സംഭവിക്കുന്നതെല്ലാം നന്മയ്ക്കായി മാത്രം
റവ.ജോർജ് മാത്യു പുതുപ്പള്ളി
സാമുവൽ ബ്രെഗ്ലെ എന്ന ക്രിസ്തീയ എഴുത്തുകാരൻ റോഡിൽക്കൂടി നടന്നു പോകുകയായിരുന്നു. ഒരു തെരുവ് ബാലൻ എറിഞ്ഞ ഒരു ഇഷ്ടികക്കഷണം അദ്ദേഹത്തിന്റെ തലയിൽ കൊള്ളുകയും തലയ്ക്കു മുറിവേൽക്കുകയും ചെയ്തു. ഇക്കാരണത്താൽ അദ്ദേഹം തന്റെ വീട്ടിൽ കുറെ നാൾ വിശ്രമം എടുത്തു. ഈ അവസരം പാഴക്കിക്കളയാതെ വിശുദ്ധ ജീവിതത്തെപ്പറ്റി ഒരു പുസ്തകം എഴുതുവാൻ തീരുമാനിച്ചു. 'വിശുദ്ധിയുടെ സഹായരേഖ' എന്നാണ് അദ്ദേഹം എഴുതിയ പ്രശസ്തമായ പുസ്തകത്തിന്റെ പേര്. അദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ രചനയും ഇതായിരുന്നു.

സാമുവൽ ബ്രെഗ്ലെ
വിശുദ്ധ ജീവിതം നയിക്കുവാനായി അനേകർക്ക് ഈ പുസ്തകത്തിലെ ആശയങ്ങൾ പ്രചോദനമായി. തനിക്കു നേരിട്ട പ്രതികൂലാനുഭവങ്ങളിൽ അദ്ദേഹത്തിന് അനുകൂലമായ കാര്യങ്ങളും ഉൾപ്പെട്ടിരുന്നു. അതു കണ്ടെത്തുവാനാണ് ബ്രെഗ്ലെ ശ്രമിച്ചത്. ആ ശ്രമം വളരെ ഫലവത്തായിത്തീർന്നു. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് : 'ആ ഇഷ്ടിക ഇല്ലായിരുന്നുവെങ്കിൽ ഈ പുസ്തകവും ഉണ്ടാകുമായിരുന്നില്ല. എന്റെ ഭർത്താവിന്റെ തലയ്ക്കേറ്റ മുറിവാണ് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന ഗ്രന്ഥം പുറത്തു വരുവാൻ കാരണമായിത്തീർന്നത്.'
ജീവിതത്തിലുണ്ടാകുന്ന പ്രതികൂലങ്ങളിൽ മനസ് മടുത്തു പോകുക എന്നത് ലോകസ്വഭാവമാണ്. ഈ സന്ദർഭങ്ങളിൽ അതിൽ നാം അകപ്പെട്ടു പോയാൽ നമുക്കുണ്ടാകുന്ന പ്രതികൂലം നമുക്കു ശാപമായേ പരിണമിക്കുകയുള്ളൂ.എന്നാൽ പ്രതികൂലങ്ങളിൽ മറഞ്ഞു കിടക്കുന്ന അനുകൂലഭാവങ്ങളെ ഉണർത്തിയെടുക്കുവാൻ നമുക്കു സാധിക്കുന്നുവെങ്കിൽ നമ്മുക്കത് അനുകൂലമായി തീരുന്നതാണ്. എന്നാൽ പലപ്പോഴും സാഹചര്യം നമ്മെ അതിന് അനുവദിച്ചെന്നു വരില്ല.
ദൈവികമായ പ്രചോദനമാണ് നമ്മെ ഇതിലേക്കു നിയോഗിക്കുന്നത്. യോസേഫിന്റെ ജീവിതത്തിലെ ഒരു കാലഘട്ടം തനിക്ക് ഏറ്റവും പ്രതികൂലമായ അനുഭവങ്ങളാണ് ഉളവാക്കിയത്. കാരാഗൃഹജീവിതത്തിൽ നിന്നാണ് യോസേഫിനെ പുറംലോകം അറിയത്തക്ക കാര്യങ്ങളുണ്ടായത്. യോസേഫ് കാരാഗൃഹത്തിൽ അല്ലായിരുന്നുവെങ്കിൽ ഫറവോന്റെ പാനപാത്രവാഹകനുമായി പരിചയപ്പെടുവാൻ സാധിക്കുകയില്ലായിരുന്നു.
യോസേഫിനു വന്നുഭവിച്ച എല്ലാ പ്രതികൂലങ്ങളിൽ നിന്നും അവന് അനുകൂലമായ സാഹചര്യങ്ങളെ ദൈവം ചെയ്തു കൊണ്ടേയിരുന്നു അതുകൊണ്ടാണ് ഫറവോന്റെ അപ്പക്കലവറക്കാരനെയും പാനപാത്ര വാഹകനെയും യോസേഫിനോടു കൂടെ കാരാഗൃഹത്തിൽ കഴിയുവാൻ ദൈവം അനുവദിച്ചത്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതികൂലങ്ങളെയും നമുക്ക് അനുകൂലമാക്കുവാൻ 'മഹാദൈവമായ' (തീത്തൊസ് 2 : 12) യേശുകർത്താവിനു സാധിക്കുമെന്ന് അറിയുക.
ചിന്തക്ക് : അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട് : ഞാൻ മരിക്കുന്നു. എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടു പോകേണമെന്നു പറഞ്ഞ്, യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു. യോസേഫ് നൂറ്റിപ്പത്തു വയസുള്ളവനായി മരിച്ചു. അവർ അവനു സുഗന്ധവർഗം ഇട്ട് അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വച്ചു' (ഉൽപത്തി 50 : 24...26).
Advt.

























