കോമാവസ്ഥയിൽ കഴിയുന്ന ടിറ്റോ തോമസിന് മന്ത്രിസഭയുടെ 17 ലക്ഷം ധനസഹായം 

കോമാവസ്ഥയിൽ കഴിയുന്ന ടിറ്റോ തോമസിന് മന്ത്രിസഭയുടെ 17 ലക്ഷം  ധനസഹായം 

ചാക്കോ കെ തോമസ് 

തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2023-ൽ നിപാ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി ടിറ്റോ തോമസ് അബോധാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മംഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സ‌ിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിലിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി എത്തുന്നത്. ആശുപത്രിയിൽ കടുത്ത പനിയുമായി എത്തുകയും ഇവിടെ വച്ച് മരിക്കുകയും ചെയ്ത രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്.

നിപയിൽനിന്ന് മുക്തി നേടിയെങ്കിലും അധികംവൈകാതെ പാർശ്വഫലമായി ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോൾ തൊണ്ടയിൽ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഈ 24 വയസ്സുകാരൻ ശ്വാസോച്ഛാസം നടത്തുന്നത്. ഇതുവരെ കണ്ണ് തുറന്നിട്ടില്ല.

 എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയം പാമ്പാടിയിൽ നിന്ന് കർണാടകയിലെ മംഗളൂരു മർദാളയിലേക്ക് കുടിയേറിയ ടാപ്പിംഗ് തൊഴിലാളിയായ അമ്പറയിൽ വീട്ടിൽ ടി സി തോമസിന്റെയും ലിസി ഏലിയാമ്മയുടെയും ( ലിസി) ഇളയ മകനാണ് ടിറ്റോ. മർദാള അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമയ ടിറ്റോ ആത്മീയ കാര്യങ്ങളിൽ ഏറെ ഉത്സാഹിയായിരുന്നു.  

ടിറ്റോയുടെ നിപ തകർത്ത ജീവിത കഥ 2024 ആഗസ്റ്റ് 19 ലെ ഗുഡ്ന്യൂസ് വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. 

പിതാവ് തോമസും മാതാവ് ലിസിയും സഹോദരൻ ഷിജോ തോമസും ടിറ്റോയെ രാപകൽ ഇല്ലാതെയാണ് ശുശ്രൂഷിക്കുന്നത്. . മർദാളയിൽ സ്വന്തമായി ഇവർക്ക് ഒരു വീട് ഇല്ല. ഇപ്പോൾ താമസിക്കുന്നിടത്തേക്ക് രോഗിയെയും കൊണ്ട് പോകുവാൻ വഴി സൗകര്യവും ഇല്ല. അടിയന്തിരമായി ആശുപത്രിയിൽ കൊണ്ടു പോകുവാനുള്ള സാഹചര്യമില്ലാത്തതിനാലാണ് ദീർഘനാളുകളായി കുടുംബാംഗങ്ങൾ ആശുപത്രിയിൽ കഴിയുന്നത്.

സർക്കാരിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് താൽക്കാലികമായ ചികിത്സാ ചെലവ് നടക്കുമെങ്കിലും സ്വന്തമായി ഭവനമില്ലാത്ത ടിറ്റോയുടെ കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുകയാണ്. സുമനസ്സുകളുടെ പ്രാർഥനയും സഹായ സഹകരണവും പ്രതീക്ഷിക്കുന്നു.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ട്രഷറർ, ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ ചാരിറ്റി കോർഡിനേറ്ററുമായ പാസ്റ്റർ പി.വി.കുര്യാക്കോസിൻ്റെ ( സാജൻ) സഹോദരി പുത്രനാണ് ടിറ്റോ.

Advertisement