വൈകിയാലും സത്യം വെളിപ്പെടാതിരിക്കില്ല
റവ. ജോർജ് മാത്യു പുതുപ്പള്ളി
സാധനങ്ങൾ വാങ്ങാൻ ദൂരെയുള്ള പട്ടണത്തിലേക്കു പോയതായിരുന്നു റഷ്യക്കാരനായ ഐവാൻ എന്ന വ്യാപാരി. സത്രത്തിൽവച്ച് മക്കാർ എന്നു പേരുള്ള ഒരാളെ ഐവാൻ പരിചയപ്പെട്ടു. അന്നു രാത്രി ഇരുവരും ഒരു മുറിയിലാണ് താമസിച്ചത്. നേരം വെളുത്തപ്പോൾ മക്കാറിനെ കാണാനില്ല. മാത്രമല്ല സത്രത്തിലെ മറ്റൊരാൾ കൊല്ലപ്പെടുകയും ചെയ്തു. പൊലിസ് ഐവാന്റെ ബാഗിൽനിന്നും ചോര പുരണ്ട ഒരു കത്തി കണ്ടെടുക്കുകയും കോടതി ഐവാനെ 25 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ച് ജയിലിൽ അടയ്ക്കുകയും ചെയ്തു. ഐവാൻ തന്റെ നിരപരാധിത്വം പല പ്രാവശ്യം വെളിപ്പെടുത്തിയിട്ടും തെളിവുകൾ അയാൾക്ക് എതിരായിരുന്നതിനാൽ അയാൾ ശിക്ഷിക്കപ്പെട്ടു.
ഈ കാലയളവിനിടയിൽ ഐവാന്റെ ഭാര്യ മരിക്കുകയും നാണക്കേട് ഭയന്ന മക്കൾ വേറേതോ രാജ്യത്തേക്ക് പോകുകയും ചെയ്തിരുന്നു. മോചിക്കപ്പെടുവാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ മറ്റൊരു കുറ്റവാളി തടവുകാരനായി ജയിലിൽ എത്തി. 25 കൊല്ലംമുമ്പ് സത്രത്തിൽവച്ചു പരിചയപ്പെട്ട മക്കാർ ആയിരുന്നു അയാൾ. മക്കാറായിരുന്നു അന്ന് ഒരാളെ കൊന്നിട്ട് രക്ഷപ്പെടുവാൻ കത്തി ഐവാന്റെ ബാഗിൽ ഒളിപ്പിച്ചു വച്ചത്. കുറ്റബോധം തോന്നിയ മക്കാർ, നിരപരാധിയായ ഐവാനെ രക്ഷിക്കുവാൻ കുറ്റം ജയിൽ അധി:കൃതരോട് ഏറ്റു പറഞ്ഞു. ഐവാനെ വിട്ടയച്ചു കൊണ്ടുള്ള ഉത്തരവുമായി അധികാരികൾ എത്തിയപ്പോഴേക്കും ഐവാൻ മരിച്ചു കഴിഞ്ഞിരുന്നു.
God Sees the Truth But Waits എന്ന പേരിൽ റഷ്യൻ നോവലിസ്റ്റായിരുന്ന ലിയോ ടോൾസ്റ്റോയ് എഴുതിയ വിശ്വപ്രസിദ്ധ കഥയുടെ സാരാംശമാണിത്. മറ്റുള്ളവർക്കുവേണ്ടി കുറ്റം ഏറ്റെടുത്ത് ക്രൂശിൽ മരിച്ചവനായ കർത്താവും മഹാദൈവവുമായ യേശുക്രിസ്തുവിന്റെ ഒരു പ്രതീകമായിട്ടാണ് ലിയോ ടോൾസ്റ്റോയ് 'ഐവാൻ' എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്.
ജയിലിൽ കിടക്കുന്നവരെ ഓർക്കുന്നവരും അവർ അനുഭവിക്കുന്ന ദുരിതങ്ങളിൽ സഹതപിക്കുന്നവരും നമ്മുടെയിടയിൽ ഏറെയില്ല. സമൂഹ മന:സാക്ഷിയിൽ വിസ്മരിക്കപ്പെട്ടവരാണ് അവർ. പഴകിപ്പൊളിഞ്ഞ കെട്ടിടങ്ങളിൽ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ജയിൽ ജീവിതത്തിനു വിധിക്കപ്പെടുന്ന എത്രയോ നിസഹായർ ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ തടവറകളിലുണ്ട്. ഭരണകൂടവും സമൂഹവും ക്രൂരമായ അവഗണന അവരോടു പ്രദർശിപ്പിക്കുന്നു. ജയിലിൽ കിടക്കുന്നവർ എല്ലാം കള്ളന്മാരും ദുർവൃത്തരുമാണെന്ന് നാം കരുതുന്നു. കോടതികൾ സത്യം നോക്കിയല്ല, തെളിവുകൾ നോക്കിയാണ് ശിക്ഷ വിധിക്കുന്നത്. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പ്രതികൂലമാണെങ്കിൽ നിരപരാധികളും ശിക്ഷിക്കപ്പെടും. 'ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്' എന്ന ഒരു ചൊല്ല് പോലുമുണ്ട്. തടവിൽ കഴിയുന്നവരെ വെറുക്കാതെ അവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുവാനും അവരോട് സുവിശേഷം പങ്കു വയ്ക്കുകാനുമുള്ള ചുമതല ക്രിസ്തീയ സഭകൾക്കുണ്ട് എന്ന സത്യം നാം വിസ്മരിച്ചു കളയരുത്.
ചിന്തക്ക് : 'ആകയാൽ യുക്തമായതു നിന്നോടു കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസനും ഇപ്പോൾ ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കുകയത്രേ ചെയ്യുന്നത്. തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനുവേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുൻപെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു. ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നെ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു' (ഫി ലേമോൻ : 8...13)

