ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്ന മനസ്സ്

ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്ന മനസ്സ്

യേശു പാദാന്തികം 2

ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്ന മനസ്സ്

ണ്ണില്‍ക്കാണുന്ന ഏതു ക്ലോക്കും വെച്ചു നമുക്കു നമ്മുടെ വാച്ചിന്‍റെ സമയം ശരിയാക്കാന്‍ കഴിയുമോ? നമുക്കു ഒരു സ്റ്റാൻഡേർഡ് സമയം വേണ്ടേ? അതുപോലെ, ഏതു നാല്ക്കവലകളിലും കേള്‍ക്കുന്ന ന്യായവാദങ്ങള്‍ക്കനുസരിച്ച് നമുക്ക് നമ്മുടെ മനസ്സിനെ സെറ്റ് ചെയ്യാനാവില്ല.

വായനാഭാഗം കൊലൊസ്യര്‍ 3:1-17

'ഭൂമിയിലുള്ളതല്ല; ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിന്‍' (കൊലൊസ്യര്‍ 3:2).

വാച്ചുകടക്കാരന്‍, കടയുടെ മുമ്പില്‍ വച്ചിരിക്കുന്ന മാസ്റ്റര്‍ ക്ലോക്കു നോക്കി എന്നും തന്‍റെ വാച്ചിൻ്റെ സമയം ശരിപ്പെടുത്തുന്ന വ്യക്തിയോടു കാര്യം തിരക്കി. "മുനിസിപ്പാലിറ്റിയുടെ സൈറന്‍ മുഴക്കുന്ന ആളാണു ഞാന്‍, ശരിയായ സമയത്തു സൈറന്‍ നല്കാന്‍ ഞാന്‍ എന്‍റെ വാച്ചു നിങ്ങളുടെ ക്ലോക്കിനനുസരിച്ചു സെറ്റു ചെയ്യുകയാണ്" എന്നു അയാള്‍ പറഞ്ഞു. വാച്ചുകടക്കാരന്‍ ചിരിക്കാന്‍ തുടങ്ങി. "ഹേ മനുഷ്യാ, നിങ്ങളുടെ സൈറന്‍ കേട്ടാണു ഞാന്‍  ക്ലോക്കിന്‍റെ സമയം ശരിയാക്കുന്നത്" അയാള്‍ പറഞ്ഞു.

കണ്ണില്‍ കാണുന്ന ഏതു ക്ലോക്കും വെച്ചു നമുക്കു നമ്മുടെ വാച്ചിന്‍റെ സമയം ശരിയാക്കാന്‍ കഴിയുമോ? നമുക്കു ഒരു സ്റ്റാൻഡേർഡ് സമയം വേണ്ടേ? അതു പോലെ ഏതു നാൽക്കവലയിലും കേള്‍ക്കുന്ന ന്യായവാദങ്ങള്‍ക്കനുസരിച്ചു നമുക്കും നമ്മുടെ മനസ്സിനെ സെറ്റു ചെയ്യാന്‍ കഴികയില്ല. നമ്മുടെ മനസ്സിനെ ഒരുക്കാന്‍ നമുക്കു ഒരു സ്റ്റാൻഡേർഡ് സമയം ഉണ്ടായേ പറ്റൂ.

നമ്മുടെ ജീവിതവും പ്രവൃത്തിയും ക്രിസ്തുവിന്‍റെ സ്റ്റാൻഡേർഡിനു യോജിക്കുന്നതാവണം. ഒരു പക്ഷേ നമ്മുടെ ചുറ്റുപാടുമുള്ളവര്‍ക്ക് തെറ്റായൊന്നും കണ്ടെത്താനില്ല. ആ പ്രവൃത്തികള്‍പോലും ക്രിസ്തുവിന്‍റെ സ്റ്റാൻഡേർഡിനു യോജിക്കുന്നതാവണമെന്നില്ല. മനുഷ്യന്‍രെ ദൃഷ്ടിയില്‍ ഏറ്റവും മാന്യമെന്നും ശ്രേഷ്ടമെന്നും തോന്നുന്ന കാര്യങ്ങള്‍പോലും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അറപ്പുളവാകുന്നതാകാം (ലൂക്കൊസ് 16:15).

"ഓ.. അതിനെന്താ കുഴപ്പം? എല്ലാവരും അതു ചെയ്യുന്നുണ്ടല്ലോ" എന്നു ചുറ്റുമുള്ളവര്‍ പറയുന്ന ലോകത്തിന്‍റെ നന്മകളുണ്ട്. എന്നാല്‍ എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യനല്ല, ക്രിസ്തു നമ്മുടെ സ്ഥാനത്തായിരുന്നെങ്കില്‍ ചെയ്യുമായിരുന്ന പ്രവൃത്തികള്‍ ചെയ്യാനാണു ദൈവം നമ്മെ ഭൂമിയിലാക്കിയിരിക്കുന്നത്. അതിനാല്‍ ജീവിത്തിന്‍റെ ഏതു നാല്ക്കവലകളിലും "യേശുവായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു" എന്ന ചോദ്യത്തിനുശേഷം മാത്രം ഒരു പ്രവൃത്തി തെരഞ്ഞെടുക്കുക. ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ (ലോകമോഹത്തിനു അധീനമായ നിങ്ങളുടെ പ്രവൃത്തികളെ) മരിപ്പിക്കുക (കൊലൊ. 3:2).
നാം ലോകത്തിന്‍റെ ആളുകള്‍ അല്ല. ക്രിസ്തുവിനോടു കൂടെ മരിച്ച് ക്രിസ്തുവിനോടു കൂടെ മരിച്ച ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റവരാണു നാം(കൊലൊസ്യര്‍. 3:1).

അതുകൊണ്ടു തന്നെ, ക്രിസ്തുവിനോടുകൂടെ ജീവിക്കുന്നവരും! ഇനി നമ്മുടെ മനസ്സിനെ ചലിപ്പിക്കുന്നതു ലോകമാകരുത്, ക്രിസ്തുവായിരിക്കണം. അതിനാല്‍ ഇനി നമ്മുടെ ചിന്തകള്‍ ഭൂമിയിലുള്ളതിനുവേണ്ടിയാകരുത്. ഉയരത്തിലുള്ളതിനു വേണ്ടിയാവണം (കൊലൊ. 3:2).
നാം ക്രിസ്തുവിനുള്ളവരാണെങ്കില്‍ നമ്മുടെ ചിന്തകളുടെ മാനദണ്ഡം സ്വര്‍ഗീയമായിരിക്കണം! ഭൂമിയില്‍ ജീവിക്കുമ്പോഴും നമ്മുടെ മനസ്സിനെ ക്രിസ്തു ഇരിക്കുന്ന ഇടമായ ഉയരത്തില്‍ തൂക്കിയിട്ടിരിക്കണം.
"നിങ്ങള്‍ മരിച്ചു നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു" (കൊലൊ. 3:3). മരിച്ചവര്‍ ഒന്നിനോടും പ്രതികരിക്കുന്നില്ല, ഒന്നിനാലും സ്വാധീനിക്കപ്പെടുന്നില്ല. വഞ്ചനയുടെ ലാഭം, പങ്കുവയ്ക്കാത്ത സുഖം, അനര്‍ഹമായ പ്രശംസ.....

ഇവയൊക്കെ മുന്നില്‍ വന്നു നില്ക്കുമ്പോള്‍ നിങ്ങളുടെ മനസ്സ് അതിലേക്കു ചായുന്നില്ല. വിലക്കപ്പെട്ടിരിക്കുന്നതു കൊണ്ടു മാത്രമല്ല നിങ്ങളത് ഉപേക്ഷിക്കുന്നത്. വാസ്തവത്തില്‍ നിങ്ങള്‍ക്കതിനോട് ഇപ്പോള്‍ വെറുപ്പാണ്. നിങ്ങളുടെ മനസ്സ് ഇപ്പോള്‍ ആവക കാര്യങ്ങളോടല്ല. അതു നിങ്ങളുടെ മനസ്സ് ക്രിസ്തു ഇരിക്കുന്ന ഇടമായ ഉയരത്തില്‍ തൂക്കിയിട്ടിരിക്കുകയാണ് (കൊലൊ. 3:1).

ടെലിവിഷന്‍റെയും വീഡിയോപ്ലെയറിന്‍റെയും റിമോട്ടുകള്‍ പലപ്പോഴും നമുക്ക് മാറിപ്പോകാറില്ലേ? വീഡിയോ പ്ലയറിന്‍റെ റിമോട്ടില്‍ എത്ര ഞെക്കിയാലും ടി. വി. പ്രവര്‍ത്തിക്കാറില്ല. കാരണം, അത് ടെലിവിഷനുമായി ട്യൂണ്‍ഡ് അല്ല.
നിങ്ങളുടെ മനസ്സ് ഇപ്പോള്‍ ലോകത്തോട് ട്യൂണ്‍ഡ് അല്ല. എന്നാല്‍ സ്വര്‍ഗ്ഗത്തെ സന്തോഷിപ്പിക്കുന്ന കാര്യങ്ങല്‍ കാണുമ്പോള്‍ നിങ്ങളുടെ ഉള്ളം തുള്ളും. കാരണം നിങ്ങളുടെ മനസ്സ് ഇപ്പോള്‍ സ്വര്‍ഗീയമായതിനോട് ട്യൂണ്‍ഡ് ആണ്.

സമര്‍പ്പണ പ്രാര്‍ത്ഥന

കര്‍ത്താവേ, ഞാന്‍ എന്‍റെ മനസ്സ് സ്വര്‍ഗവൂമായി ട്യൂണ്‍ ചെയ്യുന്നു. ഭൂമിയിലുള്ള എന്‍റെ അവയവങ്ങളെ മരിപ്പിക്കാനും സ്വര്‍ഗീയമായതില്‍ ഹൃദയം തളയ്ക്കുവാനും എന്നെ സഹായിക്കണമേ .... ആമേന്‍.

തുടര്‍വായനയ്ക്ക്: എബ്രായര്‍ 3:1, 11:13-16, 12:1-3