സ്വാതന്ത്ര്യം: ചില ആത്മീയ ഉൾക്കാഴ്ച്ചകൾ

പാസ്റ്റർ അനീഷ് കൊല്ലംകോട്
1947 ആഗസ്റ്റ് 15 ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷുകാരിൽ നിന്ന് രാഷ്ട്രീയപരമായി സ്വാതന്ത്ര്യം നേടിയ ദിവസം !!
അന്യനാട്ടുകാരന്റെ മേൽക്കോയ്മയില്ലാതെ സ്വതന്ത്രമായി ജീവിക്കാനും ഭരണകർത്താക്കളെ തെരെഞ്ഞെടുക്കാനും ഭരണകർത്താക്കളാകാനും അവകാശം നൽകുന്ന സ്വാതന്ത്ര്യത്തിലും അതിലപ്പുറം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും ഇന്ത്യാക്കാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്.
ലോകത്തിലെ ആബാലവൃദ്ധം ജനങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന കാര്യങ്ങളെ മുൻനിർത്തി പൊതുസ്വാതന്ത്ര്യമെന്നും വ്യക്തിപരമായ കാര്യങ്ങളെ മുൻനിർത്തി വ്യക്തി സ്വാതന്ത്ര്യമെന്നും സ്വാതന്ത്ര്യത്തെ പ്രധാനമായും രണ്ടായി തിരിക്കാം.
രാഷ്ട്രീയപരമായി ലഭിച്ച സ്വാതന്ത്ര്യത്തെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ആസ്വദിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. അതേസമയം, വ്യക്തിസ്വാതന്ത്ര്യം ഓരോ പൗരനെയും സംബന്ധിച്ച് വ്യത്യസ്തമാകാം. വ്യക്തി സ്വാതന്ത്ര്യത്തെയും വിശകലന സൗകര്യാർത്ഥം ആത്മീകവും ഭൗതീകവും എന്നിങ്ങനെ രണ്ടു മേഖലകളായി തിരിക്കാം.

വിദ്യ അഭ്യസിക്കാനുള്ള അവകാശം, അഭിപ്രായം പറയാനും വിമർശിക്കാനുമുള്ള അവകാശം എന്നുതുടങ്ങി പ്രായപൂർത്തിയായ ഒരാൾക്ക് വ്യക്തിപരമായി (സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത) എന്ത് തീരുമാനവും നടപ്പാക്കാനുള്ള അവകാശം തുടങ്ങിയവയെല്ലാം വ്യക്തി സ്വാതന്ത്ര്യത്തിൽ പെടുന്നതാണ്.
അതുപോലെ തന്നെ സമൂഹനന്മ ലക്ഷ്യമിട്ടുകൊണ്ടുള്ള ഏതു പ്രവർത്തനങ്ങൾ ചെയ്യാനും അതിന്റെ ലക്ഷ്യപ്രാപ്തിക്കായി നിയമവിധേയമായി സംഘം ചേരാനും സംഘടന, സൊസൈറ്റി, ട്രസ്റ്റ് തുടങ്ങിയവയൊക്കെ രൂപീകരിക്കാനും അതതിന്റെ ബൈലോ അനുസരിച്ചു ആത്മീകമോ സാമൂഹികമോ ആയ കാര്യങ്ങളിൽ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കാനും ഓരോ ഇന്ത്യൻ പൗരനും സ്വാതന്ത്ര്യമുണ്ട്.
സ്വാതന്ത്ര്യം ഒരു അനുഗ്രഹമാണ്. അതിന്റെ നന്മയും മഹത്വവും ശക്തിയും സാധ്യതയും അറിയണമെങ്കിൽ തടവറയിൽ കഴിയുന്നവരെ ഒന്ന് സന്ദർശിച്ചാൽ മതിയാകും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ, ആഗ്രഹത്തിനൊത്ത് വസ്ത്രം ധരിക്കാനോ, ഒരു പരിധിക്കപ്പുറം സംസാരിക്കാനോ എന്തിന് , കിടക്കുന്ന മുറിയിൽ നിന്ന് ഒന്ന് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യമില്ലാത്തവരാണ് തടവുകാർ.

ചുരുക്കത്തിൽ സ്വാതന്ത്ര്യമില്ലായ്മ എന്നത് തടവറയുടെ അനുഭവമാണ്. നമ്മുടെ ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലത്ത് നമ്മുടെ പിതാക്കൾ ഒരുതരത്തിൽ തടവറവാസം അനുഭവിക്കുകയായിരുന്നു. അന്യ നാട്ടുകാരന്റെ നിയമാവലി അനുസരിച്ച് ജീവിക്കാൻ തദ്ദേശീയരായ നമ്മുടെ പിതാക്കൾ നിർബന്ധിതരായപ്പോൾ അത് അക്ഷരാർത്ഥത്തിൽ അടിമത്തം തന്നെയായിരുന്നു.
എന്നാൽ അടിമത്തത്തിന്റെ ദുസ്ഥിതിയും സ്വാതന്ത്ര്യത്തിന്റെ മഹത്വവും സാധ്യതയും തിരിച്ചറിഞ്ഞ ധീരന്മാരായ കുറെയേറെപ്പേർ സ്വാതന്ത്ര്യം തങ്ങളുടെ ജന്മാവകാശമാണെന്ന തിരിച്ചറിവോടുകൂടി കരുത്തുറ്റ സമരമാർഗങ്ങളിലൂടെ തങ്ങളുടെ ചുടുനിണം ഒഴുക്കി നേടിത്തന്ന സ്വാതന്ത്ര്യമാണ് ഇന്നത്തെ ഇന്ത്യയുടേയും പൗരന്മാരായ നമ്മുടെയും സകല അഭിവൃദ്ധിയുടെയും പിന്നിൽ എന്ന വസ്തുത ഓർക്കുമ്പോൾ സ്വാതന്ത്ര്യ സമര സേനാനികളായ ഭടന്മാരുടെ ധീരതക്കുമുന്നിൽ കൃതജ്ഞതയുടെ പൂച്ചെണ്ടുകൾ അർപ്പിക്കാൻ നമുക്ക് കഴിയണം.
അതോടൊപ്പംതന്നെ അവർ നേടിത്തന്ന സ്വാതന്ത്ര്യം നിലനിർത്താനും നമ്മൾ ബാധ്യസ്ഥരാണ്.
ഇനി പറയാൻ പോകുന്നത്, സ്വാതന്ത്ര്യത്തിന്റെ ആത്മീയ തലത്തെപറ്റിയാണ്.
മനുഷ്യൻ എന്നാൽ മനനം ചെയ്യുന്നവൻ എന്നർത്ഥം. മനുഷ്യന്റെ വ്യക്തിത്വം അവന്റെ ആത്മാവിലാണ്. ആത്മാവില്ലെങ്കിൽ മനുഷ്യനെ വ്യക്തിയെന്നു വിളിക്കാനാവില്ല. ആത്മാവ് ശരീരത്തിൽ വസിക്കുന്നിടത്തോളം മാത്രമേ മനുഷ്യന്റെ പേരിന് പ്രസക്തിയുള്ളു. ആത്മാവ് വേർപ്പെട്ടയുടൻ അവൻ കേവലം ബോഡി എന്ന വിളിപ്പേരിൽ ഒതുങ്ങുന്നു. മനുഷ്യനെ മനുഷ്യനാക്കുന്നത് അവനിലെ ആത്മാവാണ്. ആത്മാവിന്റെ ചിന്തകളാണ് ആത്മീയ ചിന്തകൾ.
ആത്മാവില്ലാതെ മനുഷ്യന് നിലനിൽപ്പില്ല എന്നതുപോലെ തന്നെ ആത്മീയചിന്തകൾ കൂടാതെ ആത്മാവിനും മുൻപോട്ടുപോകാനാവില്ല. ഭൗമീക ജീവിതത്തതിന് ഭൗമീക സ്വാതന്ത്ര്യം ആവശ്യമായിരിക്കുന്നതുപോലെ ആത്മീയ ജീവിതത്തിനും ആത്മീയ സ്വാതന്ത്ര്യമുണ്ടാകണം.
ആത്മീയ സ്വതന്ത്ര്യത്തെപ്പറ്റി ഒരാൾ ചിന്തിക്കണം എങ്കിൽ ആത്മീയ അടിമത്വത്തെപ്പറ്റി അയാൾ ബോധവാനാകണം.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തളച്ചിടപ്പെട്ട ആത്മീക ചുറ്റുപാടുകളിൽ ജീവിക്കുന്നവരാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു എന്നവകാശപ്പെടുമ്പോഴും മനുഷ്യനെ മനുഷ്യനാക്കേണ്ട അവന്റെ ആത്മാവ് ഇന്നും അടിമത്വത്തിലാണ്. ആത്മീകകാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ ഭരണഘടനാപരമായി സ്വാതന്ത്ര്യമുണ്ടെന്ന് ഭംഗിവാക്ക് പറയാമെങ്കിലും മതം മാറിയാൽ മനുഷ്യനെ കശാപ്പ് ചെയ്യാൻ പോലും മടിക്കാത്തവർ സ്വതന്ത്ര ഭാരതത്തിലുണ്ട് എന്നത് ആശ്ചര്യമെന്നതിനെക്കാൾ വസ്തുതയാണ്.
തെറ്റായ പ്രവണതകളെ തള്ളി മതത്തിന്റെ വേലിക്കെട്ടു പൊളിച്ച് സ്വന്തം ഇഷ്ടാനുസരണം മതം തെരഞ്ഞെടുക്കാൻ ഇന്ത്യൻ പൗരന് എന്നാണോ സാധിക്കുന്നത് അന്നുമാത്രമേ ഇന്ത്യ പൂർണ അർത്ഥത്തിൽ സ്വാതന്ത്ര്യം നേടി എന്ന് പറയാനാവൂ. സഹജീവിക്ക് നന്മയായി ഭവിക്കുമെന്നുറപ്പുള്ള എന്തും ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം ഇന്ത്യൻ പൗരൻമാർക്ക് ഉണ്ട്.
ഭരണഘടന നൽകുന്ന മേൽപ്പറഞ്ഞ സ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ട് സർവ്വലോകത്തിനും സുഖം പ്രധാനം ചെയ്യുന്ന ഒരു അതിശ്രേഷ്‌ഠ സന്ദേശമാണ് ഞാൻ ഇനിയും പങ്കുവെക്കാൻ പോകുന്നത്.
റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന യഹൂദന്മാർ അടിമനുകത്തിൽ നിന്നും രാഷ്ട്രീയപരമായി സ്വാതന്ത്ര്യം കൊതിച്ചിരുന്ന കാലം..
"ഞാൻ തന്നെ വഴിയും സത്യവും ജീവനും" എന്നരുളിചെയ്തുകൊണ്ട് യേശുക്രിസ്തു സ്വർലോകം വെടിഞ്ഞു മണ്ണിലവതരിച്ചതും ഈ കാലത്തുതന്നെ.
തങ്ങളെ റോമാസാമ്രാജ്യത്തിന്റെ അടിമ നുകത്തിൽ നിന്നും രക്ഷിച്ച് തങ്ങളുടെ രാജാവായി യേശുക്രിസ്തു രാജ്യഭരണം ഏറ്റെടുക്കും എന്ന് ചിന്തിച്ച് പതിനായിരക്കണക്കിന് യഹൂദന്മാർ യേശുവിനെ അനുഗമിച്ചുകൊണ്ടിരുന്നു .പക്ഷെ തന്റെ രാജ്യം ഭൗമീകമല്ല എന്ന് യേശു വ്യക്തമാക്കിയത് യേശുവിൽ പ്രതീക്ഷയർപ്പിച്ച യെഹൂദന്മാർക്ക് ഒരിക്കലും സഹിക്കുവാനോ ഉൾകൊള്ളുവാനോ കഴിയുമായിരുന്നില്ല. അതിന്റെ പരിണിതഫലമാകട്ടെ യേശുവിന്റെ ക്രൂശുമരണമായിരുന്നു
യേശുവിൽ യെഹൂദൻ പ്രതീക്ഷിച്ചത് രാഷ്ട്രീയമായ സ്വാതന്ത്ര്യം നൽകുന്ന മശിഹായെ ആയിരുന്നു. പക്ഷേ, യേശുക്രിസ്തു ദൈവരൂപത്തിൽ നിന്ന് മനുഷ്യാവതാരം സ്വീകരിച്ചതിന്റെ പരമോദ്ദേശ്യം യെഹൂദർക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നൽകുക എന്നതായിരുന്നില്ല. പ്രത്യുത, മാനവകുലത്തെ മുഴുവൻ പാപത്തിന്റെ അടിമനുകത്തിൽ നിന്നും സ്വാതന്ത്രമാക്കുക എന്നതായിരുന്നു.
നിർഭാഗ്യവശാൽ പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ അനന്ത സാധ്യതകളെപ്പറ്റിയും അതിലൂടെ ലഭ്യമാകുന്ന മരണാനന്തര ജീവിതത്തെപ്പറ്റിയും വേണ്ട വിധം ഗ്രഹിക്കാൻ കഴിയാത്ത വിധം ഭൗമീക ചിന്തകളിൽ ഗ്രസിച്ചിരുന്ന യഹൂദന്മാർ യാഥാർഥ്യത്തെ അവഗണിച്ച് ക്രിസ്തുവിന് നിഷ്കരുണം മരണ ശിക്ഷ വിധിച്ച് ക്രൂശിൽ തറച്ചു.

അതേസമയം ആ ക്രൂശുമരണത്തെ സകല മാനവ രാശിയുടെയും പാപ പരിഹാരത്തിനായുള്ള ദിവ്യബലിയായി യേശുക്രിസ്തു ഏറ്റെടുക്കുകയായിരുന്നു. മരണത്തെ വെല്ലുവിളിച്ചുകൊണ്ട് മൂന്നാം ദിവസം യേശു ഉയിർത്തെഴുന്നേറ്റു. തുടർന്ന് തന്റെ ശിഷ്യന്മാർക്ക് തന്നെത്താൻ വെളിപ്പെടുത്തികൊണ്ട് മരണം മനുഷ്യന്റെ ഉന്മൂലനാശമല്ലെന്നും പാപത്തിന്റെ അടിമ ചങ്ങലയിൽ നിന്നും മാനവജനതയെ വീണ്ടെടുക്കാൻ രക്ഷയുടെ സുവിശേഷം അനിവാര്യമാണെന്നും ക്രിസ്തു തന്റെ പ്രായശ്ചിത്ത മരണം കൊണ്ട് സാധിച്ചെടുത്ത രക്ഷ ക്രിസ്തുവിലുള്ള വിശ്വാസത്താൽ ആർക്കും കരാഗതമാക്കാൻ കഴിയുന്നതാണെന്നും ഉത്ബോധിപ്പിച്ചുകൊണ്ട് ആ സന്ദേശം ലോകത്തിന്റെ അറ്റത്തോളം പ്രസംഗിക്കാൻ ശിഷ്യരെ നിയോഗിക്കുകയും ചെയ്തു.
ഒരു ശാരാശരി മനുഷ്യനായിപ്പോലും ജീവിക്കാൻ കഴിയാതെ മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവിനും മറ്റു ലഹരി പദാർത്ഥങ്ങൾക്കും ഇതര ദുശ്ശീലങ്ങൾക്കും സ്വഭാവ വൈകൃതങ്ങൾക്കും നാനാവിധമായ പ്രശ്നങ്ങളിലും അടിമപ്പെട്ട് പാപത്തിന്റെ സ്വാധീന വലയത്തിൽ കഴിയുന്ന മനുഷ്യരെ രക്ഷിക്കാനായിരുന്നു യേശു ക്രിസ്തു ദൈവരൂപം വെടിഞ്ഞ് മനുഷ്യനായി അവതരിച്ചത്.
ക്രൂരമായ ക്രൂശു മരണം ഏറ്റെടുത്ത് മരിച്ച് അടക്കപ്പെട്ട് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ യേശു ക്രിസ്തു സകല മാനവരാശിക്കും തന്നിലൂടെ നിത്യ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. തത്വത്തിൽ രാഷ്ട്രീയ സ്വാതന്ത്ര്യമല്ല, മറിച്ച് പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് മനുഷ്യന്റെ അടിയന്തരാവശ്യം എന്ന സത്യം കർത്താവായ യേശു ലോകത്തിന് വെളിപ്പെടുത്തി.
Advt


