കൊലകത്തിയില്‍ നിന്നും ദൈവം രക്ഷിച്ച സാക്ഷ്യവുമായി പുഷ്പ

ടോണി ഡി. ചെവ്വൂക്കാരന്‍
ചെന്താമര എന്ന കൊലയാളിയുടെ കരാളഹസ്തങ്ങളില്‍ നിന്നും ദൈവം അത്ഭുതകരമായി വിടുവിച്ചതിന്‍റെ ആശ്വാസത്തിലാണ് ഇന്ന് പുഷ്പ. എങ്കിലും, കൊടുംകുറ്റവാളിയായ ആ ക്രിമിനലിന്‍റെ മുഖം അവരുടെ മനസ്സില്‍ ഇപ്പോഴും ഭീതിയുടെ കനലായി നീറിപ്പുകയുകയാണ്.
പാലക്കാട് ജില്ലയിലെ പോത്തുണ്ടി ബോയന്‍ കോളനിയില്‍ നടന്ന ഇരട്ട കൊലപാതകത്തിന്‍റെ ഞെട്ടലില്‍ നിന്നും കേരളജനത ഇനിയും മോചിതമായിട്ടില്ല.
കൊലപാതകിയുടെ ലിസ്റ്റില്‍പെട്ട പുഷ്പ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് ദൈവത്തിന്‍റെ കൃപ ഒന്നു മാത്രമാണ്. പാസ്റ്റര്‍ ജിമ്മി കുര്യാക്കോസ് ശുശ്രൂഷിക്കുന്ന നെന്മാറ, പേഴുംപാറ ഐപിസി ശാലേം ചര്‍ച്ചിലെ സജീവ അംഗമാണ് പുഷ്പ. സംഭവദിവസം രാവിലെ സഭാഹാളില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ 9 മണിയോടെ പുഷ്പ വീട്ടില്‍ നിന്നും പുറപ്പെട്ടിരുന്നു.
9.30 നാണ് സമീപവാസിയായ രണ്ട് പെണ്‍കുട്ടികളുടെ പിതാവായ സുധാകരനേയും അമ്മയേയും ചെന്താമര വെട്ടികൊലപ്പെടുത്തിയത്. അതോടൊപ്പം പുഷ്പയേയും കൂടി വകവരുത്താനായിരുന്നു അദ്ദേഹത്തിന്‍റെ പ്ലാന്‍. അന്നേദിവസം രാവിലെ പാല്‍ വാങ്ങി വീട്ടിലേക്കു വരുമ്പോള്‍ പ്രതി പുഷ്പയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ചെന്താമരയുടെ വീടിന്‍റെ നേരെ എതിര്‍വശത്താണ് പുഷ്പയുടെ വീട്. സമീപത്ത് സുധാകരനും കുടുംബവും. അന്ധവിശ്വാസത്തിന്‍റെ പുറകെ പോയി മാനുഷിക മൂല്യങ്ങള്‍ നഷ്ടപ്പെട്ട് മൃഗമായി മാറിയ ചെന്താമര സ്വന്തം കുടുംബ ബന്ധം തകര്‍ന്നതിന്‍റെ കാരണം മറ്റുള്ളവരുടെ തെറ്റായ പ്രവര്‍ത്തികളാണെന്ന് തെറ്റിദ്ധരിച്ച് സമീപവാസികളെ നിഷ്കരുണം കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിക്കുകയായിരുന്നു.
സുധാകരന്‍റെ ഭാര്യയെ കൊന്നതിന്‍റെ പേരില്‍ ജയില്‍ കഴിയുകയായിരുന്ന പ്രതി ഈ അടുത്ത സമയത്താണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതി പുഷ്‌പ്പയെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തുകയും അയൽവാസി പുഷ്പ മിസ് ആയി എന്ന് പോലീസുകാരോട് പറയുകയും ചെയ്തു.
ഐപിസി ശാലേം ചര്‍ച്ചിലെ എല്ലാ കൂട്ടായ്മകളിലും സജീവമായി സംബന്ധിച്ചു വരുന്ന പുഷ്പ; ശനിയാഴ്ചകളില്‍ ചര്‍ച്ചും പരിസരവും വൃത്തിയാക്കുന്നതില്‍ അതീവ ഉത്സാഹിയാണ്.
2024 ഒക്ടോബര്‍ മുതല്‍ എല്ലാ ദിവസവും ഒരു മണിക്കൂര്‍ സമയം ചര്‍ച്ചില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു വരികയാണ്. ഓരോ ആഴ്ചയിലും സമയത്തിന് മാറ്റം വരുത്തും. സംഭവം നടക്കുന്ന ദിവസം രാവിലെ 10 നായിരുന്ന പ്രാര്‍ത്ഥന. അതുകൊണ്ടാണ് പുഷ്പ രാവിലെ 9 ന് തന്നെ ദൂരെയുള്ള വീട്ടില്‍ നിന്നും യാത്ര തിരിച്ചത്.
സംസാരിക്കാന്‍ അല്‍പ്പം പ്രയാസമുണ്ടായിരുന്ന പുഷ്പയെ 2016 ലാണ് വിശ്വാസിയായ തന്‍റെ മാതാവ് സഭയില്‍ കൊണ്ടുവരുന്നത്. സഭാ പാസ്റ്റര്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ദൈവം അത്ഭുത സൗഖ്യം നല്‍കി. വിശ്വാസ സ്നാനം സ്വീകരിച്ച പുഷ്പ ഇന്ന് ശാലേം സഭയിലെ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യമാണ്.
വിശ്വാസ വഴിയിലേക്ക് വന്നതിന്‍റെ പേരില്‍ സമീപവാസികളില്‍ നിന്നും ഒട്ടേറെ നിന്ദയും പരിഹാസവും പുഷ്പക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ദൈവത്തിന്‍റെ അത്ഭുതകരുതലിന്‍റെ സാക്ഷ്യം കേട്ട നാട്ടുകാര്‍ ഇന്ന് പുഷ്പയെ തങ്ങളോടൊപ്പം ചേര്‍ത്തു പിടിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞ് തടിച്ചുകൂടിയ ടിവി ചാനലുകളിലൂടെ പുഷ്പ പറഞ്ഞു: " ഞാന്‍ വിശ്വസിക്കുന്ന ദൈവം സത്യദൈവമാണ്. ആ ദൈവമാണ് എന്നെ മരണത്തില്‍ നിന്നും വിടുവിച്ചത്".
Advertisement