എളിയവരെ ആദരിക്കുക, നിന്ദിക്കരുത്
റവ. ജോർജ് മാത്യു പുതുപ്പള്ളി
പുതുപ്പള്ളി സെന്റ് ജോർജ് ഗവണ്മെന്റ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 227 പേരിൽ 22 പേർ മാത്രം ജയിച്ച പട്ടികയിൽ ഞാനും ഉണ്ടായിരുന്നു. ഈ സന്തോഷവാർത്ത അറിയിക്കാൻ സുഹൃത്തിനൊപ്പം എന്റെ പിതാവിന്റെ കസിൻ സഹോദരിയുടെ വീട്ടിൽ ഞാൻ ചെന്നു. കൊച്ചമ്മയുടെ ഭർത്താവ് ഞങ്ങളെക്കാൾ ഏറെ സമ്പന്നനും മറ്റുള്ളവരെ സമ്പത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്നേഹിക്കുന്ന വ്യക്തിയുമായിരുന്നു. കൊച്ചമ്മ എന്നെക്കുറിച്ച് അഭിമാനത്തോടെ എന്റെ കൂട്ടുകാരനോട് ഇങ്ങനെ പറഞ്ഞു : 'ഈ മോൻ ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ സ്വന്തം ആങ്ങളയുടെ മകനാണ്.' അത് അച്ചായന് അത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു : 'ങ്ഹാ, എന്തോ ഇത്തിരി അകന്ന ബന്ധമുണ്ട്.'
അതുകേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ തകർന്നുപോയി. എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. കൊച്ചമ്മയും അതു കേട്ട് കരഞ്ഞു. കാപ്പിപോലും കുടിക്കാതെ കൂട്ടുകാരനൊപ്പം ഞാൻ അവിടെ നിന്നിറങ്ങി. കൊച്ചമ്മ അച്ചായനുവേണ്ടി പലവട്ടം എന്നോട് ക്ഷമ ചോദിച്ചിട്ടും ഞാൻ അവിടെ നിന്നില്ല. ആ നിന്ദയുടെ മുറിവ് എന്നിൽ ഉണ്ടാക്കിയ വ്രണം അനേകനാൾ ഉണങ്ങാതെ കിടന്നു. പിന്നീട് ഒരു കാര്യത്തിനും ഞാൻ അവിടെ പോയിരുന്നില്ല.
വർഷങ്ങൾ കഴിഞ്ഞു. ഞാൻ ഓർത്തഡോക്സ് സഭയിൽ വൈദികനായി. ഒരു ദിവസം എന്റെ സെമിനാരി പ്രഫസറായിരുന്ന ഡോ. ഗീവർഗീസ് മാർ ഒസ്താത്യോസ് മെത്രാപ്പൊലിത്ത ഒരു രോഗിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ പോയപ്പോൾ എന്നെക്കൂടി ക്ഷണിച്ചു. ഏതു വീടാണെന്ന് എന്നോടു പറഞ്ഞിരുന്നില്ല. ഒരു വലിയ ഭവനത്തിൽ മെത്രാപ്പൊലിത്തയുടെ കാർ എത്തി. അൽപം മുടി നരച്ച കുലീനയായ ഒരു അമ്മാമ്മ ഇറങ്ങി വന്നു. നോക്കിയപ്പോഴാണ് അത് എന്റെ പിതാവിന്റെ ബന്ധുവായ കൊച്ചമ്മയാണെന്ന് എനിക്കു മനസിലായത്. പഴയ വീട് വിറ്റ് പുതിയ സ്ഥലത്ത് അവർ വീട് വാങ്ങിയ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. അവർ എന്നെയും ബിഷപ്പിനെയും ആദരവോടെ ഒരു മുറിയിലേക്ക് ആനയിച്ചു.
അവിടെ കട്ടിലിൽ അസ്ഥികൂടം പോലൊരു മനുഷ്യൻ ചുരുണ്ടുകൂടി കിടക്കുന്നു. കാൻസറിന്റെ അവസാനഘട്ടവും പിന്നിട്ട് മരണം കാത്തുള്ള കിടപ്പാണ്. ഒറ്റ നോട്ടത്തിൽ എനിക്ക് ആളെ മനസിലായി. കൊച്ചമ്മയുടെ ഭർത്താവ് അച്ചായൻ. അദ്ദേഹം എന്നെ സൂക്ഷിച്ചുനോക്കി. അദ്ദേഹത്തിന് എന്നെയും മനസിലായി. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം കൈകാട്ടി എന്നെ അരികിലേക്കു വിളിച്ചു ചേർത്തുനിർത്തി. എന്നിട്ട് ബിഷപ്പിനോട് പറഞ്ഞു : 'തിരുമേനീ, ഈ നിൽക്കുന്ന ജോർജ് മാത്യു അച്ചൻ എന്റെ സ്വന്തം അളിയന്റെ മകനാണ്.' പെട്ടെന്ന് പിറകിലൊരു വിങ്ങിപ്പൊട്ടൽ. ഞാൻ നോക്കുമ്പോൾ കൊച്ചമ്മ കരയുകയാണ്. എന്റെയും കൺപീലികൾ നനഞ്ഞു.
പ്രാർത്ഥന കഴിഞ്ഞു മടങ്ങുമ്പോൾ ബിഷപ് എന്നോട് കാര്യങ്ങൾ ആരാഞ്ഞു. ഞാൻ അതുവരെയുണ്ടായ എല്ലാ കാര്യങ്ങളും വിശദീകരിച്ചു. അദ്ദേഹം എല്ലാം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ഒടുവിൽ വിശുദ്ധ ബൈബിളിലെ ഒരു വാക്യം ഉരുവിട്ടു. 'എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ.' തുടർന്ന് അദ്ദേഹം കാറിലിരുന്ന് പൊതുവായ ഒരു ഉപദേശവും നൽകി : 'ജീവിതത്തിൽ നാം ഏതു നിലയിൽ എത്തിയാലും എളിയവരെ വില കുറച്ചു കാണരുത്. അവരെ അവഹേളിക്കുകയോ നിന്ദിക്കുകയോ ചെയ്യരുത്. ഇന്നു നാം കാണുന്നവർ നാളെ ആരാകുമെന്നോ, നാളെ ആരുടെയൊക്കെ സഹായം നമുക്കു വേണ്ടി വരുമെന്നോ നാം അറിയുന്നില്ല.' അത് എല്ലാവരും ഏറ്റെടുക്കേണ്ട അമൂല്യമായ ഒരു ജീവിതപാഠമാണെന്ന് എനിക്കു തോന്നി.
ചിന്തക്ക് : 'എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ. അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും. അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും. അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിനു നീ അവനെ ഏല്പിക്കയില്ല. യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു. യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കണമേ. നിന്നോടല്ലോ ഞാൻ പാപം ചെയ്തത് എന്നു ഞാൻ പറഞ്ഞു' (സങ്കീർത്തനങ്ങൾ 41 : 1...4).

