അടയാളം കണ്ടവർ!


അടയാളം കണ്ടവർ!

അടയാളം കണ്ടവർ!

 ഫേബ ജോർജ്, കുമ്പനാട് 

പിന്നെയും ദൈവം അരുളിചെയ്തത് ; ഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകല ജീവജന്തുക്കളും തമ്മിൽ തലമുറ തലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിത്: ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു. അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന് അടയാളമായിരിക്കും ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും. അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകല ജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാനും ഓർക്കും. (ഉല്പത്തി 9: 12 - 15).

പഴയനിയമത്തിലെ ആദ്യത്തെ അടയാളമാണ് വില്ല് (മഴവില്ല്). നോഹയുടെ കാലത്ത് മനുഷ്യൻ ഭൂമിയിൽ പെരുകി തുടങ്ങി. സകല ജഡത്തിൻ്റെയും അവസാനം എൻ്റെ മുമ്പിൽ വന്നിരിക്കുന്നു. ഭൂമിയിൽ അവരാൽ അതിക്രമം കൊണ്ടു നിറഞ്ഞിരിക്കുന്നു എന്നും ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും എന്നും ദൈവം നോഹയോട് കല്പിച്ച പ്രകാരം നോഹ ഗോഫർ മരം കൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി. 

അതിന് ദൈവം പറഞ്ഞതായ അളവിൽ പണിതു. അതിൽ നോഹയും കുടുംബവും പുത്രന്മാരും അവരുടെ ഭാര്യന്മാരും ഭൂമിയിലെ സകല ജീവികളിൽ നിന്നും സർവ്വ ജഡത്തിൽ നിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷക്കായി പെട്ടകത്തിൽ കയറ്റണം. അവ ആണും പെണ്ണും ആയിരിക്കണം എന്ന് കല്പിച്ചു. അപ്രകാരം നോഹ ചെയ്തു. അതിനുശേഷം യഹോവ പെട്ടകത്തിൻ്റെ വാതിൽ അടച്ചു.

ഭൂമിയിൽ 40 രാവും 40 പകലും മഴ പെയ്തു. 150 ദിവസം ഭൂമിയിൽ വെള്ളം പൊങ്ങികൊണ്ടിരുന്നു. അതിനു ശേഷം പെട്ടകം അരറാത്ത് പർവ്വതത്തിൽ ഉറച്ചു. നോഹയും കുടുംബവും സകല മൃഗങ്ങളും, ഇഴജാതികളും, എല്ലാ പറവകളും, ഭൂചരങ്ങളൊക്കെയും ജാതിജാതിയായി ഇറങ്ങി. നോഹ യാഗപീഠം പണിതു. അത് യഹോവയ്ക്ക് പ്രസാദമായി. യഹോവ സൗരഭ്യവാസന മണത്തറിഞ്ഞ്, ഞാൻ മനുഷ്യന്റെ നിമിത്തം ഈ ഭൂമിയെ ശപിക്കില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യം മുതൽ ദോഷമുള്ളതാകുന്നു. ഞാൻ ഇനി സകല ജീവികളെയും ഇനി നശിപ്പിക്കില്ല. ഭൂമിയെ നശിപ്പിക്കാൻ ജലപ്രളയം ഉണ്ടാകുകയില്ല എന്ന് പറഞ്ഞ് ദൈവം നോഹയ്ക്ക് ഒരു അടയാളം കൊടുത്തു. ഞാൻ എൻ്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു. അത് ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന് അടയാളമായിരിക്കും എന്നുപറഞ്ഞു. ആ അടയാളമാണ് നാം ഇന്ന് കാണുന്ന മഴവില്ല്.

പുറപ്പാട് 4: 2-9 വരെയുള്ള വാക്യങ്ങളിൽ യഹോവ മോശയ്ക്ക് നിന്റെ കയ്യിൽ ഇരിക്കുന്ന വടി നിലത്തിടുക. അത് നിലത്തിട്ടു, സർപ്പമായിത്തീർന്നു. യഹോവ മോശയോട്: അതിനെ വാലിനു പിടിക്ക, അവൻ കൈ നീട്ടി അതിനെ പിടിച്ചു. അത് വീണ്ടും വടിയായി തീർന്നു. നിന്റെ കൈ മാർവ്വിടത്തിൽ ഇടുക. അവൻ ഇട്ടു, പുറത്തു എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠംമുള്ളതായി കണ്ടു. വീണ്ടും കൈ ഇടുക എന്നുപറഞ്ഞു. കൈ ഇട്ടു, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു. ഈ അടയാളം എന്റെ ജനമായ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നും ദൈവത്തെ ആരാധിക്കേണ്ടതിനും പുറപ്പെടുവിക്കേണ്ടതിന് ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും. എന്നാൽ ഞാൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കും. അവർ എന്നെ വിശ്വസിക്കേണ്ടതിനും എൻ്റെ വാക്കും കേൾക്കാതെയും ഇരുന്നാൽ ഈ അടയാളങ്ങൾ കാണിക്കണം എന്ന് യഹോവ മോശയോട് കല്പിച്ചു. ദൈവം മോശയിൽ കൂടി പല അടയാളങ്ങളും നൽകിട്ടുണ്ട്.

യോശുവാ 4 : 5,6. യോശുവായോട് യഹോവ കല്പിച്ച പ്രകാരം ജനത്തോട്: യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ ചെന്നു. യിസ്രയേൽ മക്കളുടെ ഗോത്രസംഖ്യയ്ക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ല് ചുമലിൽ എടുക്കണം. ഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കണം. ഈ കല്ല് എന്ത് എന്ന് നിങ്ങളുടെ മക്കൾ വരുങ്കാലത്തു ചോദിക്കുമ്പോൾ യോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിൻ്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതു നിമിത്തം തന്നേ എന്ന് അവരോടു പറയണം. അതു യോർദ്ദാനെ കടന്നപ്പോൾ യോർദ്ദിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ട് ഈ കല്ലു യിസ്രായേൽ മക്കൾക്ക് എന്നേക്കും ജ്ഞാപകമായിരിക്കണം എന്നുപറഞ്ഞു. അതാണ് 12 കല്ലുകൾ യോർദ്ദാൻ്റെ നടുവിലും നിയമപെട്ടം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തു യോശുവാ 12 കല്ലു നാട്ടി. അവ ഇന്നുവരെ അവിടെ കാണുവാൻ സാധിക്കും. 

യെശയ്യാവ് 38: 7,8 ഹിസ്ക്കീയാവിന് മരിക്കത്തക്ക രോഗം പിടിച്ചു. യെശയ്യാവ് മുഖാന്തിരം യഹോവ അരുളിചെയ്തത്, നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക, നീ മരിച്ചുപോകും എന്നുപറഞ്ഞതിന്: ഹിസ്ക്കീയാവ് മുഖം ചുവരിൻ്റെ നേരെ തിരിച്ചു അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമുള്ളത് ചെയ്തിരിക്കുന്നു എന്ന് ഓർക്കണമേ എന്നുപറഞ്ഞു ഏറ്റവും കരഞ്ഞു. ആ പ്രാർത്ഥന യഹോവ കേട്ടു. ഞാൻ നിന്റെ പ്രാർത്ഥന കേട്ട് നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. 

ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും എന്ന് പറഞ്ഞതിന് ഹിസ്ക്കീയാവ് യെശയ്യാവിനോട്: യഹോവ എന്നെ സൗഖ്യമാക്കുകയും മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത് എന്ന് ചോദിച്ചതിന്; യഹോവ അരുളിചെയ്ത പ്രകാരം യെശയ്യാവ് കൊടുത്ത അടയാളം:- അരുളിചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിൽ നിന്ന് ഇതു നിനക്ക് അടയാളം ആകും. നിഴൽ പത്തുപടി മുമ്പോട്ടു തിരിയണമോ? പത്തുപടി പിന്നോക്കം തിരിയണമോ എന്ന് ചോദിച്ചു. ഹിസ്ക്കീയാവ്: നിഴൽ പത്തുപടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു. അങ്ങനെയല്ല, നിഴൽ പത്തു പടി പിന്നോക്കം തിരിയട്ടെ എന്നുപറഞ്ഞു. അപ്പോൾ യെശയ്യാവ് യഹോവയോട് വിളിച്ചപേക്ഷിച്ചു. സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തുപടി പിന്നോക്കം തിരിയുമാറാക്കി. അവനു സൗഖ്യം വന്നു.

ലൂക്കോസ് 1: 20 തക്കസമയത്തു നിവൃത്തി വരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്ക കൊണ്ട് അതു സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു. സെഖര്യാവ് എലീശബെത്ത് എന്നിവർ ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എന്നാൽ അവർക്ക് മക്കൾ ഇല്ലായിരുന്നു. സെഖര്യാവ് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തു വരുമ്പോൾ ഗബ്രീയേനായ ദൂതൻ: നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമായി. നിന്റെ ഭാര്യ എലീശബെത്ത് ഒരു മകനെ പ്രസവിക്കും അവന് യോഹന്നാൻ എന്ന് പേരിടണം എന്നുപറഞ്ഞു. എന്നാൽ സെഖര്യാവ് ദൂതനോട്: ഇതു ഞാൻ എന്തോന്നിനാൽ അറിയും? ഞാൻ വൃദ്ധനും എൻ്റെ ഭാര്യ വയസ്സു ചെന്നവളുമല്ലോ എന്നു പറഞ്ഞു. സെഖര്യാവ് ദൂതനോട് ഒരു ചോദ്യമാണ് ചോദിച്ചത്, ഞാൻ എന്തോന്നിനാൽ അറിയും? അതിന് ദൂതൻ ഒരു അടയാളം കൊടുത്തു. 

തക്കസമയത്തു നിവൃത്തി വരുവാനുള്ള എൻ്റെ ഈ വാക്കു വിശ്വസിക്കായ്ക കൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് പറഞ്ഞു. പിന്നീട് 57- മുതലുള്ള വാക്യങ്ങളിൽ, എലീശബെത്ത് ഒരു മകനെ പ്രസവിച്ചു. അവന് എന്തു പേര് വിളിപ്പാൻ വിചാരിക്കുന്നു എന്ന് അപ്പനോട് അംഗ്യം കാട്ടി ചോദിച്ചു. അവൻ ഒരു എഴുത്തുപലക ചോദിച്ചു. അവന്റെ പേര് യോഹന്നാൻ എന്ന് എഴുതി. ഉടനെ അവന്റെ വായും നാവും തുറന്നു. അവൻ സംസാരിച്ചു, ദൈവത്തെ സ്തുതിച്ചു എന്ന് വായിക്കുന്നു. 

യോഹന്നാൻ 20: 25 -27 ശിഷ്യന്മാർ തോമസിനോട്: ഞങ്ങൾ ഉയർത്തെഴുന്നേറ്റ കർത്താവിനെ കണ്ടു എന്നു പറഞ്ഞപ്പോൾ ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കുകയില്ല എന്നുപറഞ്ഞു. ഏട്ട് ദിവസം കഴിഞ്ഞ് ശിഷ്യന്മാർ അകത്തു കൂടിയിരുന്നപ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ട് നിങ്ങൾക്ക് സമാധാനം എന്നുപറഞ്ഞു. തോമസിനോട്: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി, എൻ്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എൻ്റെ വിലാപ്പുറത്തു ഇടുക എന്നുപറഞ്ഞു. ലൂക്കോസ് 24: 39, 40 ൽ ഞാൻ തന്നേ ആകുന്നു എന്ന് എൻ്റെ കൈയും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ. ഇങ്ങനെ പറഞ്ഞിട്ട് യേശു കൈയും കാലും അവരെ കാണിച്ചു. 

അതേ പ്രിയരേ, നാം ഇനി കാണാൻ പോകുന്ന ഏറ്റവും വലിയ അടയാളം യേശുക്രിസ്തു മാനവരക്ഷയ്ക്കു വേണ്ടി കാൽവറി ക്രൂശിൽ മൂന്നാണിന്മേൽ ക്രൂശിതനായി. ആ ആണികൾ ഏറ്റ കൈയും കാലും നമുക്ക് വേണ്ടി എന്നേന്നേക്കുമുള്ള അടയാളമാണ്. നമുക്ക് വേണ്ടി ഓരോ തുള്ളി ചോരയും ഊറ്റി തന്നു, ജീവനെ വെടിഞ്ഞു അടക്കപ്പെട്ടു മൂന്നാംനാൾ ഉയർത്തെഴുന്നേറ്റ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു. യേശു ഉയർത്തെഴുന്നേറ്റു എന്നതിന് അടയാളമാണ് ഇത്.

യേശുവിന്റെ കൈ, കാലിലുള്ള മുറിപ്പാടുകൾ ഇന്നും അടയാളമായി കാണുന്നു. യോഹന്നാൻ 20: 29 - ൽ യേശു തോമസിനോട് : നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു. കാണാത്തവരോ ഭാഗ്യവാന്മാർ എന്നുപറഞ്ഞു.

കർത്താവിൻ്റെ വരവിങ്കൽ കൈവിടപ്പെട്ടു പോകാതെ, ആ തേജസ്സേറിയ മുഖവും ആ ആണിപ്പാടുള്ള കൈ കാലുകളും വിലാപ്പുറവും നമുക്ക് അടയാളമായി തീർന്ന നല്ല യേശുവിനെ മുഖാമുഖമായി കണ്ട് ആരാധിക്കുവാൻ ഇടയായിത്തീരട്ടെ...അതിനായി പ്രത്യാശയോടെ ഒരുങ്ങാം.