വെളിപ്പാട് സാഹിത്യവും മാധ്യമ സംസ്കാരവും: ക്രിസ്തീയ ആശയവിനിമയത്തിന്റെ പുത്തൻ വീക്ഷണങ്ങൾ


വെളിപ്പാട് സാഹിത്യവും മാധ്യമ സംസ്കാരവും: ക്രിസ്തീയ ആശയവിനിമയത്തിന്റെ പുത്തൻ വീക്ഷണങ്ങൾ
ഡോ.മാത്യു വർഗീസ്
ad
ad
ad

ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ അഞ്ചാമത് മീഡിയ കോൺഫറൻസിൽ ഡോ.മാത്യു വർഗീസ് നടത്തിയ പ്രഭാഷണത്തിൽ നിന്നും

മാധ്യമവിസ്ഫോടനത്തിന്റെ ഒരു പുതിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നൊമാഡിക് അഗ്രികൾച്ചറൽ കമ്മ്യൂണിറ്റിയുടെ കാലത്ത് മസിലിനും ശേഷിക്കു (Might) മുണ്ടായിരുന്ന ശക്തി, ഇൻഡസ്ട്രിയൽ കമ്മ്യൂണിറ്റിയിൽ പണത്തിലേക്കും സമ്പത്തിലേക്കും (Money)വഴിമാറി.

എന്നാൽ ഇന്നത്തെ ഇൻഫർമേഷൻ സൊസൈറ്റിയിൽ മാധ്യമങ്ങളാണ് (Media)ഏറ്റവും ശക്തമായി നിലകൊള്ളുന്നത്. കൊളംബസ് അമേരിക്ക കണ്ടുപിടിച്ച വിവരം സ്പെയിനിലെ രാജാവറിയാൻ ആറുമാസമെടുത്തെങ്കിൽ, 9/11 ആക്രമണം ലോകം മുഴുവൻ തൽസമയം കണ്ടു. ഓറൽ കമ്മ്യൂണിക്കേഷനിൽ തുടങ്ങി സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കോമ്പൗണ്ട് കമ്പ്യൂട്ടിംഗും വരെയെത്തി നിൽക്കുന്ന ഈ പരിണാമം സെക്കുലർ മേഖലയിൽ മാത്രമല്ല, ആത്മീയ മണ്ഡലത്തിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിശുദ്ധ വേദപുസ്തകം തന്നെ ദൈവവും മനുഷ്യനും തമ്മിലുള്ള ആശയവിനിമയത്തിന്റെ സമ്പൂർണ്ണ സാക്ഷ്യമാണ്. ഇൻട്രാ പേഴ്സണൽ, ഇന്റർപേഴ്സണൽ, ഗ്രൂപ്പ്, മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങി സർവ്വ ആശയവിനിമയ രീതികളും ബൈബിൾ പങ്കുവെക്കുന്നുണ്ട്. പുരാതന ലോകത്ത് സ്ക്രീനുകളും 24 മണിക്കൂർ വാർത്താ ചാനലുകളും ഇല്ലായിരുന്നുവെങ്കിലും, ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട് ഈ മാധ്യമ സംസ്കാരത്തിന്റെ എല്ലാ അടയാളങ്ങളും ഉള്ളടക്കിയ ഒന്നാണ്. ദൃശ്യവിസ്മയങ്ങളും ശബ്ദവിന്യാസങ്ങളും എഴുത്തിന്റെ സ്ഫോടനങ്ങളും നിറഞ്ഞ വെളിപ്പാട് പുസ്തകം ഒരു മികച്ച ഓഡിയോ-വിഷ്വൽ പ്രസന്റേഷനാണ്. "ഞാൻ കണ്ടു, ഞാൻ കേട്ടു" എന്ന യോഹന്നാന്റെ ആവർത്തിച്ചുള്ള പ്രയോഗങ്ങൾ ഇതിനൊരു ഡിജിറ്റൽ എഫക്ട് നൽകുന്നു.

ഈ പശ്ചാത്തലത്തിൽ, വെളിപ്പാടു പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ഒരു ക്രിസ്തീയ ആശയവിനിമയക്കാരന്റെയും (Christian Communicator) മാധ്യമപ്രവർത്തകന്റെയും ആത്മബന്ധവും മൂന്ന് പ്രധാന തലങ്ങളിലായി മനസ്സിലാക്കാം.

Call and connection of the Christian communicator 

  • Connect with Christ:

ക്രിസ്തുവുമായുള്ള ഗാഢമായ ആത്മബന്ധം (ഒന്നാം അധ്യായം)
ആശയവിനിമയ രംഗത്തേക്ക് ഇറങ്ങുന്നതിനു മുൻപ് ഒരു മാധ്യമപ്രവർത്തകൻ അല്ലെങ്കിൽ സുവിശേഷകൻ അനുഭവിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്രിസ്തുവുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയാണ് (Encounter). പത്മോസ് ദ്വീപിൽ വെച്ച് യോഹന്നാൻ അപ്പസ്തോലൻ മഹത്വീകൃതനായ ക്രിസ്തുവിനെ ദർശിക്കുന്നതോടെയാണ് വെളിപ്പാടു പുസ്തകം ആരംഭിക്കുന്നത്.

വിളക്കുതണ്ടുകളുടെ നടുവിൽ നിൽക്കുന്നവനും സർവ്വശക്തനുമായ ക്രിസ്തുവിനെ നേരിൽ കാണുമ്പോൾ യോഹന്നാൻ അവന്റെ കാൽക്കൽ മരിച്ചുപോയവനെപ്പോലെ വീഴുന്നു.
ശബ്‌ദകോലാഹലങ്ങളും മാധ്യമ ലോകത്തിന്റെ തിളക്കവും നിറഞ്ഞ കരിയറിലേക്ക് പോകുംമുമ്പ്, ആശയവിനിമയക്കാരൻ ആദ്യം അനുഭവിക്കേണ്ടത് ഈ ആത്മീയ യാഥാർത്ഥ്യമാണ്.

മാധ്യമപ്രവർത്തനം കേവലം ഒരു പ്രൊഫഷനോ സാങ്കേതിക കഴിവോ മാത്രമല്ല, ജീവനുള്ള കർത്താവുമായുള്ള നിരന്തരമായ സംസർഗ്ഗമാണ് എന്ന് ഒന്നാം അധ്യായം ഓർമ്മിപ്പിക്കുന്നു. കർത്താവിനെ നേരിട്ടറിഞ്ഞ്, അവന്റെ സാന്നിധ്യത്തിൽ സ്വയം സമർപ്പിക്കുന്നവനിലൂടെ മാത്രമേ യഥാർത്ഥ ക്രിസ്തീയ ആശയവിനിമയം സാധ്യമാകൂ.
ആത്മബന്ധത്തെക്കുറിച്ച്: "മാധ്യമങ്ങളുടെ തിരക്കുകളിലേക്ക് ഇറങ്ങുംമുമ്പ്, ഒരു ആശയവിനിമയക്കാരൻ ആദ്യം അനുഭവിക്കേണ്ടത് പത്മോസിലെ ആ 'എൻകൗണ്ടർ' ആണ്; കർത്താവിന്റെ സാന്നിധ്യത്തിൽ കാൽക്കൽ വീഴാത്തവന് ലോകത്തിന്റെ ശബ്ദങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാനാവില്ല."താൻ തൊട്ടതും കണ്ടതും അനുഭവസാക്ഷ്യമാക്കിയതുമായ കാര്യങ്ങൾ മാത്രമേ മറ്റുള്ളവരിലേക്ക് ശക്തമായി പകരാൻ സാധിക്കൂ.

കർത്താവിന്റെ സാന്നിധ്യത്തിൽ മുട്ടുകുത്താത്തവന് ഒരിക്കലും ലോകത്തിന്റെ ഇരുട്ടിലേക്ക് ദൈവത്തിന്റെ പ്രകാശം എത്തിക്കാനാകില്ല.

  • Connect with Church

സഭയോടുള്ള ആത്മബന്ധവും തിരുത്തലുകളും (രണ്ടും മൂന്നും അധ്യായങ്ങൾ)
ക്രിസ്തുവുമായുള്ള ബന്ധം കഴിഞ്ഞാൽ അടുത്തതായി ഒരു ആശയവിനിമയക്കാരന് ഉണ്ടാകേണ്ടത് സഭയോടുള്ള ആത്മാർത്ഥമായ കരുതലും ബന്ധവുമാണ്. ഏഷ്യയിലെ ഏഴ് സഭകൾക്ക് കത്തുകൾ എഴുതുന്നതിലൂടെ വെളിപ്പാടിന്റെ 2, 3 അധ്യായങ്ങൾ സഭയുടെ നിലനിൽപ്പും തനിമയും വ്യക്തമാക്കുന്നു. സഭയുടെ ശക്തി എന്താണെന്നും എവിടെയാണ് അവർക്ക് വീഴ്ച പറ്റിയിട്ടുള്ളതെന്നും ക്രിസ്തു തിരിച്ചറിയുന്നുണ്ട്.

സഭയുടെ പ്രാണൻ അതിന്റെ തനിമയും വിശുദ്ധിയുമാണ്. ലോകത്തിന്റെ സ്വാധീനത്താൽ സഭയ്ക്കുണ്ടാകുന്ന തെറ്റായ ഇടപെടലുകളെയും ആശയക്കുഴപ്പങ്ങളെയും ഈ അധ്യായങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒരു ക്രിസ്തീയ മാധ്യമപ്രവർത്തകൻ കേവലം സഭയെ പുകഴ്ത്തുന്നവനല്ല, മറിച്ച് സഭയുടെ നിലനിൽപ്പിനെയും സാക്ഷ്യത്തെയും തകർക്കുന്ന തെറ്റായ പ്രവണതകളെ തിരിച്ചറിഞ്ഞ് തിരുത്തലുകൾക്കും വളർച്ചയ്ക്കും ആവശ്യമായ ക്രിയാത്മക നിർദ്ദേശങ്ങൾ നൽകാൻ ബാധ്യസ്ഥനാണ്. സഭയോട് ആത്മാർത്ഥമായ സ്നേഹമുള്ളതുകൊണ്ടാണ് അവൻ ആ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്.

  • Connect with Community & creation

സൃഷ്ടിയോടും സമൂഹത്തോടുമുള്ള ദൗത്യവും പ്രൊക്ലമേഷനും (നാല് മുതൽ ഇരുപത്തിരണ്ട് വരെയുള്ള അധ്യായങ്ങൾ)
ആദ്യത്തെ മൂന്ന് അധ്യായങ്ങളിലെ ആത്മീയ അനുഭവങ്ങൾക്കും ആഭ്യന്തര തിരുത്തലുകൾക്കും ശേഷം, ബാക്കിയുള്ള അധ്യായങ്ങൾ വിശാലമായ ലോകത്തിലേക്കും സമൂഹത്തിലേക്കും (Community) പ്രകൃതിയോടും സൃഷ്ടിയോടുമുള്ള (Creation) ബന്ധത്തിലേക്കും വെളിച്ചം വീശുന്നു. ഇവിടെ ക്രിസ്തീയ മാധ്യമപ്രവർത്തകന്റെ യഥാർത്ഥ പ്രൊക്ലമേഷൻ അഥവാ വിളംബരം ആരംഭിക്കുകയാണ്.
ദൈവത്തിന്റെ പരമാധികാരത്തെ വാഴ്ത്തുന്ന സൃഷ്ടിയുടെ ദൃശ്യങ്ങളും, ലോകത്തിലെ തിന്മയുടെ ശക്തികളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും, അവസാനം പുതിയ ആകാശവും പുതിയ ഭൂമിയും യാഥാർത്ഥ്യമാകുന്നതിന്റെ പ്രത്യാശയും ഈ ഭാഗങ്ങളിൽ കാണാം. മാധ്യമപ്രവർത്തകൻ ഈ ലോകത്തിൽ ദൈവരാജ്യത്തിന്റെ ശബ്ദമാകണം. സമൂഹത്തിലെ നീതികേടുകൾക്കെതിരെ ശബ്ദമുയർത്താനും, പീഡിപ്പിക്കപ്പെടുന്നവന് ആശ്വാസമാകാനും, പ്രകൃതിയോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തം ഓർമ്മിപ്പിക്കാനും അവൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.
ചുരുക്കത്തിൽ, ക്രിസ്തുവിൽ വേരൂന്നിയ ആത്മബന്ധവും (1-ാം അധ്യായം), സഭയോടുള്ള കരുതലും തിരുത്തലുകളും (2, 3 അധ്യായങ്ങൾ), ലോകത്തോടും സമൂഹത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രഖ്യാപന ദൗത്യവുമാണ് (4 മുതൽ 22 വരെയുള്ള അധ്യായങ്ങൾ) ഒരു നല്ല ക്രിസ്തീയ ആശയവിനിമയക്കാരന്റെ മുഖമുദ്ര.

Advertisement