കെന്റക്കിയിലെ ലെക്സിംഗ്ടണിൽ ദേവാലയത്തിൽ വെടിവെയ്പ്; രണ്ട് മരണം
കെൻ്റക്കി: കെന്റക്കിയിലെ ലെക്സിംഗ്ടണിലുള്ള റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ജൂലൈ 13, ഞായറാഴ്ച നടന്ന വെടിവയ്പ്പിൽ രണ്ട് സ്ത്രീകൾ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. മരണമടഞ്ഞവർ എഴുപത്തിരണ്ടും, മുപ്പത്തിരണ്ടും വയസ്സുള്ള സ്ത്രീകൾ ആണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം പ്രതിക്ക് പള്ളിയിലെ ആളുകളുമായി ബന്ധമുണ്ടായിരുന്നിരിക്കാമെന്ന് ലെക്സിംഗ്ടൺ പോലീസ് മേധാവി ലോറൻസ് വെതേഴ്‌സ് ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ വിശദീകരണങ്ങൾ നൽകിയില്ല. വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പോലീസ് അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വെടിവച്ചയാളുടെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവ പരമ്പര ആരംഭിക്കുന്നത് വിമാനത്താവളത്തിൽ രാവിലെ 11:35 ഓടെയാണ്. ലൈസൻസ് പ്ലേറ്റ് റീഡർ അലേർട്ട് ലഭിച്ചതിനെത്തുടർന്ന് സ്റ്റേറ്റ് ട്രൂപ്പർ വിമാനത്താവളത്തിനടുത്തുള്ള ടെർമിനൽ ഡ്രൈവിൽ ഒരു വാഹനം നിർത്തി പരിശോധിക്കവേ സ്റ്റേറ്റ് ട്രൂപ്പറെ വെടിവച്ച് പ്രതി രക്ഷപ്പെടുക യായിരുന്നു. സംഭവസ്ഥലത്ത് നിന്നും പ്രതി മറ്റ് ഒരു വാഹനം തട്ടിയെടുത്ത് രക്ഷപ്പെടുകയും തുടർന്ന് ഏകദേശം 15 മൈൽ അകലെയുള്ള റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിൽ എത്തുകയായിരുന്നു. അവിടെ മറ്റ് രണ്ട് പുരുഷന്മാരെയും വെടിവച്ച് പരിക്കേൽപ്പിച്ചതായും പോലീസ് പറഞ്ഞു. വെടിവയ്പ്പിൽ പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വെതേഴ്‌സ് പറഞ്ഞു. ഒരാളുടെ നില ഗുരുതരമാണെന്നും മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ പ്രതി മരിച്ചതായി സ്ഥിരീകരിച്ചു. "ഈ വിവേകശൂന്യമായ അക്രമ പ്രവർത്തനങ്ങളാൽ ബാധിക്കപ്പെട്ട എല്ലാവർക്കും വേണ്ടി ദയവായി പ്രാർത്ഥിക്കുക എന്നും ലെക്സിംഗ്ടൺ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെയും കെന്റക്കി സ്റ്റേറ്റ് പോലീസിന്റെയും വേഗത്തിലുള്ള പ്രതികരണത്തിന് നമുക്ക് നന്ദി പറയാം,” എന്നും കെന്റക്കി ഗവർണർ ആൻഡി ബെഷിയർ നേരത്തെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
വാർത്ത: സാം മാത്യു, ഡാളസ്.

