പാസ്റ്റർ വത്സൻ എബ്രഹാം: മികവുറ്റ നേതാവും പ്രഭാഷകനും


പാസ്റ്റർ വത്സൻ എബ്രഹാം: മികവുറ്റ നേതാവും പ്രഭാഷകനും

ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അനുസ്മരിക്കുന്നു

വേദനപ്പെടുത്തുന്ന ഒരു വാർത്ത കണ്ടുകൊണ്ടാണ് രാവിലെ ഓൺലൈൻ ഗുഡ്ന്യൂസ് തുറന്നത്. വ്യക്തിപരമായി നല്ല അടുപ്പം പുലർത്തിയിരുന്ന പാസ്റ്റർ വത്സൻ ഏബ്രഹാമിന്റെ വിയോഗവാർത്ത എന്നെപ്പോലെ അനേകരെ ദുഃഖിപ്പിച്ചിരിക്കും. ആശയപരമായി അടുത്ത കാലത്തെ പ്രവർത്തനരീതികളുമായി ശക്തമായ വിയോജിപ്പുള്ളപ്പോൾ തന്നെ വ്യക്തിപരമായി ഞങ്ങൾ തമ്മിൽ ഊഷ്മളമായ സ്നേഹബന്ധം പുലർത്തിയിരുന്നു.

ഗുഡ്ന്യൂസിന്റെ ലൈഫ് മെമ്പർഷിപ്പ് സ്കീം ഞാൻ കുമ്പനാട് വെച്ച് നേരിട്ട് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടുകൂടി പങ്കാളിയായ അനുഭവം ഓർക്കുന്നു. ലൈഫ് മെമ്പർഷിപ്പ് സ്കീമിൽ ഉൾപ്പെട്ട ആദ്യത്തെ രണ്ടോ മൂന്നോ പേരിൽ ഒരാളായിരുന്നു പ്രിയ വത്സൻ പാസ്റ്റർ. തന്റെ പിതാവ് പാസ്റ്റർ ടി. എസ്. എബ്രഹാമും ഗുഡ്ന്യൂസിനോട് വ്യക്തിപരമായി നല്ല ബന്ധം പുലർത്തിയിരുന്നു. അവരുടെ പിതാവ് കെ. ഇ. എബ്രഹാം സാർ ജീവിച്ചിരുന്നപ്പോഴാണ് ഗുഡ്ന്യൂസ് തുടങ്ങിയതെങ്കിൽ കൂടുതൽ മുന്നേറ്റത്തിന് സാധ്യത ഉണ്ടായിരുന്നുവെന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. 

ഞാൻ അമേരിക്ക സന്ദർശിച്ച സമയങ്ങളിൽ അപൂർവമായി മാത്രമാണ് പാസ്റ്റർ വത്സനുമായി കണ്ടുമുട്ടാൻ അവസരം ലഭിച്ചിട്ടുള്ളത്. എന്നാൽ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യുന്ന പ്രകൃതം ഞങ്ങളുടെ സൗഹൃദത്തിന്റെ തെളിവാണ്. 

മികച്ച പ്രഭാഷകനും കൂടിയായിരുന്ന അദ്ദേഹത്തിൻ്റെ ഒരു ഓർഡിനേഷൻ  സമയത്തുള്ള പ്രഭാഷണം മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നു. അതുവരെ കേൾക്കാത്ത വിധം അടുക്കും ചിട്ടയും ഉള്ള പ്രൗഢഗംഭീരമായ ഒന്നായിരുന്നു ആ പ്രഭാഷണം. 

ഞാൻ ഐപിസി തൃശ്ശൂർ സെന്റർ സെക്രട്ടറിയായിരിക്കുമ്പോൾ സെന്റർ കൺവെൻഷൻ പ്രസംഗകനായി അദ്ദേഹത്തെ ക്ഷണിച്ചു. പ്രസംഗകനായി അദ്ദേഹത്തെ ലഭിക്കുവാൻ പ്രയാസമുള്ള സമയമായിരുന്നെങ്കിലും എന്റെ ക്ഷണം സ്വീകരിച്ച് ആദ്യമായി അദ്ദേഹം തൃശ്ശൂരിൽ സെന്റർ കൺവെൻഷനിൽ നല്ല ഒരു സന്ദേശം നൽകിയത് ഇപ്പോഴും ഓർക്കുന്നു. 

ഗുഡ്ന്യൂസിൻ്റെ ഓൺലൈൻ പതിപ്പായ ഓൺലൈൻ ഗുഡ്ന്യൂസിൻ്റെ ഉദ്ഘാടനം 2018 ജനുവരി 19 ന് നിർവഹിച്ചതും പിന്നീട് കുമ്പനാട് ഹെബ്രോൺപുരത്തിന് മുൻപിൽ ഗുഡ്ന്യൂസ് ഓഫീസ് തുറക്കുവാൻ തീരുമാനിച്ചപ്പോൾ അതും ഉദ്ഘാടനം ചെയ്തതും പാസ്റ്റർ വൽസൻ എബ്രഹാം ആയിരുന്നു. ഗുഡ്ന്യൂസിൻ്റെ വിപുലീകരണങ്ങളിലെല്ലാം
ഞങ്ങൾ ആദ്യ പരിഗണന നൽകിയത് വത്സൻ എബ്രഹാം പാസ്റ്ററെയായിരുന്നു. ഏതു സമയത്തും തന്നെ ക്ഷണിക്കുന്ന ഉത്തരവാദിത്വം എനിക്കായിരുന്നു. അപ്പോഴൊക്കെ  അദ്ദേഹം കടന്നുവരികയും ഗുഡ്ന്യൂസിന്റെ ആരംഭത്തെയും പ്രവർത്തന രീതികളെയും അനുസ്മരിച്ച് പ്രൗഢമായ ഒരു പ്രഭാഷണം നടത്തിയത് ഞങ്ങൾക്ക് മറക്കാനാവില്ല. 

ഇന്ന് രാവിലെ വിയോഗവാർത്ത അറിഞ്ഞയുടൻ ഞാൻ പാസ്റ്റർ വൽസൻ്റെ സഹോദരിയായ സിസ്റ്റർ മേഴ്സിയെ (സ്റ്റർലാ ലൂക്ക്) വിളിച്ചു കാര്യങ്ങൾ തിരക്കിയിരുന്നു. സംസാരം അവസാനിപ്പിക്കുമ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധത്തെയും മറ്റു ബഹുമാന്യരെയും കുറിച്ച് പ്രിയ സഹോദരൻ അനുസ്മരിക്കാറുള്ളത് ഓർമ്മിപ്പിച്ചു.

പെന്തെക്കോസ്ത് സഭകളിലെ പ്രത്യേകിച്ച് ഐപിസി.യുടെ തലയെടുപ്പുള്ളതും പൊതുജന സമക്ഷം അവതരിപ്പിക്കുവാൻ കൊള്ളാവുന്ന ഒരു നേതാവാണ് നമുക്ക് നഷ്ടപ്പെട്ടത്. ഈ നഷ്ടം നികത്തുക എളുപ്പമല്ല. കുടുംബാംഗങ്ങളുടെ ദുഃഖത്തിലും അതിലുപരി പ്രത്യാശയിലും ഞാനും ഗുഡ്ന്യൂസ് കുടുംബവും പങ്കുചേരുന്നു. സർവ്വശക്തനായ ദൈവം ഏവരെയും ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.