അനുശോചനങ്ങൾ

അനുശോചനങ്ങൾ

അനുശോചനങ്ങൾ

റോഷൻ ഹരിപ്പാട് 

പണ്ടൊരാൾ കള്ളുഷാപ്പിന്റെ മുറ്റത്ത് വച്ചുണ്ടായ ഒരു സംഘർഷത്തിൽ കുത്തേറ്റു കൊല്ലപ്പെട്ടു. ഒരുമിച്ചു മദ്യപിക്കാൻ വന്ന കൂട്ടുകാരുമായി ഉണ്ടായ വാക്കുതർക്കം കത്തികുത്തിലാണ് അവസാനിച്ചത്. സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് ബന്ധുക്കളും സഭാജനങ്ങളും ചേർന്ന് ഗംഭീരമായ സംസ്കാരശുശ്രൂഷ നടത്തി മനോഹരമായൊരു കല്ലറയിൽ അദ്ദേഹത്തെ അടക്കം ചെയ്തു, എന്നിട്ട് അതിന്റെ പുറത്തു എഴുതി വച്ചു "ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു, ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു" ഇന്നത്തെ പല അനുശോചനങ്ങളും ഇതുപോലെയാണ്. പരേതന്റെ ജീവിതവുമായി ഇതിനു വല്യ ബന്ധമൊന്നുമില്ല എന്നതാണ് സത്യം.

ഒരു മനുഷ്യനെ പറ്റി അവൻ ജീവനോടെയിരിക്കുമ്പോൾ എല്ലാവരും ഒരുപോലെ നല്ല വാക്കുകൾ പ്രസ്താവിക്കുന്നത് ഏതെങ്കിലും യാത്രയയപ്പ് യോഗങ്ങളിൽ ആയിരിക്കും. ജോലി മാറുമ്പോൾ ആ സ്ഥാപനം നൽകുന്ന യാത്രയയപ്പിൽ ഏറ്റവും കൂടുതൽ കരയുന്നത് ഏറ്റവും അധികം പാരവെച്ചവൻ ആയിരിക്കും. മറ്റുള്ളവർ പറയാത്ത എന്തെങ്കിലും നല്ല കാര്യങ്ങൾ ഓർത്തു പറഞ്ഞു പുകഴ്ത്താൻ അന്ന് ആശംസ അറിയിക്കുന്നർ തമ്മിൽ മത്സരിക്കുന്നത് കാണുവാൻ സാധിക്കും. 
ഒരു പാസ്റ്റർ അല്ലെങ്കിൽ വിശ്വാസി സഭ വിട്ടു പോകുമ്പോൾ നൽകുന്ന യാത്രയയപ്പിൽ വാനോളം പുകഴ്ത്തി പറയുന്ന വാക്കുകൾ കേട്ടാൽ പ്രകൃതി പോലും ശിരസ്സ് നമിച്ചുപോകും.

പിന്നെ നമ്മളെപ്പറ്റി ഏറ്റവും നല്ല വാക്കുകൾ പറയുന്ന ദിവസമാണ് നമ്മുടെ ശവസംസ്കാര ദിവസം. അത് കേൾക്കാൻ നമ്മൾക്കാവില്ല എന്നതാണ് ഏറ്റവും ദുഖകരം. 80 വർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഒരു പ്രാവശ്യം പോലും മുഖത്തുനോക്കി ഒന്നു ചിരിക്കാത്ത വ്യക്തിപോലും അന്നത്തെ ദിവസം മൈക്ക് കൊടുത്താൽ ഇല്ലാത്തതെല്ലാം പറഞ്ഞു വാനോളം പുകഴ്ത്തിയിരിക്കും. ഒരു തരത്തിലും നമുക്ക് ലഭിക്കാൻ അർഹതയില്ലാത്ത  അഭിനന്ദനവാക്കുകൾ ലഭിക്കുന്നൊരു ദിവസമാണത്. ഈയിടെ ഒരു അപ്പച്ചന്റെ സംസ്കാരശുശ്രൂഷയിൽ അദ്ദേഹത്തിന്റെ ഏതോ ബന്ധുവിന്റെ അടുത്ത സുഹൃത്തായ ഒരു പാസ്റ്റർ അനുശോചനം പറയുന്നത് കേട്ടു. അദ്ദേഹം നോർത്ത് ഇന്ത്യയിൽ എവിടെയോയുള്ള ഒരു സ്കൂളിന്റെ ചുമതലക്കാരനാണ്. ആ സ്കൂളിന്റെ പേരിലുള്ള ദുഃഖവും രേഖപ്പെടുത്തി. മരണപ്പെട്ട ഈ അപ്പച്ചന് ആ സ്കൂളിനെ പറ്റി അറിയില്ല. ആ സ്കൂളിലുള്ളവർക്ക് ഈ അപ്പച്ചനെ പറ്റി അറിയില്ല. പിന്നെ എന്തിനാണ് അതിന്റെ പേരിൽ ഇവിടെ ദുഃഖം രേഖപ്പെടുത്തിയതെന്ന് ആർക്കും മനസ്സിലായിട്ടില്ല. ഇങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ടാകാം അധ്യക്ഷന്മാർ ഇപ്പോൾ അനുശോചന പ്രസംഗങ്ങളുടെ സമയം വെട്ടിച്ചുരുക്കാറുണ്ട്. എന്നാൽ അത് പാടില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം പരേതന്റെ പേരിലുള്ള അവസാനത്തെ മീറ്റിങ്ങാണ് സംസ്കാരശുശ്രൂഷ. അതിന് ശേഷം അദ്ദേഹത്തെപറ്റി സംസാരിക്കാൻ ഇങ്ങനെയൊരു അവസരം നമുക്ക് ലഭിക്കില്ല. അദ്ദേഹം ചെയ്ത നല്ല പ്രവർത്തികൾ ജീവനോടെയിരിക്കുന്നവർക്ക് പ്രചോദനമായി എന്നും നിലനിൽക്കും. അതുകൊണ്ട് അനുശോചനങ്ങൾ നല്ലതാണ്.

ജീവിച്ചിരിക്കുമ്പോൾ നൽകുന്ന ചെറിയ സ്നേഹവും കാരുണ്യവും 
മരണാനന്തരം ലഭിക്കുന്ന വലിയ ബഹുമതികളേക്കാൾ വിലയേറിയതാണ്. "നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ" (കൊലൊ 4:6). . ഒരു വ്യക്തിയുടെ ജീവിതവിജയത്തിന് സഹായിക്കുന്ന ഇന്ധനമാണ് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന നല്ല വാക്കുകൾ. പരിഹാസങ്ങളും അവഗണനകളും ഇകഴ്ത്തലുകളും കൊണ്ട് ഒതുക്കുവാനല്ല അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നൽകി വളർത്തുവാൻ മറക്കരുത്. അതുകൊണ്ട് നല്ല വാക്കുകൾ കൊണ്ട് അഭിനന്ദിക്കാനും മധുരകരമായി പുകഴ്ത്താനും അനുശോചനത്തിനു മൈക്ക് ലഭിക്കുംവരെ കാത്തിരിക്കരുത്.

Advt.