുന്നു. ആത്മീയ ലോകം ഗൗരവമായി എടുക്കേണ്ട ഒരു സദുപദേശമാണിത്. നാം പറയുന്ന ഓരോ വാക്കും ഗൗരവമുള്ളതാണെന്ന ചിന്ത ആദ്യമേ ഭരിക്കണം. ആലോചിക്കാതെ പറയുന്ന വിടുവാക്കുകൾ തിരിച്ചെടുക്കുവാൻ സാധിക്കയില്ല. അനാവശ്യമായി പറയുന്ന വാക്കുകൾകൊണ്ട് അന്ത്യ ന്യായവിധിയിങ്കൽ വിധിക്കപ്പെടുകയും ചെയ്യും. 'അടങ്ങാത്ത ദോഷവും മരണകരമായ വിഷവും അമിതഭാഷണത്തിൽ ഒളിഞ്ഞിരിക്കുന്നതായി' യാക്കോബും പറയുന്നു (3 : 8).

വായാടിത്തത്തിന്റെ അന്ത്യം എത്ര ഭീകരമാണെന്ന് അനുഭവത്തിലൂടെ അറിഞ്ഞ ശലോമോൻ അതിനെതിരെ പ്രതികരിക്കാൻ ശക്തമായി ആഹ്വാനം ചെയ്യുന്നു. ഒരാളെ മാത്രമല്ല സമൂഹത്തെ മൊത്തമായി നശിപ്പിക്കാൻ കരുത്തുള്ള അഭിഭാഷണത്തിൽ നിന്നും ഓടിയൊളിക്കുവാനും അദ്ദേഹം ബുദ്ധിയുപദേശം നൽകുന്നു. അതിഭാഷണംകൊണ്ടു വിശ്വാസം വിട്ടകന്ന ഹുമനയൊസിനെയും ഫിലെത്തോസിനെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി വൃഥാലാപങ്ങൾ ഒഴിഞ്ഞിരിക്കാനാണ് പൗലൊസിന്റെ അഭ്യർത്ഥന.

അമിത സംസാരത്തിന്റെ അഴമേറിയ അടിസ്ഥാനം യേശുവിനോടുള്ള അകൽച്ചയാണ്. വാവിഷ്ഠാണക്കാരന് യേശുവുമായുള്ള വ്യക്തിപരമായ സംഭാഷണത്തിന് അവസരവും താല്പര്യവും ഉണ്ടാകുന്നില്ല. അർത്ഥശൂന്യവും പ്രയോജനരഹിതവുമായ വാക്കുകളുടെ ബാഹുല്യം ദൈവമുമായുള്ള രഹസ്യ കൂട്ടായ്മയിൽനിന്ന് അവരെ അകറ്റി നിർത്തുന്നു. അതുകൊണ്ട് വാക്കുകൾ കൃപയോടു കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതുമായിരിക്കട്ടെ.കേവലം രസത്തിനായി ചെയ്യുന്ന ജോലികളും, നടത്തുന്ന സൗഹൃദ സന്ദർശനങ്ങളും ഒഴിവാക്കി ആ സമയംകൂടി വ്യക്തിപരമായ ധ്യാനത്തിനായി വിനിയോഗിക്കുന്നതു ജീവിതത്തിന്റെ ഒരു ഭാഗമാക്കി തീർക്കുന്നവർക്ക് അതിഭാഷണമെന്ന ഭീകരനിൽനിന്നും രക്ഷപ്പെടുവാൻ സാധിക്കും.

മുറിക്കുള്ളിലെ നിശബ്ദത വിട്ടു പുറത്തിറങ്ങുമ്പോഴും യേശുവുമായുള്ള നിശബ്ദ സംഭാഷണം തുടരുമെങ്കിൽ പ്രയോജനരഹിതമായ അമിത സംസാരത്തിന്റെ ബന്ധനത്തിൽനിന്നും മോചിതരാകുവാൻ നമുക്കു കഴിയും. ഓർമിക്കുക : അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്നവരെ സമൂഹം കൂടുതൽ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആത്മീയതയുടെ ഉന്നതികളിൽ എത്തിയിട്ടുള്ള മഹാത്മാക്കളൊക്കെ മൃദുഭാഷികളായിരുന്നു. മോശെയെപ്പോലെ സൗമ്യനായ മനുഷ്യൻ ഭൂതലത്തിൽ വേറെ ഉണ്ടായിട്ടില്ല എന്ന സർവശക്തനായ ദൈവത്തിന്റെ സാക്ഷ്യം നാം ഒരുനാളും വിസ്മരിക്കരുത്.

ചിന്തക്ക് : 'അങ്ങനെ തന്നെ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു. നാവും ഒരു തീ തന്നെ. അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതി ലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിനു തീ കൊളുത്തുകയും നരകത്താൽ അതിനു തീ പിടിക്കയും ചെയ്യുന്നു. മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈ വക എല്ലാം മനുഷ്യജാതിയോടു മെരുങ്ങുന്നു, മെരുങ്ങിയുമിരിക്കുന്നു. നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കാവതല്ല. അത് അടങ്ങാത്ത ദോഷം, മരണകരമായ വിഷം നിറഞ്ഞത്. അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു' (യാക്കോബ് 3 : 5...9).