ശുഭതീരമണയാൻ വേണം വിപദിധൈര്യം 

ശുഭതീരമണയാൻ  വേണം വിപദിധൈര്യം 

റവ.ജോർജ് മാത്യു പുതുപ്പള്ളി

തെളിഞ്ഞ ഒരു പ്രഭാതമായിരുന്നു അത്. അതിഭയാനകമായ അലർച്ചയോടെ പതഞ്ഞൊഴുകുന്ന നയാഗ്ര നദി ആയിരക്കണക്കിന് അടി താഴ്ചയുള്ള പാറക്കെട്ടുകളിലേക്കു തല്ലിയലച്ചു വീഴുന്നു. വിശ്വപ്രസിദ്ധമായ ഈ നയാഗ്ര വെള്ളച്ചാട്ടത്തിനു മുകളിൽ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് വളരെ നീളമുള്ള ഒരു വടം വലിച്ചുകെട്ടിയിരിക്കുന്നു.

1858 ജൂൺ 30. സാഹസികനായ ചാൾസ് ബ്ലോൻഡിൻ അന്ന് നയാഗ്രക്ക് മുകളിലെ വടത്തിലൂടെ കുറുകെ കടക്കുമെന്ന് പരസ്യം ചെയ്തു. ചരിത്രപ്രധാനമായ ഈ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുവാൻ പതിനായിരക്കണക്കിന് ആളുകൾ നയാഗ്രയുടെ ഇരുകരകളിലും തടിച്ചുകൂടിയിരുന്നു. ഒരു കമ്പ് കുറുകെപ്പിടിച്ച് ബ്ലോൻഡിൻ വടത്തിനു മുകളിലൂടെ വളരെ സൂക്ഷ്മതയോടെ നീങ്ങുവാൻ തുടങ്ങി. ജനമഹാസമുദ്ര ശ്വാസമടക്കി അത്ഭുതസ്തബ്ധരായി നോക്കിനിന്നു. ഒടുവിൽ ബ്ലോൻഡിൻ വിജയസ്മിതത്തോടെ മാറുകരയെത്തി. ആഹ്ലാദചിത്തരായ ജനക്കൂട്ടം താഴെ നിന്നുകൊണ്ട് ഹർഷാരവം മുഴക്കി.

ബ്ലോൻഡിൻ പുതിയൊരു നിർദേശം മുന്നോട്ടു വച്ചു. ചുമലിൽ ഒരാളെയും വഹിച്ചുകൊണ്ട് താൻ വടത്തിലൂടെ മറുകരയ്ക്കു പോകാം. പക്ഷെ ആരായിരിക്കും അതിനു തയാറാവുക ? ആളുകൾ അന്യോന്യം ചോദിച്ചു. പലരും അതിനു തയാറാകാൻ മനസില്ലാതെ പുറകോട്ടു വലിഞ്ഞു. മുൻനിരയിൽ നിന്നിരുന്ന കാണികളിൽ ഒരുവനെ നോക്കി ബ്ലോൻഡിൻ ചോദിച്ചു : 'താങ്കളെ അക്കരയ്ക്കു കൊണ്ടുപോകാൻ എനിക്ക് ആഗ്രഹമുണ്ട്. എനിക്കതിനു കഴിയുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ മടിക്കാതെ ധൈര്യപൂർവം മുന്നോട്ടു വരിക.' പക്ഷെ അയാൾ വേഗം തന്നെ ആൾക്കൂട്ടത്തിനിടയിൽ മുങ്ങിക്കളഞ്ഞു.

ബ്ലോൻഡിൻ നിരാശനാകാതെ തന്റെ സെക്രട്ടറിയായ ഹെൻറി കോൾ കോർഡിനോടു ചോദിച്ചു : 'താങ്കളെ അക്കരയ്ക്കു കൊണ്ടുപോകാൻ ഞാൻ പ്രാപ്തനാണെന്നു താങ്കൾ വിശ്വസിക്കുന്നുവോ ?' ചാട്ടുളിപോലെ ഉത്തരവും വന്നു : 'തീർച്ചയായും ഞാൻ വിശ്വസിക്കുന്നു. അക്കാര്യത്തിൽ എനിക്ക് ലവലേശം സംശയമില്ല.' ഹെൻറി കോൾ കോർഡ് ധൈര്യത്തോടെ മുമ്പോട്ടു വന്നു. ശ്വാസം അടക്കിപ്പിടിച്ച് പതിനായിരങ്ങൾ നോക്കി നിൽക്കുമ്പോൾ ബ്ലോൻഡിൻ സെക്രട്ടറിയുമായി നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മറുകരയിൽ സുരക്ഷിതമായി എത്തി. നമ്മുടെ രക്ഷകനായ യേശുകർത്താവിൽ നമുക്കും ഇതുപോലെയുള്ള വിശ്വാസമുണ്ടോ ? ആത്മാർത്ഥമായി മന:സാക്ഷിയോട് ചോദിച്ചു നോക്കുക. ഇല്ലെങ്കിൽ നാം വെറും നാമധേയക്രിസ്ത്യാനികൾ മാത്രമാണ്.

ചിന്തക്ക് : 'വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു, തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായിത്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പി ച്ചതിനാൽ തിരികെ കിട്ടി. മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേൽപ്പ് ലഭിക്കേണ്ടതിന് ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറ് ഏറ്റു, ഈർച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു, ലോകം അവർക്കു യോഗ്യമായിരുന്നില്ല' (എബ്രായർ 11 : 33...38)

Advertisement