അക്ഷരഖനി പുരസ്കാരം പാസ്റ്റർ കെ.സി.ജോണിന്

തിരുവല്ല: ക്രൈസ്തവ സാംസ്കാരിക വേദിയുടെ അക്ഷരഖനി പുരസ്കാരം പാസ്റ്റർ ഡോ.കെ.സി.ജോണിന്. സാമൂഹിക-സാംസ്കാരിക-സഭാ പ്രവർത്തനങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾക്കാണ് 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം.
മെയ് 3ന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സമിതി ചെയർമാൻ സി.വി.വടവന, ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് ഇലന്തൂർ, ട്രഷറർ അജിത്ത് മാത്യൂസ്, മീഡിയ കൺവീനർ ജോജി ഐപ്പ് മാത്യൂസ് എന്നിവർ അറിയിച്ചു.
1947 സെപ്റ്റംബർ 8ന് കുട്ടനാട് താലൂക്കിൻ്റെ കിഴക്കൻ ഭാഗമായ തലവടി ഇടയത്ര വീട്ടിൽ കർഷക ദമ്പതികളായ ചാക്കോയുടെയും ശോശാമ്മയുടേയും മൂന്നാമത്തെ മകനായി കെ.സി.ജോൺ ജനിച്ചു.
ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നത് തലവടി ഗവ. ഹൈസ്കൂളിലാണ്. എസ്.എസ്.എൽ.സി ഫസ്റ്റ് ക്ലാസോടെ പൂർത്തിയാക്കി. അത് അക്കാലത്ത് വലിയ വാർത്തയായിരുന്നു.
പിന്നീട് പ്രസിദ്ധമായ ആലുവ യു.സി കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം നേടി. ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്ന ജേഷ്ഠ സഹോദരൻ കെ.സി.ജോർജിൻ്റെ താൽപര്യത്തിൽ കെ.സി.ജോണിന് ഇന്ത്യൻ എയർലൈൻസ് ഓഫീസ് ട്രെയിനിയായി ജോലി ലഭിച്ചു.
എന്നാൽ തൻെറ വിളിയും തെരഞ്ഞെടുപ്പും മനസിലാക്കിയ കെ.സി.ജോൺ ജോലിക്ക് പോകാൻ വിസമ്മതിച്ചു. തന്റെ തീരുമാനത്തിൽ കെ.സി.ജോൺ ഉറച്ചു നിന്നു.
പിൽക്കാലത്ത് സഹോദരങ്ങളെല്ലാം മുഴുവൻ സമയ സുവിശേഷകരായി എന്നതും ചരിത്ര സത്യം.
പന്ത്രണ്ടാമത്തെ വയസ്സിൽ തന്നെ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചിരുന്നു കെ.സി തുടർന്നിങ്ങോട്ടുള്ള ഓരോ കാലഘട്ടങ്ങളിലും ദൈവവിളി തൻെറ ഉള്ളിൽ ശക്തമായി കൊണ്ടിരുന്നു.
തൻ്റെ നാവിൽ നിന്ന് ഒഴുകിയ വചനവിസ്ഫോടനം അഗ്നിയായി പടർന്ന് ആയിരങ്ങളെ ക്രിസ്തു സ്നേഹത്തിലേക്ക് ആനയിച്ചു. ക്രിസ്തുവിൻ്റെ മാർവോടു ചേർന്ന് നിന്ന ക്രിസ്തു ഭക്തനായി പ്രഭാഷണ വേദിയിൽ അഞ്ചര പതിറ്റാണ്ട് പിന്നിട്ട റവ.കെ.സി.ജോണിനെ മലങ്കരയുടെ അഗ്നിനാവുള്ള സുവിശേഷകനായാണ് അറിയപ്പെട്ടത്. യുവജന പ്രവർത്തനങ്ങളിലൂടെ സഭാരംഗത്തേക്ക് കടന്നു വന്ന പാസ്റ്റർ കെ.സി.ജോൺ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ കേരള സ്റ്റേറ്റ് സെക്രട്ടറിയായി സേവനം ചെയ്ത 1990കളിൽ സഭാ വളർച്ചയുടെ മികവുറ്റ കാലഘട്ടമായിരുന്നു. പിന്നീട് സഭയുടെ ജനറൽ പ്രസിഡൻ്റായും ജനറൽ സെക്രട്ടറിയായും സേവനം ചെയ്തു.
സുവിശേഷ വിഹിത പ്രസ്ഥാനങ്ങളുടെ ഇടയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ചാനലാണ് 2006ൽ താൻ തുടക്കമിട്ട പവർവിഷൻ ടിവി ചാനൽ. അതിരുകളെ ഭേദിച്ച് തുടക്കം കുറിച്ച പവർ വിഷൻ ചാനൽ വിശ്വാസ സമൂഹത്തിൻ്റെ ദൃശ്യസംസ്ക്കാരത്തിനു നവാവേശം നൽകുന്നതായിരുന്നു. സുവിശേഷീകരണത്തിനും സഭകളുടെ ഐക്യത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായിരുന്നു ചാനൽ പ്രാമുഖ്യം നൽകിയിരുന്നത്. അനേകായിരം ഹൃദയങ്ങളെ സ്പർശിക്കുകയും പുതുസൃഷ്ടിയായി രൂപപ്പെടുത്തുകയും ചെയ്തു .
ലോകത്തെയാകമാനം പിടിച്ചുലച്ച കോവിഡ് കാലഘട്ടത്തിൽ പവർവിഷൻ ചാനലിന്റെ 'വീട്ടിലെ സഭായോഗം' ഏറെ ശ്രദ്ധിക്കപ്പെടുകയും സഭാ ചാനൽ എന്ന നിലയിൽ വളരെ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തു. ഈ മാർഗ്ഗത്തിലൂടെ അനേകായിരങ്ങളിൽ സുവിശേഷത്തിൻ്റെ വിത്ത് വിതറാനും ചാനലിന് കഴിഞ്ഞു.
ഗ്രന്ഥകർത്താവായും പത്രാധിപരായും രചനാ പാടവം മികവുറ്റതായിരുന്നു. ബൈബിൾ ചരിത്രം ഉൾപ്പടെ ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
കോട്ടയം വടവാതൂർ ശാലോം ബൈബിൾ സ്കൂളിൽ പഠനത്തിന് ശേഷം മുഴുവൻ സമയവും സുവിശേഷപ്രവർത്തനത്തിൽ വ്യാപൃതനായി.
അമേരിക്കയിൽ വേദശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. പിന്നിട്ട പാതകൾ ശ്രമകരമായിരുന്നു. അത്യുന്നതൻ്റെ കരവലയത്തിലും സ്നേഹതലോടലിലും അവയെ അതിജീവിച്ചു.
ഈ അതിജീവനം അനേകരെ പാപത്തിൻ്റെ അന്ധകാരത്തിൽ നിന്നും സ്വർഗീയ വെളിച്ചത്തിലേക്ക് ആനയിക്കാനായി.
കാലത്തിനു മുൻപേ കർമ്മോത്സുകനായി നടന്ന കർമ്മയോഗിയാണ് പാസ്റ്റർ കെ.സി.ജോൺ.
ജന്മനാട്ടിൽ നിന്നും രാജ്യം കടന്ന് ഭൂമിയുടെ അറ്റത്തോളം പോയി തന്നെ വീണ്ടെടുത്ത അരുമനാഥനായ ക്രിസ്തുവിൻ്റെ സാക്ഷിയായി.
തുടർന്ന് അദ്ദേഹം പ്രഭാഷകൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, അദ്ധ്യാപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ തന്റെ മികവ് തെളിയിച്ചു. കെ.സി എന്ന രണ്ടക്ഷരം തൻ്റെ സ്നേഹിതരുടെ നാവിൽ നിറഞ്ഞ് നിൽക്കുന്നത് ഈ അസാമാന്യ മികവിൽ നിന്നാണ്.
ഭാര്യ: പ്രെയ്സ് ജോൺ.
മക്കൾ: റവ.ജെയിം ജോൺ, ജെയിനി ഹഡ്സൺ, ജെയ്സ് ജോൺ.