താമസം ചിത്രത്തെ മനോഹരമാക്കും | യേശു പാദാന്തികം 3

താമസം ചിത്രത്തെ മനോഹരമാക്കും | യേശു പാദാന്തികം 3

യേശു പാദാന്തികം 3

താമസം ചിത്രത്തെ മനോഹരമാക്കും

വന്‍ തുടങ്ങിയത് ഒരു നല്ല പ്രവൃത്തിയാണ്. അവന്‍ അതു പൂര്‍ത്തീകരിക്കും. അതിനു സമയമെടുത്തേക്കാം അതിനു കാത്തിരിക്കുക. താമസം എപ്പോഴും ചിത്രത്തെ മനോഹരമാക്കാനാണ്.

വായനാഭാഗം 

"നിങ്ങളില്‍ ഒരു നല്ല പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും" (ഫിലിപ്പിയര്‍ 1:4)

ചിത്രകാരനായ സുനില്‍ ഒരു പോര്‍ട്രെയിറ്റിനായി സ്കെച്ച് ചെയ്യേണ്ടതിനു ഒരു കുട്ടിയെ മുന്നിലൊരു കസേരയിലിരുത്തിയിരിക്കുകയാണ്. മണിക്കൂറുകള്‍ കഴിഞ്ഞു കുട്ടി അസ്വസ്ഥനാണ്. ചിത്രകാരന്‍ തന്‍റെ രൂപം വരയ്ക്കുകയാണെന്നാണു പറഞ്ഞിരിക്കുന്നത്. ഇതെന്ത്? കുറെ വരകള്‍ അങ്ങോട്ട് ചിലത്  ഇങ്ങോട്ട് ഇടയ്ക്കു കുറെ കളറും. എവിടെ തന്‍റെ ചിത്രം? ഇതു വെറും പാഴ്പണിയാണ്.... ഇതെന്‍റെ ചിത്രമൊന്നുമല്ല. കുട്ടി വിളിച്ചു പറഞ്ഞു. "മോനേ, ശാന്തമായിരിക്ക്! ഞാന്‍ ഇപ്പോഴും നിന്‍റെ മേല്‍ പണിയെടുത്തുകൊണ്ടിരിക്കുന്നതേയുള്ളൂ". സുനില്‍ പറഞ്ഞു. നാം പ്രതീക്ഷിക്കാത്ത നിലയില്‍ ദൈവം നമ്മില്‍ അസുന്ദരം എന്നു തോന്നിക്കുന്ന ഒരു വരയിടുമ്പോള്‍-ഒരു രോഗമാകാമത്... അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ നഷ്ടം.... അല്ലെങ്കില്‍ ഒരു അക്രമം- നാം അസ്വസ്ഥരാകുന്നു.

 സുവി. സാജു ജോണിന്റെ 'യേശു പാദാന്തികം' എന്ന പംക്തി എല്ലാ ശനിയാഴ്ചയും ഓൺലൈൻ ഗുഡ്‌ന്യൂസിലൂടെ പ്രസിദ്ധീകരിക്കുന്നു.

നമ്മുടെ ജീവിതത്തില്‍ വന്നനുഭവിക്കുന്ന ദുരന്തങ്ങളുടെ സാംഗത്യം പലപ്പോഴും നമുക്കു മനസ്സിലാകുന്നില്ല. എന്നാല്‍, ദൈവത്തിന്‍റെ പ്ലാനില്‍ മനോഹരമായതെന്തോ ഏവന്‍ നമുക്കായി കരുതിവെച്ചിട്ടുണ്ട്.... നമ്മില്‍ ഒരു നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ (അവന്‍ തുടങ്ങിയത് ഒരു നല്ല പ്രവൃത്തിയാണ്) അതു പൂര്‍ത്തീകരിക്കും..... അതിന്‍റെ പൂര്‍ത്തീകരണത്തിന് ഒരു പക്ഷേ "ക്രിസ്തുവിന്‍റെ നാളോളം" സമയം എടുത്തേക്കാം. എന്നാലും കാത്തിരിക്കുക. താമസം എപ്പോഴും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കാനാണ്.

ഫിലിപ്പിയര്‍ക്കുള്ള ഈ കത്ത പൗലൊസ് എഴുതുന്നത് റോമിലെ ജയിലില്‍ നിന്നാണ്. വിശ്വസ്ത മിഷനറിയായ പൗലൊസ് തടവിലാക്കപ്പെട്ടതു സുവിശേഷീകരണത്തിന് ഒരി തിരിച്ചടിയല്ലേ? മാനുഷികമയി പറഞ്ഞാല്‍ അതേ! എന്നാല്‍, അതു ദൈവം തന്‍റെ പരിജ്ഞാനത്തില്‍ നിര്‍വഹിച്ച ഒരു പദ്ധതി ആയിരുന്നവെന്ന് പൗലൊസ് പറയുന്നു.

"സഹോദരന്മാരേ, ഞാന്‍ ജയിലില്‍ അടക്കപ്പെട്ടതും സുവിശേഷീകരണത്തിന്‍റെ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്നു എന്നു നിങ്ങള്‍ അറിയേണം. എന്‍റെ ബന്ധനം ക്രിസ്തു നിമിത്തമാകുന്നുവെന്ന് ഇപ്പോള്‍ അകമ്പടിപ്പട്ടാളത്തിലുള്ളവര്‍ക്കൊക്കെ അറിയാം (അതു എനിക്കു സാക്ഷിക്കുവാന്‍ കൂടുതല്‍ അവസരം ഒരുക്കുന്നു). തന്നെയല്ല, എന്‍റെ ബന്ധനം, നമ്മുടെ സഹോദരന്മാരെ തളര്‍ത്തുന്നതിനു പകരം അവര്‍ക്കു ധൈര്യം നല്കുകയാണു ചെയ്തത്. അവരൊക്കെ ഇപ്പോള്‍ ധീരരായി കര്‍ത്താവിന്‍റെ സാക്ഷ്യം വഹിക്കുന്നു". (ഫിലിപ്പിയര്‍. 1:12-14).

"നാം ദൈവത്തിന്‍റെ കൈപ്പണി" (എഫെസ്യര്‍2:10) എന്നതിന്‍റെ കൈപ്പണി എന്ന വാക്ക് (പോയിമ-ഗ്രീക്ക്) നെയ്ത്തുകാരന്‍റെ പണിയെ കാണിക്കുന്നതാണ്. കുറെ നൂല്‍ക്കൂട്ടങ്ങളുമായി തറിയില്‍ പണിയെടുത്തു തുടങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ ഒരു ചിത്രം ഉണ്ട്. പണി പൂര്‍ത്തിയാകുന്നതുവരെ ഒരു പക്ഷേ കാഴ്ചക്കാരനതു കണ്ടെത്താനാവില്ല. നാമും ദൈവത്തിന്‍റെ കയ്യിലെ നൂലുണ്ടകളാണ്. നമ്മെ മനോഹരമായ ഒരു ചിത്രം ആക്കുംവരെ നമ്മെ അവിടുന്ന് വിട്ടുകളയുകയില്ല. അവിടുത്തെ സമയത്ത് നമ്മെ മനോഹര ചിത്രമാക്കുംവരെ ക്ഷമയോടെ കാത്തിരിക്കണം എന്നു മാത്രം.
Some thing beautiful, something good
All our confusion he understand
All you have to offer him is brokenness and scrap
and he will do something beautiful in you

സമര്‍പ്പണ പ്രാര്‍ത്ഥന :കര്‍ത്താവേ, എന്നിലെ നിന്‍റെ പ്രവൃത്തി തികയ്ക്കുന്നതു ക്ഷമയോടെ കണ്ടിരിക്കാന്‍ എന്നെ സഹായിക്കണമേ, ആമേന്‍!

തുടര്‍വായനയ്ക്ക്: എഫെസ്യര്‍ 2:8-10, 1 കൊരിന്ത്യര്‍ 3:5-9