ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന്റെ സ്വാതന്ത്ര്യം!

ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന്റെ സ്വാതന്ത്ര്യം!

ഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ മനോഭാവം ആയിരിക്കണം ഒരു ദൈവപൈതലിന്റേത്, കാരണം നമ്മൾ ഈ ലോകത്തിലേക്കു ഒന്നും കൊണ്ടുവന്നില്ല, ഒന്നും നമ്മൾ കൊണ്ടുപോകയും ഇല്ല. 

പ്രസിദ്ധയായ മേരി ബനീഞ്ജ തന്റെ 'ലോകമേ യാത്ര' എന്ന കവിതയിൽ ഇങ്ങനെ പാടി..

"ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം

തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ

തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ

കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം

ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും

വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ

അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു

താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും.

അനന്തമായ ജീവിതം സുഖത്തോടേ നയിക്കുവാൻ

ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണു ഞാൻ

മിനുങ്ങി മിന്നിടുന്ന പൂച്ചുനാണയങ്ങളൊന്നുമേ

എനിക്കു വേണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ."

ഒരു ക്രിസ്തീയ പാട്ടുകാരനും അതു പോലെ പാടി...

"നഗ്നനായി ഞാൻ ലോകത്തിൽ വന്നു

നഗ്നനായ്ത്തന്നെ പോകുമെ

ലോകത്തിലെനിക്കില്ല യാതൊന്നും

എന്‍റെ കൂടന്നു പോരുവാൻ "

ഈ ത്യാഗ മനോഭാവത്തിലാണ് ക്രിസ്തീയ സ്വാതന്ത്ര്യം അനുഭവവേധ്യമാകുന്നത്, സന്തൃപ്തിയുള്ള ഹൃദയത്തിന് ഉടമയാകുന്നത്, നന്ദിയോടെ ദൈവത്തെ സ്തുതിക്കുവാൻ സാധിക്കുന്നത്, നിത്യതക്കായുള്ള പ്രത്യാശയിൽ വളരുവാൻ സാധിക്കുന്നത്, സഹോദരങ്ങളുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുവാൻ സാധിക്കുന്നത്, ദൈവരാജ്യത്തിനുവേണ്ടി ചെലവായി പോകുവാൻ ഏല്പിച്ചു കൊടുക്കുന്നത്.

അതുകൊണ്ട് ഈ ജീവിത യാത്രയിൽ ഇവിടെ സമ്പന്നരാകുവാനുള്ള തത്രപ്പാടിൽ ഈ വിലപ്പെട്ട സ്വാതന്ത്ര്യം നമ്മൾ നഷ്ടപ്പെടുത്തരുത്. ഇവിടെ നമുക്കുണ്ടെന്നു തോന്നുതെല്ലാം ഒരു ദിവസം വിട്ടിട്ടു പോകേണ്ടതിനാൽ, നിത്യതയിൽ സമ്പന്നരാകാൻ നമുക്ക് പരിശ്രമിക്കാം!

പ്രാർത്ഥന: പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുവാൻ ഞങ്ങളെ സഹായിക്കണമേ നാഥാ !