ഡോ. വി.വി. തോമസ്: കഠിനാദ്ധ്വാനത്തിന്റെ മകുടോദാഹരണം

ഡോ. വി.വി. തോമസ്: കഠിനാദ്ധ്വാനത്തിന്റെ മകുടോദാഹരണം

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഡോ. വി.വി. തോമസിനെ പാസ്റ്റര്‍ റെജി മൂലേടം അനുസ്മരിക്കുന്നു

രും അറിയാത്ത മലബാറിലെ ഒരു കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച് പതിനഞ്ചാമത്തെ വയസ്സില്‍ സുവിശേഷ വേലയ്ക്ക് വിളി കേട്ടിറങ്ങി, കര്‍ത്താവില്‍ പ്രസിദ്ധനായിത്തീര്‍ന്ന് കര്‍ത്തൃസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ട ഡോ. വി.വി. തോമസിന്റെ ജീവിതം ഏറെ സവിശേഷതയുള്ളതാണ്. അചഞ്ചലമായ ദൈവാശ്രയംകൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും മാത്രം ഉയരത്തിലെത്തിയ അദ്ദേഹം, ഇന്ത്യയിലെ അറിയപ്പെടുന്ന സഭാചരിത്ര അധ്യാപകനാണ്. ആറ് പതിറ്റാണ്ടുകൊണ്ട് ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതെല്ലാം ചെയ്ത് തീര്‍ത്ത്, കറപുരളാത്ത വ്യക്തിത്വത്തിന്റെ മാതൃക സുവിശേഷലോകത്ത് കാഴ്ച വച്ചിട്ടാണ് എ.ജി. സഭയുടെ ഒരു പാസ്റ്ററും കൂടെയായിരുന്ന ഡോ. തോമസ് മടങ്ങിയത്. 

പത്താം ക്ലാസ്സ് പഠനം കഴിഞ്ഞപ്പോള്‍ സുവിശേഷവേലയ്ക്കായി വിളിയുണ്ടായതിനാല്‍ പ്രശസ്ത സുവിശേഷ പ്രസ്ഥാനമായ ഒ.എം.ല്‍ ചേര്‍ന്നു. പരിശീലനാനന്തരം വടക്കേന്ത്യയുടെ വിവിധഭാഗങ്ങളില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിക്കുകയും, ബാംഗ്ലൂര്‍ SABCയില്‍ നിന്നും B.Th പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചില വര്‍ഷങ്ങള്‍കൂടി വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ സുവിശേഷകനായി പ്രവര്‍ത്തിച്ച ശേഷം വേദപഠനം തുടരാനുള്ള ആഗ്രഹത്താല്‍, പൂനായിലെ UBSല്‍ B.D. പഠനം നടത്തുകയും ബാംഗ്ലൂര്‍ UTC യില്‍ നിന്നും സഭാചരിത്രത്തില്‍ M.Th ഉം നേടുകയുണ്ടായി. ഈ പഠന കാലത്തെല്ലാം ആവശ്യമുള്ള മുഴുവന്‍ പണവും ദൈവം തനിക്ക് അത്ഭുതകരമായി കരുതുകയായിരുന്നു. 

തുടര്‍ന്ന്, 1991ല്‍ UBSല്‍ അധ്യാപകനായി ചേരുകയും നീണ്ട 27 വര്‍ഷങ്ങള്‍, ലേഖകനുള്‍പ്പെടെയുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ സുവിശേഷ വേലയ്ക്കായി പരിശീലിപ്പിക്കുവാന്‍, ഒരു യഥാര്‍ത്ഥ സുവിശേഷകന്റെ മാതൃക സ്വജീവിതത്തിലൂടെ കാണിച്ചുകൊണ്ട് അവരെ സ്വാധീനിക്കുവാന്‍ തനിക്കിടയായി. ഇതിനിടയില്‍ ബാംഗ്ലൂരിലെ പ്രശസ്തമായ UTCയില്‍ നിന്നും PhD സഭാചരിത്രത്തില്‍ നേടുന്നതിനും കഴിഞ്ഞു.

2018 മുതല്‍ മരണംവരെ യു.ടി.സി. യിലെ പ്രൊഫസറും ഡോക്ടറല്‍ വിദ്യാര്‍ത്ഥികളുടെ ഗൈഡും ആയി താന്‍ പ്രവര്‍ത്തിച്ചിരുന്നു.

വിവിധ സഭകളിലെ വേദശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കാന്‍ അധ്യാപന മികവിലൂടെയും ജീവിതത്തിലൂടെയും കഴിഞ്ഞ ഈ പ്രശസ്ത അധ്യാപകന്‍, നിലമ്പൂരില്‍ 'ഫോക്കസ് ഇന്ത്യ തിയോളജിക്കല്‍ കോളേജ്' സ്ഥാപിച്ചു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ഹൃദയങ്ങളില്‍ ഇടം തേടാന്‍ കഴിവുള്ള, ഒട്ടും ജാഢകളില്ലാത്ത സ്‌നേഹം ആവോളം കൊടുക്കുവാന്‍ മടിയില്ലാത്ത വ്യക്തിത്വമായിരുന്നു വെളുത്തമോടയില്‍ വര്‍ഗീസ് തോമസ് എന്ന വി.വി. തോമസ് എന്ന വര്‍ഗീസ് തോമസ് എന്ന വി.വി. തോമസ്.

ഇന്ത്യയിലെ മിക്ക വേദശാസ്ത്ര സ്ഥാപനങ്ങളിലും പഠന സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചിട്ടുള്ള പ്രഗത്ഭനായ ചരിത്രാധ്യാപകന്‍ ആയിരുന്നു. തന്റെ കാഴ്ചപ്പാടുകളെ വചനാടിസ്ഥാനത്തില്‍ വിശകലനം ചെയ്ത കറതീര്‍ന്ന ഒരു പെന്തക്കോസ്ത് അധ്യാപകന്‍, എളിയ തുടക്കത്തില്‍ ആരംഭിച്ച് പ്രശസ്തിയുടെ ഔന്നത്യത്തങ്ങളില്‍ എത്തിച്ചേര്‍ന്ന അതുല്യ പ്രതിഭ, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വചനത്തിന്റെ സാക്ഷിയായി കാല്‍കുത്തിയ സുവിശേഷകന്‍, ഭൗതീക നേട്ടങ്ങളെക്കാള്‍ സുവിശേഷത്തിന്റെ വ്യാപ്തിക്കായി അവസാനം വരെ അധ്വാനിച്ച ധീരപടയാളി, വാക്കും പ്രവര്‍ത്തിയും വേര്‍പിരിക്കാതെ 'ഇന്റഗ്രിറ്റി' കാത്തുസൂക്ഷിച്ച പ്രഭാഷകന്‍, ദൈവസ്‌നേഹം ജീവിതത്തിലൂടെ ആയിരങ്ങളുടെ ഹൃദയത്തിലേക്ക് പകര്‍ന്ന് കൊടുത്ത ക്രിസ്തുഭക്തന്‍, ഇന്ത്യയിലെ നൂറു കണക്കിന് വേദവിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനം നല്‍കി, സ്വാധീനിച്ച മികച്ച അധ്യാപകന്‍, ഒട്ടും മുഖംമൂടിയില്ലാതെ ജനഹൃദങ്ങളില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ മനുഷ്യസ്‌നേഹി, അനുകരിക്കാന്‍ കൊള്ളാവുന്ന ഒട്ടേറെ മാതൃക കാട്ടിയ യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍ ഇതെല്ലാമായിരുന്നു ഡോ. വി.വി. തോമസ്.

പലപ്പോഴും അധ്യാപക യോഗങ്ങളില്‍ താന്‍ ഉദ്ധരിച്ചിരുന്ന ഉദ്ധരണി ഇങ്ങനെയായിരുന്നു: എല്ലാ വേദശാസ്ത്ര അധ്യാപര്‍ക്കും ഒരു പണ്ഡിതന്റെ മനസ്സും, ശുശ്രൂഷകന്റെ ഹൃദയവും, സുവിശേഷകന്റെ ആത്മഭാരവും, ഒരു വിശുദ്ധന്റെ ജീവിതവും ഉണ്ടായിരിക്കണം. തന്റെ താഴ്മയും സത്യസന്ധതയും അര്‍പ്പണ ബോധവു തന്റെ ഉയര്‍ച്ചയ്ക്ക് കാരണമായി എന്നുമാത്രമല്ല, കടന്ന് വന്ന പഴയ വഴികളെ മറക്കാതെ അത് പരസ്യമായി പറയുവാന്‍ മടി കാണിക്കാത്തതും തികച്ചും അനുകരണീയവുമാണ്. ദൈവം തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായപ്പോള്‍, തന്റെ ഓഹരിയും പ്രതിഫലവും വാങ്ങുവാന്‍ കര്‍ത്തൃസന്നിധിയിലേക്ക് വിളിച്ച് ചേര്‍ക്കുകയായിരുന്നു.

Advertisement