ദൈവദൂതന്മാർ നൽകുന്ന സംരക്ഷണം 

ദൈവദൂതന്മാർ നൽകുന്ന സംരക്ഷണം 

റവ.ജോർജ് മാത്യു പുതുപ്പള്ളി

ഫ്രിക്കയിൽ മിഷനറിമാരായി പോയ രണ്ടു വെള്ളക്കാരെ അവിടുത്തെ കാട്ടുജാതിക്കാർ കൊന്നുതിന്നു. ഇരുപതു വർഷം കഴിഞ്ഞപ്പോൾ അതേ സ്ഥലത്തേക്ക് അമേരിക്കയിൽ നിന്നും വേറൊരു മിഷനറിയും അദ്ദേഹത്തിന്റെ ഭാര്യയും പുറപ്പെടുവാൻ തീരുമാനിച്ചു. ക്രൂരന്മാരായ കാട്ടുവർഗക്കാർ താമസിച്ചിരുന്ന സ്ഥലത്ത് അവർ ചെന്നെത്തി. ആ സ്ഥലത്തെത്തിയപ്പോൾ അവിടുത്തെ ക്രൂരമനുഷ്യർ മാത്രമല്ല അന്ധകാരത്തിന്റെ ശക്തികൾ മുഴുവനും തങ്ങൾക്കു പ്രതികൂലമാണെന്ന് അവർക്കു തോന്നി. രാത്രിയിൽ പല പ്രാവശ്യം ഉണർന്നെഴുന്നേറ്റ് 'ഈ ദുഷ്ടാത്മസേനകളുടെ കയ്യിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ' എന്ന് ഇവർ പ്രാർത്ഥിക്കുക പതിവായിരുന്നു.

ഒരു ദിവസം അവിടെ താമസിച്ചിരുന്ന കാട്ടുവർഗക്കാരിൽ ഒരാൾ വന്ന് 'നിങ്ങളുടെ വീടിനുചുറ്റും നിർത്തിയിരിക്കുന്ന കാവൽക്കാരെ ഒന്നു കാണിക്കണമെന്ന് ആവശ്യപ്പെട്ടു. 'ഞങ്ങൾക്ക് ഇവിടെ ആകെ രണ്ടു വേലക്കാർ മാത്രമേയുള്ളൂ, അതിൽ ഒരാൾ കുശിനിക്കാരനാണ്. മറ്റെയാൾ ഞങ്ങളുടെ കന്നുകാലികളെ മേയിക്കുന്നവനാണ്. ഇവർ രണ്ടുപേരുമല്ലാതെ ഇവിടെ വേറെ കാവൽക്കാർ ആരുമില്ല' എന്ന് മിഷനറി മറുപടി പറഞ്ഞു.

കാട്ടുവർഗക്കാരന് ഇതു വിശ്വാസമായി തോന്നിയില്ല. അയാൾ മിഷനറിയുടെ വീടിനുള്ളിൽ പ്രവേശിച്ച് അവിടെ മറ്റാരെങ്കിലുമുണ്ടോ എന്ന് വിശദമായി പരിശോധിച്ചു. 'നിങ്ങൾ എന്തിനാണ് വീടിനുള്ളിൽ കയറി പരിശോധിച്ചത് ?' എന്നു മിഷണറി തിരക്കി. അപ്പോൾ കാട്ടുവർഗക്കാരൻ പറഞ്ഞു : 'ഇവിടെ വരുന്ന വെള്ളക്കാരെ കൊന്നുതിന്നുന്നത് ഞങ്ങളുടെ പതിവാണ്. രാത്രിതോറും ഞങ്ങൾ നിങ്ങളുടെ വീട്ടിൽ പ്രവേശിക്കുവാൻ ശ്രമിച്ചിരുന്നു. എന്നാൽ ഞങ്ങൾ നോക്കുമ്പോഴെല്ലാം മിന്നുന്ന വാളുകൾ ധരിച്ചവരായ ഒരു വലിയ സൈന്യം നിങ്ങളുടെ വീടിനുചുറ്റും നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ട് യുദ്ധതന്ത്രങ്ങൾ എല്ലാം അഭ്യസിച്ച ഒരുവനെ ഞങ്ങൾ വിളിച്ചുവരുത്തി. ഒരു സ്ഥലത്തും തോൽക്കാത്തവനായ ഈ പരാക്രമശാലിയും നിങ്ങളുടെ കാവൽക്കാരെ കണ്ടപ്പോൾ ഭയന്ന് ഓടിപ്പോയി. നിന്നെ കൊല്ലണമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. എന്നാൽ ഞങ്ങൾ കണ്ട നിന്റെ പടയാളികളെ എവിടെയാണ് ഒളിപ്പിച്ചു നിർത്തിയിരിക്കുന്നതെന്ന് ഞങ്ങളോട് പറഞ്ഞേ മതിയാവൂ.'

ദൈവത്തിന്റെ ദൂതന്മാരുടെ കാവലാണ് തങ്ങൾക്കു ലഭിച്ചിരിക്കുന്നതെന്ന് മിഷണറിക്കു മനസിലായി. അദ്ദേഹം നന്ദിയോടെ ദൈവത്തെ സ്തുതിച്ചു. എല്ലാവിധ ആപത്തുകളിൽ നിന്നും നമ്മെ രക്ഷിക്കുവാൻ ദൈവം തന്റെ കാവൽക്കരെ നമുക്കുചുറ്റും കാവൽ നിർത്തിയിരിക്കുന്നു' എന്ന് നാം തിരിച്ചറിയുക.

ചിന്തക്ക് : 'ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല.ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല. നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കൽപിക്കും. നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും' 

(സങ്കീർത്തനങ്ങൾ 91 : 10..12).