ഇത് മതപരിവർത്തനത്തിന്റെ അല്ല! മനഃപരിവർത്തനത്തിന്റെ കഥയാണ്...
പ്രൊഫ. ഡോ. ബിനു ഡാനിയൽ
ഒറ്റപ്പെട്ടവനായിരുന്നു സക്കായി. ബാഹ്യമായ ആഡംബരത്തിൻറെ മിനുക്കുള്ള മറവിൽ, ഹൃദയത്തിൽ വളർന്ന് കൊണ്ടിരുന്നത് അഴിക്കാനാകാത്ത ദു:ഖത്തിന്റെയും കുരുക്ക്. യെരീഹോയുടെ അതിപ്രഭാവശാലിയായ നികുതി അധികാരി. എന്നാൽ അതേ നഗരത്തിലെ തന്നെ ഏറ്റവും അധികം അപമാനിക്കപ്പെട്ടവൻ.
അവനെ ആരും ഇഷ്ടപ്പെടില്ല. പൈശാചികമായി പണം കൊയ്യുന്നവനായി അവനേകാൾ ജനദ്വേഷം ഉണ്ടാക്കിയ മറ്റാരുമുണ്ടായിരുന്നില്ല. സ്വന്തം ജനങ്ങളെ ചൂഷണം ചെയ്ത് റോമാക്കാരെ തൃപ്തിപ്പെടുത്തുന്നതിൽ അഭിമാനിക്കുന്നവനായി, സക്കായി തനിക്കു തന്നെ അനിഷ്ടനായി മാറിയിരുന്നത് നിസ്സംഗമായ ഒരു സത്യമായിരുന്നു.
ശാന്തമായ രാത്രികളിൽ, ശോഭനമായ ആഡംബരങ്ങളുടെ ഇടയിലും കനലായി ദഹിച്ചുകൊണ്ടിരുന്ന ആ മനസ്സിനുള്ളിൽ, ആഗ്രഹം വെളിച്ചം തേടി കുത്തിനിന്ന ദാഹമായി മാറിയിരുന്നു.
" യേശുവിനെ ഒരിക്കൽ കണ്ടാലെ മതിയാവൂ."
പാപം എന്താണെന്ന് അറിഞ്ഞവനായിരുന്നു സക്കായ്.
തന്റെ സമ്പത്ത് പലരുടെയും കണ്ണീരിന്റെ മൂല്യമാണെന്ന് അവനു നല്ലതു വണ്ണം അറിയാം.
തനിക്കു ചുറ്റും തിളങ്ങുന്ന സമൃദ്ധിയുടെ മറവിൽ, അനവധി വീട് ദാരിദ്ര്യത്തിൻ്റെ കുളിരിൽ ഉറങ്ങുന്നുണ്ടെന്നത്.
ആ തിരിച്ചറിവ് തന്നെയാണ് അവന്റെ ഉള്ളിൽ തീപടർന്ന ദാഹമായി മാറിയത് "ആയിരം ദ്രവ്യങ്ങൾക്കു കിട്ടാത്ത ഒരൊറ്റ ദർശനം, ഞാൻ ആഗ്രഹിക്കുന്നു."
ആദ്യം ഒന്നു കേട്ടു – " യേശു യെരീഹോവിലൂടെ കടന്നുപോകുന്നു."
കാതുകളിൽ മുഴങ്ങി പോയ ആ വർത്തമാനം, ഹൃദയത്തിലും കാതിരിപിച്ച കനൽ ആക്കിയതു പോലെ.
അവൻ ഇറങ്ങി ഓടിയപ്പോൾ, മനസ്സിൽ ഉരുക്കിയൊരു ദൃഢനിശ്ചയം:
“അവനെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അതിനേക്കാൾ മൂല്യമുള്ളത്; യേശു എന്റെ മനസിന്റെ ആഗ്രഹം ഒന്ന് കണ്ടിരുന്നു എങ്കിൽ എന്ന മോഹം ആണ്.
ജനക്കൂട്ടം അവനെ തള്ളിക്കളഞ്ഞു. അവർക്കറിയാം – സക്കായി ആരാണെന്നും, എന്താണ് ചെയ്തതെന്നും. പക്ഷേ സക്കായിക്കു ഒരേ ദാഹം. യേശുവിനെ കാണണം!
അവൻ കയറി കാട്ടത്തി മരത്തിലേക്ക്. ഒരു കുട്ടിയെപ്പോലെ.
യേശുവിനെ കൺകുളിർക്കെ കണ്ടു, പക്ഷെ യേശു എന്നെ കാണുന്നില്ലല്ലോ, എന്ന് അവൻ ഓർത്തു കാണും. പക്ഷെ, പ്രതീക്ഷകൾക്ക് അപ്പുറം, ഒരിക്കലും പ്രതീക്ഷിക്കാത്ത ശബ്ദം:
"സക്കായിയേ, ഉടൻ ഇറങ്ങിവാ; ഇന്ന് ഞാൻ നിന്റെ വീട്ടിൽ താമസിക്കേണ്ടതുണ്ട്."
ഓടിയിറങ്ങി, അവനെ വരവേറ്റു. കണ്ണുകൾ നിറഞ്ഞു. പാപത്തിന്റെ ഇരുട്ടിൽ ആണ്ടുപോയ ഒരാൾക്ക്, ദൈവം വന്നു സന്ദർശിച്ച നിമിഷം.
കണ്ടവർ അത്ഭുതപ്പെട്ടു!
"ഇതെന്ത്? യേശു, ഒരു പാപിയുടെ വീട്ടിലേക്കോ?"
പക്ഷേ സക്കായിയുടെ നാവിൽ അതിസാധാരണമല്ലാത്ത വാക്കുകൾ:
" ഗുരോ, എന്റെ സമ്പത്തിലെ പാതിയും ഞാൻ ദരിദ്രർക്കു നൽകും. ഞാൻ ആരെങ്കിലുമോട് അന്യായമായി എടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയാണ് തിരിച്ചു നൽകുന്നത്." അത് അതിരൂക്ഷമായൊരു ആത്മസാക്ഷ്യമായിരുന്നു. അത് ഹൃദയമാറ്റത്തിന്റെ വിളംബരം.യേശു അവനെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് ഉള്ള ഒരു ഏറ്റു പറച്ചിൽ, ആ സങ്കടം രക്ഷയായി മാറുന്ന നിമിഷം. യേശു അവനെ കുറ്റപെടുത്തിയില്ല. അവനു രക്ഷ ദാനം ചെയ്തു.
യേശു പറഞ്ഞു:
"ഇന്ന് ഈ വീട്ടിൽ രക്ഷ വന്നിരിക്കുന്നു. ഇവനും അബ്രാഹാമിന്റെ പുത്രനാണ്. നഷ്ടപ്പെട്ടവനെ തിരയാനും രക്ഷിക്കാനുമാണ് മനുഷ്യപുത്രൻ വന്നത്."
സക്കായിന്റെ കഥ നമ്മുടേതാണ്.
പാപം നിറഞ്ഞ ഹൃദയങ്ങൾ, തിരിച്ചുവരവിനുള്ള ദാഹം,
ഒരിക്കൽ ദൈവത്തെ കാണണം എന്ന ആഗ്രഹം,
ഇതൊക്കെ നമ്മുടെ ഉള്ളിലും അലയടിക്കുന്നുണ്ട്.
ജനക്കൂട്ടം നമ്മെ തടയും – കുറ്റബോധങ്ങൾ, ചിന്തകൾ, നിന്ദകൾ.
പക്ഷേ, കാട്ടത്തിമരത്തിലേക്ക് കയറാൻ ധൈര്യപ്പെട്ടവനെ ദൈവം വിളിക്കുന്നു.
യേശുവിനെ ഒരിക്കൽ കണ്ടാൽ, ഇനി പിന്നോട്ട് പോവാൻ ആകില്ല.
അവൻ നമുക്ക് വേണ്ടി ഒരു പദ്ധതിയുണ്ടെങ്കിൽ, നമ്മുടെ ജീവിതം മാറിപ്പോകും.
ഇത് സക്കായിന്റെ കഥ മാത്രമല്ല – നമ്മുടെ ഹൃദയത്തിന്റെ പാളികളിലേക്കും പ്രസരിപ്പിക്കുന്ന ദൈവത്തിൻ്റെ സ്പർശമാണ്.
Advertisement














































































