ശുശ്രൂഷയിൽ ക്ഷീണിക്കാം, പക്ഷെ ശുശ്രൂഷ തളർത്തില്ല

റവ.ജോർജ് മാത്യു പുതുപ്പള്ളി
ജോർജ് വൈറ്റ് ഫീൽഡ് എന്ന പ്രസിദ്ധ സുവിശേഷകൻ കൃപയുടെ കാര്യവിചാരകൻ ആയിരുന്നു. ബ്രിട്ടീഷ് ദ്വീപുകളിലും അമേരിക്കയിലും ദൈവവചനം പ്രഘോഷിച്ച മഹാനായ വൈറ്റ് ഫീൽഡ് മരണശയ്യയിൽവച്ച് ശുശ്രൂഷയോടുള്ള തന്റെ സ്നേഹം ഒരു പ്രാർത്ഥനയിലൂടെ ഇങ്ങനെ വെളിപ്പെടുത്തി. അദ്ദേഹം പ്രാർത്ഥിച്ചു : 'കർത്താവായ യേശുവേ, ഞാൻ പലപ്പോഴും അങ്ങയുടെ ശുശ്രൂഷ ചെയ്തു തളർന്നവനാണ്. പക്ഷെ അങ്ങയുടെ ശുശ്രൂഷ എന്നെ തളർത്തുന്ന ഒരു ഭാരമായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.'
ക്രിസ്തീയ ശുശ്രൂഷയ്ക്ക് ലോകത്തിലുള്ള മറ്റേതൊരു ജോലിയെക്കാളും സാഹസികതയും സമർപ്പണവും സന്നദ്ധതയും ഏറ്റവുമധികം ആവശ്യമുള്ളതാണ്. വ്യക്തമായ വിളിയും തെരഞ്ഞെടുപ്പും ഇല്ലാത്തവർ ഇവിടെ പിടിച്ചുനിൽക്കാൻ കഴിയാതെ പിഴുതെറിയപ്പെടും. കാരണം ശക്തനായ ഒരു പ്രതിയോഗിയോട് നിരന്തരം സമരം ചെയ്യുന്നവരാണ് ക്രിസ്തീയ ശുശ്രൂഷകർ. ശത്രുവായ ദുഷ്ടപിശാചിന്റെ ആഗ്നേയാസ്ത്രങ്ങളേറ്റ് അവർ ചില സമയം ശക്തിയറ്റവരായി മാറിയേക്കാം. എന്നാൽ ദൈവിക അഭിഷേകവും ആത്മശക്തിയും അവരിൽ വെളിപ്പെടുമ്പോൾ അന്ധകാരശക്തികൾ ശാരീരികമായി തളർത്തിയാലും മാനസികമായി ശുശ്രൂഷ അവർക്കൊരു ഭാരമായിത്തീരുകയില്ല.
ദൈവിക ശുശ്രൂഷയിൽ ആയിരിക്കുന്ന തന്റെ ദാസരെ സർവശക്തനായ ദൈവം കരംപിടിച്ചു താങ്ങുന്നു. ചരിത്രംകണ്ട ഏറ്റവും വലിയ ദൈവികദൗത്യം നിറവേറ്റുവാനെത്തിയ യഹോവയുടെ ദാസനായ മശിഹയെ സംബന്ധിച്ച് തിരുവചനം പറയുന്നത് : 'ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ' എന്നാണ്. പിശാചിനോടുള്ള പോരാട്ടത്തിൽ ദൈവം അവനെ പല തവണ താങ്ങി. ഗത്സമനയിൽ മാനവജാതിയുടെ പാപം പേറിയ ദൈവപുത്രൻ കുഴഞ്ഞുവീഴും മുമ്പ് ദൈവം അവനെ തന്റെ ദൂതനെ അയച്ച് താങ്ങി. യഹോവയുടെ ഈ വിശിഷ്ടദാസനെ ചൂണ്ടിക്കാട്ടി 'ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ' എന്ന് പരിശുദ്ധാത്മാവ് വിളിച്ചുപറയുമ്പോൾ ദൈവിക ശുശ്രൂഷയിൽ അവൻ നമ്മെ താങ്ങും എന്ന വ്യക്തമായ ഉറപ്പ് നമുക്കും ലഭിക്കുകയാണ്.
ദൈവത്തിന്റെ അദൃശകരങ്ങളാൽ താങ്ങപ്പെട്ട ദൈവത്തിന്റെ ദാസനായ അപ്പൊസ്തലനായ പൗലൊസ് പറയുന്നത് 'അവൻ ഞങ്ങളെ പുതിയ നിയമത്തിന്റെ ശുശ്രൂഷകരാക്കാൻ പ്രാപ്തരാക്കും' എന്നാണ് (2 കൊരിന്ത്യർ 3 : 6). നമുക്കും ആ വിശ്വാസം ഏറ്റെടുത്ത് കർത്താവിന്റെ വേലയിൽ സജീവരാകാം.
ചിന്തക്ക് : 'അതുകൊണ്ട് നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും, സകലവും സമാപിച്ചിട്ട് ഉറച്ചു നിൽപ്പാനും കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം എടുത്തു കൊൾവിൻ. നിങ്ങളുടെ അരെക്കു സത്യം കെട്ടിയും, നീതി എന്ന കവചം ധരിച്ചും, സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരുപ്പാക്കിയും, എല്ലാറ്റിനുംമീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാൻ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നിൽപ്പിൻ. രക്ഷ എന്ന ശിരസ്ത്രവും, ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ' (എഫെസ്യർ 6 : 13...17).
Advertisement