'തുരുമ്പിക്കുന്നത്' 12 പ്രേഷിത കുടുംബങ്ങളുടെ സ്വപ്നങ്ങൾ

സന്ദീപ് വിളമ്പുകണ്ടം
കുമ്പനാട്: 12 പ്രേഷിത പ്രവർത്തക കുടുംബങ്ങളുടെ സ്വപ്നങ്ങൾ പൂവണിയിക്കുന്നതായിരുന്നു ഐപിസി കേരള സ്റ്റേറ്റിന്റെ പത്തനാപുരത്തെ ഹൗസിംഗ് പ്രോജക്ട്. എന്നാൽ, 'ഒരുതുണ്ട് ഭൂമി; അതിലൊരു വീട്' എന്ന ഇവരുടെ ജീവിതാഭിലാഷം തുരുമ്പിക്കുന്ന അവസ്ഥയാണിപ്പോൾ.
പണിമുടങ്ങിയിട്ടു എട്ടു മാസങ്ങൾ പിന്നിട്ടു. നിർമാണത്തിനായി വാങ്ങിച്ച കമ്പികൾ തുരുമ്പിക്കുകയാണ്. മറ്റു ബിൽഡിംഗ് മെറ്റീരിയൽസ് നശിക്കുകയാണ്. പാതിവഴിയിലായ കെട്ടിടനിർമാണം ഇപ്പോൾ കാടു മൂടുകയാണ്. പ്രസ്ഥാനത്തിലെ അധികാര വടംവലികൾ തല്ലിത്തകർക്കുകയാണ് ഈ പാവങ്ങളുടെ സ്വപ്നങ്ങൾ.
ത്വരിതവേഗത്തിൽ പണി നടന്നുവന്ന പദ്ധതിക്കു ആവശ്യമായ പണം ബാങ്ക് അക്കൗണ്ടിൽ നിന്നും എടുക്കാനാവാത്ത സ്ഥിതിയിലാണ് ഹൗസിംഗ് പ്രോജക്റ്റ് സ്‌തംഭനാവസ്ഥയിലായതെന്ന് 2025 മെയ് മാസത്തിൽ തിരുവല്ലയിൽ വിളിച്ച പത്രസമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് നേതൃത്വം അറിയിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് ഐപിസി ജനറൽ നേതൃത്വം, ബാങ്കുകൾക്ക് നൽകിയ കത്ത് പ്രകാരം ഐപിസി കേരള സ്റ്റേറ്റിൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്‌തതിനാലാണ് പണം പിൻവലിക്കാനാവാതെ പ്രതിസന്ധിയിലായതെന്നും എക്സിക്യൂട്ടീവ്സ് പറഞ്ഞിരുന്നു.
പദ്ധതി മുടങ്ങിയതിന്റെ കാര്യങ്ങൾ വിശദീകരിക്കാൻ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് വിളിച്ച പത്രസമ്മേളനം (മെയ് 2025)
എത്രയും വേഗത്തിൽ സ്റ്റേറ്റിൻ്റെ അക്കൗണ്ട് മരവിപ്പിച്ചത് മാറ്റിതരണങ്ങന്നു അപേക്ഷിച്ച് സ്റ്റേറ്റ് കൗൺസിൽ ഏകകണ്ഠമായി ജനറൽ കൗൺസിലിന് കത്ത് നൽകിയിരുന്നുവെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത ഭാരവാഹികളായ പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കു ന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ് എന്നിവർ വിശ്വാസസമൂഹത്തെ അറിയിച്ചിരുന്നു. എന്നാൽ, മാ സങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ജനറൽ നേതൃത്വം ഇതു സംബന്ധിച്ച് യാതൊരു നടപടിയും കൈക്കൊണ്ടില്ല. സ്റ്റേറ്റ് കൗൺസിൽ നൽകിയ കത്തിന് യാതൊരു മറു പടിയും നൽകിയതായി അറിവില്ല.

പദ്ധതിയുടെ ആവശ്യകത മനസിലാക്കി തുടർപണികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ട ജനറൽ നേതൃത്വം, പത്തനാപുരത്തെ ഹൗസിംഗ് പ്രോജക്റ്റിനോട് മുഖംതിരിച്ചു. സ്വന്തമായി കിടപ്പാടം ഇല്ലാത്ത ഒരു പ്രേഷിത പ്രവർത്തക ൻ്റെ വിഷമം അറിയാത്തവർ മാത്രമേ ഇത്തരം പ്രൊജെക്ടുകൾ മുടക്കാൻ മുന്നിട്ടിറങ്ങുകയുള്ളു. അല്ലെങ്കിൽ ജനറൽ മുകൈയെടുത്ത് പണികൾ നടത്തേണ്ടിയിരുന്നു.
ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പും കുടുംബവും സൗജന്യമായി നൽകിയ 20 സെൻ്റ് സ്ഥലത്താണ് പദ്ധതി ആരംഭിച്ചത്. ഭൂമിയുടെ രജിസ്ട്രേഷൻ, പോക്കുവരവ്, നികുതി എന്നിവയെല്ലാം തന്നെ ഐപിസി കേരള സ്റ്റേറ്റിൻ്റെ പേരിൽ 2024-ൽ തന്നെ പൂർത്തിയാക്കിയിരുന്നു.
സ്ഥലം സൗജന്യമായി നൽകിയവരോട് ആര് മറുപടി പറയും? ഇതു വരെ നിർമാണത്തിന് സംഭാവനകൾ നൽകിയ സഭകളോടും വ്യക്തികളോടും ഐപിസി പ്രസ്ഥാനത്തിന് നൽകാനുള്ള ഉത്തരം എന്താണ്? ആയുസ്സു മുഴുവൻ ഐപിസി പ്രസ്ഥാനത്തിനൊപ്പം ദൈവവേല ചെയ്ത പാവപ്പെട്ട കർത്താസന്മാരോട് നേതൃത്വത്തിന് എന്താണ് പറയാനുള്ളത്? ജീവകാരുണ്യ പ്രവർത്തനം ചെയ്യാൻ സന്നദ്ധരായ ആളുകളുടെ മനസ് മടുപ്പിക്കുന്നതല്ലേ ഈ പ്രവണതകൾ?
Advertisement
















































































