ഉപദേശി പറഞ്ഞ വാക്കുകൾ | കഥ
കഥ
ഉപദേശി പറഞ്ഞ വാക്കുകൾ
സാമുവേൽ, കാലായിൽ, കട്ടപ്പന
കൂട്ടാരപ്പുഴ ഒഴുകിമറിയുന്നത്. അയാൾ നോക്കിനിന്നു. അന്ന് ഒരു ശിശിരത്തിൽ കൂട്ടാർ പുഴയുടെ തീരത്തുകൂടെ ഉപദേശി നടന്നു മറയുന്നത് അയാൾ നോക്കിനിന്നു. അന്ന് ഉപദേശി അയാൾക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് പറഞ്ഞു, "പോകട്ടെ"... നടന്നുമറയുന്ന ഉപദേശിയെ അയാൾ അല്പം വേദനയോടെ നോക്കിനിന്നു. ഉപദേശി ഇനി ഒരിക്കൽകൂടി കൂട്ടാറിൻ്റെ തീരത്തേക്ക് വരില്ല എന്നയാൾ അറിഞ്ഞു. ഉപദേശിയെ കൂട്ടാർ ഗ്രാമം ഏറെ സ്നേഹിച്ചിരുന്നു.
വർഷങ്ങൾക്ക് മുമ്പ് മറ്റൊരു നാട്ടിൽ നിന്ന് സുവിശേഷവേലയ്ക്കായി ഗ്രാമത്തിൽ എത്തിയ ഉപദേശി അധികം വൈകാതെ ഗ്രാമീണരുടെ ഹൃദയം കവരുകയായിരുന്നു. ഗ്രാമീണരെ ഏറെ സ്നേഹിച്ച ഉപദേശിയുടെ പ്രാർഥനയിലൂടെ അനേകർക്ക് രോഗ സൗഖ്യം ലഭിച്ചു. മദ്യപാനികൾ പലരും മദ്യപാനം ഉപേക്ഷിച്ച് യേശുവിനെ പിൻപറ്റി.
നോവലിസ്റ്റായ അയാൾ ഒരു നോവൽ പൂർത്തികരിക്കാനാണ് കൂട്ടാറിൻ്റെ തീരത്ത് വാടകവീട് എടുത്തത്. കൂട്ടാറിൻ്റെ തീരത്ത് അയാൾ പലപ്പോഴും ഉണ്ടായിരുന്നു. അയാൾക്ക് കൂട്ടിനായി എപ്പോഴും അയാളുടെ ഏകമകൻ റ്റിനു കൂടെയുണ്ടാകും. കൂട്ടാറിന്റെ തീരം റ്റിനുവിന് ഏറെ ഇഷ്ടമായിരുന്നു. കൂട്ടാറിന്റെ തീരത്ത് ഓടികളിക്കുക അവന് ഒരു ഹരമായിമാറി.
അന്ന് ഒരു ശിശിരത്തിലെ സായംസന്ധ്യയായിരുന്നു. മദ്യലഹരിയിലായിരുന്ന അയാളുടെ ശ്രദ്ധ ഒരുനിമിഷം റ്റിനുവിൽനിന്ന് മാറിയപ്പോൾ അവൻ ആറ്റിൽ വീണു. മദ്യലഹരിവിട്ട അയാൾ അവനെ കൂട്ടാറിൽ തിരഞ്ഞു. ഒരു ഭ്രാന്തനെപ്പോലെ അയാൾ ഉറക്കെ അലറിവിളിച്ചു 'റ്റിനു, റ്റി നുമോനെ...."
രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ റ്റിനുവിന്റെ മൃതശരീരം കൂട്ടാറിൻ്റെ തീരത്ത് അടിഞ്ഞു. അയാൾ ഒരു ഭ്രാന്തനാവുകയായിരുന്നു. ഊണിലും ഉറക്കത്തിലും റ്റിനു മോൻ്റെ മുഖം മാത്രം. റ്റിനുമോന്റെ കളിപ്പാട്ടങ്ങളും കൊച്ചുടുപ്പുകളും കണ്ടയാൾ അലറിവിളിച്ചു...
ശിശിരങ്ങൾ പലതും കരഞ്ഞും, ചിരിച്ചും വന്നുപോയി. അയാളുടെ നോവൽ പൂർത്തിയായി. കൂട്ടാർ ഗ്രാമത്തോട് ഇന്ന് വിടപറയുകയാണ്. കൂട്ടാറിൻ്റെ തീരത്ത് അയാൾ എത്തി. അയാളുടെ അടഞ്ഞ ബ്രീഫ്‌കേസിൽ റ്റിനുമോന്റെ കളിപ്പാട്ടങ്ങൾ ഭദ്രമായി വച്ചു. ഒഴുകിമറയുന്ന കൂട്ടാറിലേക്ക് ഒരു നിമിഷം തിരിഞ്ഞുനോക്കുമ്പോൾ ഒരു കൈ അയാളുടെ തോളിൽ മൃദുവായി തട്ടി. ഉപദേശി കറുത്ത ബൈയന്റ്റിട്ട ഒരു ബൈബിൾ അയാൾക്ക് നൽകി. 'ഈ പുസ്‌തകം വായിക്കണം. യേശുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കണം".
വർഷങ്ങൾ ഒത്തിരി കടന്നുപോയി. ശിശിരവും, ഹേമന്തവും എത്രയോ വന്നുപോയി. കൂട്ടാർ അപ്പോഴും ചിരിതൂകി ഒഴുകിക്കൊണ്ടിരുന്നു. കൂട്ടാറിൻ്റെ തീരത്ത് സുവിശേഷം വിളിച്ചുപറയുന്ന ഒരാളെ എല്ലാവരും തിരിച്ചറിഞ്ഞു, അത് അയാൾ ആയിരുന്നു. ആ കറുത്ത ബൈന്റ്റിട്ട ബൈബിൾ അയാളുടെ കൈകളിൽ ഉണ്ടായിരുന്നു.
Advt.











