പ്രതിസന്ധിയുടെ രണ്ടു തീരങ്ങൾ — ചെങ്കടലും യോർദ്ദാനും

അനിൽ മാത്യു തിരുവനന്തപുരം
നിങ്ങൾ ഭയപ്പെടേണ്ടാ; ഉറച്ചുനിന്ന് യഹോവ ഇന്ന് നിങ്ങൾക്കു ചെയ്തുതരുന്ന രക്ഷ കാണുവിൻ- (പുറപ്പാട് 14:13)
വാഗ്ദത്തനാട്ടിലേക്കുള്ള യിസ്രായേൽമക്കളുടെ യാത്രയിൽ, മാനുഷിക ബുദ്ധിക്ക് വിശദീകരിക്കാനാകാത്ത അനേകം അത്ഭുതങ്ങൾക്ക് അവർ സാക്ഷികളായി. എന്നാൽ അവയിൽ ഏറെ സാമ്യമുള്ള രണ്ടു സംഭവങ്ങളാണ് ചെങ്കടൽ കടന്നതും യോർദ്ദാൻ കടന്നതും.രണ്ടു സംഭവങ്ങളിലും മുന്നിൽ വെള്ളം, പിന്നിൽ അസാധ്യത, നടുവിൽ ദൈവത്തിന്റെ ഇടപെടൽ.എന്നാൽ അവയ്ക്കിടയിൽ ഒരു പ്രധാന വ്യത്യാസമുണ്ട്.ചെങ്കടൽ അവരുടെ രക്ഷയുടെ വഴിയായിരുന്നു; യോർദ്ദാൻ അവരുടെ അവകാശത്തിലേക്കുള്ള വഴിയായിരുന്നു
ഒന്ന് അടിമത്തത്തിൽനിന്നുള്ള വിടുതലിലേക്കുള്ള യാത്ര; മറ്റൊന്ന് വാഗ്ദത്തത്തിന്റെ അവകാശത്തിലേക്കുള്ള പ്രവേശനം.
ചെങ്കടൽ — പിന്നിൽ ശത്രു, മുന്നിൽ കടൽ
മിസ്രയീമിലെ അടിമത്തത്തിൽനിന്ന് മോചിതരായി യിസ്രായേൽമക്കൾ യാത്ര ആരംഭിച്ചു. എന്നാൽ ഫറവോൻ പെട്ടെന്ന് തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തിരിച്ചറിഞ്ഞു. അവൻ തന്റെ സൈന്യവുമായി അവരുടെ പിന്നാലെ പാഞ്ഞെത്തി.മുന്നിൽ ചെങ്കടൽ.ഇരുവശത്തും മലനിരകൾ.പിന്നിൽ ആയുധസജ്ജരായ മിസ്രയീമ്യ സൈന്യം.തിരിച്ചടിക്കാൻ ആയുധങ്ങളില്ല.പോരാടാനുള്ള പരിശീലനമില്ല.രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ല.മാനുഷികചിന്തയിൽ നോക്കിയാൽ അവരുടെ മുന്നിൽ രണ്ടേ രണ്ടു സാധ്യതകളായിരുന്നു ഉണ്ടായിരുന്നത്:ഒന്നുകിൽ മരണം; അല്ലെങ്കിൽ വീണ്ടും അടിമത്തം.അടിമത്തത്തിന്റെ വേദന അനുഭവിച്ചറിഞ്ഞ ജനത്തിന് വീണ്ടും അതിലേക്ക് മടങ്ങിപ്പോകുന്നത് മരണത്തേക്കാൾ ഭയാനകമായിരുന്നു. അപ്പോഴാണ് മോശെയിലൂടെ ദൈവത്തിന്റെ കല്പന വന്നത്:“മുന്നോട്ട് പോകുവിൻ.”എത്ര വിചിത്രമായ ആജ്ഞ! കടൽ മുന്നിലുണ്ട്.പക്ഷേ ദൈവം പറയുന്നു — “മുന്നോട്ട് പോകുവിൻ.”മനുഷ്യബുദ്ധി ചോദിച്ചേക്കാം: മോശെ നീട്ടിപ്പിടിച്ചിരിക്കുന്ന ഈ ഉണങ്ങിയവടി കൊണ്ട് ഇത്ര വലിയ കടലിനെ എങ്ങനെ മറികടക്കും? കാറ്റ് നിലച്ചാൽ വെള്ളം വീണ്ടും ഒന്നിച്ചുചേരില്ലേ?
ഈ വഴിയിലൂടെ നടന്നാൽ നാം തന്നെ കടലിൽ അകപ്പെടുകയില്ലേ?
എന്നാൽ വിശ്വാസം എല്ലാത്തിനും ഉത്തരം കിട്ടിയശേഷം മാത്രം മുന്നോട്ട് പോകുന്നതല്ല.ദൈവം പറഞ്ഞതുകൊണ്ട് മുന്നോട്ട് പോകുന്നതാണ് വിശ്വാസം.
ശക്തമായ കാറ്റിൽ കടൽ രണ്ടായി പിളർന്നു. യിസ്രായേൽമക്കൾ കടലിന്റെ നടുവിലൂടെ ഉണങ്ങിയ നിലത്തുകൂടി നടന്നു.അവരുടെ ഇരുവശത്തും ജലമതിലുകൾ.മുന്നിൽ രക്ഷയുടെ വഴി.പിന്നിൽ ശത്രു. രാത്രിയിൽ വഴികാട്ടാൻ അഗ്നിസ്തംഭം.ശത്രുവിൽനിന്ന് അവരെ വേർതിരിക്കാൻ മേഘസ്തംഭം.അവർ കടന്നുപോയ അതേ വഴിയിലൂടെ മിസ്രയീമ്യരും പിന്തുടർന്നു. എന്നാൽ യിസ്രായേലിന് രക്ഷയുടെ വഴിയായത് മിസ്രയീമ്യർക്ക് ന്യായവിധിയുടെ വഴിയായി.കടൽ വീണ്ടും ഒന്നിച്ചപ്പോൾ ഫറവോന്റെ സൈന്യം നശിച്ചു.അന്ന് യിസ്രായേൽമക്കൾ ഒരു വലിയ സത്യം മനസ്സിലാക്കി:തങ്ങളെ വീണ്ടെടുത്ത ദൈവം കരുണാമയനായ രക്ഷകനാണ്; തന്റെ ജനത്തെ പീഡിപ്പിക്കുന്നവർക്കു നേരെ വിശുദ്ധനായ ന്യായാധിപനുമാണ്.ചെങ്കടൽ വെറും ഒരു ജലാശയം മാത്രമായിരുന്നില്ല.അത് ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ ആദ്യ വലിയ പാഠശാലയായിരുന്നു.
പുതുതലമുറ — അത്ഭുതങ്ങൾ കേട്ടവർ
മിസ്രയീമിൽ ദൈവം നടത്തിയ പത്ത് ബാധകൾ യിസ്രയേൽ ജനം കണ്ടിരുന്നു.
ചെങ്കടൽ പിളർന്നത് അവർ കണ്ടിരുന്നു.മേഘസ്തംഭവും അഗ്നിസ്തംഭവും അവർ അനുഭവിച്ചിരുന്നു.എന്നാൽ പിന്നീട് ജനിച്ച തലമുറയ്ക്ക് ഇവയെല്ലാം കേട്ടറിഞ്ഞ ചരിത്രം മാത്രമായിരുന്നു.അവർക്ക് മിസ്രയീമിലെ അടിമത്തം അനുഭവിക്കേണ്ടിവന്നില്ല.ചെങ്കടലിന്റെ ഭീതിയിലൂടെ കടന്നുപോകേണ്ടിവന്നില്ല.
രാത്രിയിൽ അഗ്നിസ്തംഭത്തെ ആശ്രയിച്ച് യാത്ര ചെയ്യേണ്ടിവന്നില്ല. അതുകൊണ്ട്, ദൈവത്തിന്റെ അത്ഭുതങ്ങൾ കേട്ടുവളർന്നെങ്കിലും ദൈവത്തിൽ ആശ്രയിക്കുന്ന ജീവിതം അനുഭവിച്ചറിയാത്ത ഒരു തലമുറ രൂപപ്പെട്ടു.ഇവിടെയാണ് യോർദ്ദാൻ പ്രത്യക്ഷപ്പെടുന്നത്.

യോർദ്ദാൻ — മുന്നിൽ വാഗ്ദത്തം, എന്നാൽ വഴിയിൽ പ്രതിസന്ധി
ചെങ്കടലിനെ അപേക്ഷിച്ച് യോർദ്ദാൻ ഒരു ചെറിയ നദിയാണ്. എന്നാൽ അതിന്റെ മുന്നിൽ നിൽക്കുന്ന ജനത്തിന് അത് ഒരു ചെറിയ പ്രതിസന്ധിയായിരുന്നില്ല.കാരണം യോർദ്ദാന്റെ അക്കരെ വാഗ്ദത്തനാട് ഉണ്ടായിരുന്നു.ഇതുവരെ അവർ മരുഭൂമിയിലൂടെ സഞ്ചരിച്ചു.ഇപ്പോൾ സമൃദ്ധിയുടെ വാതിൽക്കൽ എത്തിയിരിക്കുന്നു.എന്നാൽ യോർദ്ദാൻ കരകവിഞ്ഞൊഴുകുകയായിരുന്നു.അതിന് അപ്പുറം കനാന്യദേശവും അവിടെയുള്ള ശക്തരായ ജനതയും ഉണ്ടായിരുന്നു. വെള്ളം കടക്കണം.അതിനുശേഷം യുദ്ധം ചെയ്യണം.വാഗ്ദത്തം കൈവശമാക്കണം.മനുഷ്യന്റെ കണക്കിൽ നോക്കുമ്പോൾ ഇത് വീണ്ടും അസാധ്യത തന്നെയായിരുന്നു.ചെങ്കടലിന്റെ മുന്നിൽ അവർ മരണത്തെ കണ്ടു.യോർദ്ദാന്റെ മുന്നിൽ അവർ വാഗ്ദത്തത്തിലേക്കുള്ള വഴിയിൽ നിൽക്കുന്ന പ്രതിബന്ധത്തെ കണ്ടു.മൂന്നു ദിവസം അവർ പാളയത്തിൽ കാത്തുനിന്നു.എന്നാൽ ദൈവം അവരെ മറ്റൊരു അത്ഭുതത്തിലേക്ക് നയിക്കുകയായിരുന്നു.യിസ്രായേലിന്റെ നടുവിൽ ദൈവസാന്നിധ്യത്തിന്റെ അടയാളമായ നിയമപെട്ടകം ഉണ്ടായിരുന്നു.പുരോഹിതന്മാർ പെട്ടകം ചുമന്നുകൊണ്ട് യോർദ്ദാന്റെ വെള്ളത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ അത്ഭുതം സംഭവിച്ചു.വെള്ളം നിലച്ചു.മുകളിലൂടെ വന്ന വെള്ളം തടഞ്ഞുനിന്നു. താഴേക്കുള്ള വെള്ളം ഒഴുകിപ്പോയി.നദിയുടെ നടുവിൽ ഉണങ്ങിയ നിലം പ്രത്യക്ഷപ്പെട്ടു.ജനമെല്ലാം യോർദ്ദാൻ കടന്നുപോയി.ചെങ്കടലിൽ മോശെയുടെ വടി ഉയർന്നപ്പോൾ വഴി തുറന്നു.യോർദ്ദാനിൽ പുരോഹിതന്മാരുടെ കാലുകൾ വെള്ളത്തിൽ പതിഞ്ഞപ്പോൾ വഴി തുറന്നു.രണ്ടിടത്തും മനുഷ്യൻ വഴി ഉണ്ടാക്കിയില്ല; ദൈവം വഴിയുണ്ടാക്കി.
ചെങ്കടലും യോർദ്ദാനും നമ്മോടു പറയുന്നത്
പ്രിയരേ, ചിലപ്പോൾ നമ്മുടെ ജീവിതത്തിലും ചെങ്കടൽ വരും. പിന്നിൽ പ്രശ്നങ്ങൾ.
മുന്നിൽ പ്രതിസന്ധി.ഇരുവശത്തും വഴിയില്ലായ്മ. ചിലപ്പോൾ യോർദ്ദാൻ വരും.
വാഗ്ദത്തം തൊട്ടുമുമ്പിൽ കാണാം; പക്ഷേ അതിനും നമുക്കും ഇടയിൽ ഒരു കരകവിഞ്ഞ നദി. ചെങ്കടൽ നമ്മോട് ചോദിക്കും: “നീ ദൈവത്തിൽ വിശ്വസിക്കുന്നുവോ?”യോർദ്ദാൻ ചോദിക്കും: “ദൈവം വാഗ്ദാനം ചെയ്തിടത്തേക്ക് പോകാൻ നീ വിശ്വാസത്തോടെ ആദ്യ ചുവടുവെക്കുമോ?”
മനുഷ്യൻ ഗോളങ്ങൾ താണ്ടാൻ കഴിയുന്നവനായി മാറിയാലും, യാഥാർത്ഥ്യത്തിൽ അവൻ ഒരു നീർക്കുമിളപോലെ നിസ്സാരനും നശ്വരനുമാണ്.
കരുത്തരെന്ന് കരുതുന്നവരെ തകർക്കാൻ ചിലപ്പോൾ ഒരു ചെറിയ വാക്ക് മതി.
വലിയ പദ്ധതികളെ തകർക്കാൻ ഒരു ചെറിയ രോഗം മതി. വലിയ സമ്പത്തിനെ നിസ്സാരമാക്കാൻ ഒരു നിമിഷം മതി. മനുഷ്യന്റെ ശക്തിക്ക് അതിരുണ്ട്. ദൈവത്തിന്റെ ശക്തിക്ക് അതിരില്ല. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ദൈവത്തിൽനിന്ന് അകന്ന് സ്വയംപര്യാപ്തനായി ജീവിക്കാനല്ല; ദൈവത്തോടൊപ്പം നടക്കുവാനും ദൈവത്തിൽ ആശ്രയിക്കുവാനുമാണ്.

അതുകൊണ്ടാണ് ദാവീദിന്റെ വാക്കുകൾ ഇന്നും നമ്മെ ധൈര്യപ്പെടുത്തുന്നത്: “എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.” മല്ലനായ ഗോലിയാത്തിന്റെ മുമ്പിൽ ബാലനായ ദാവീദ് നിന്നപ്പോൾ അവന്റെ ആശ്രയം തന്റെ ശക്തിയിലായിരുന്നില്ല. അവൻ പ്രഖ്യാപിച്ചു:“ഞാൻ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.” ഗോലിയാത്തിന്റെ മരണം ഒരു മല്ലന്റെ വീഴ്ച മാത്രമായിരുന്നില്ല. ദൈവത്തിൽ ആശ്രയിക്കുന്നവന്റെ വിശ്വാസം മനുഷ്യശക്തിയെക്കാൾ ശക്തമാണെന്നതിന്റെ നേർസാക്ഷ്യമായിരുന്നു അത്*.ചെങ്കടലിന്റെ മുമ്പിൽ മോശെ.യോർദ്ദാന്റെ മുമ്പിൽ പുരോഹിതന്മാർ. ഗോലിയാത്തിന്റെ മുമ്പിൽ ദാവീദ്. മൂന്നിടത്തും പ്രശ്നത്തിന്റെ വലുപ്പമല്ല വിജയത്തെ നിർണ്ണയിച്ചത്; ദൈവത്തിന്റെ വലുപ്പമാണ്.

നമ്മുടെ ചെങ്കടലും യോർദ്ദാനും
ഇന്ന് നാം ഏത് തീരത്താണ് നിൽക്കുന്നത്?ചിലർക്കു മുന്നിൽ ചെങ്കടലാണ്. “എങ്ങനെ രക്ഷപ്പെടും?” എന്ന ചോദ്യവുമായി നിൽക്കുന്നവർ. ചിലർക്കു മുന്നിൽ യോർദ്ദാനാണ്. “ദൈവം വാഗ്ദാനം ചെയ്തതിലേക്ക് എങ്ങനെ പ്രവേശിക്കും?” എന്ന ചോദ്യവുമായി നിൽക്കുന്നവർ. മറ്റു ചിലരുടെ മുമ്പിൽ ഗോലിയാത്താണ്. “ഇത്ര വലിയ പ്രതിസന്ധിയെ എങ്ങനെ ജയിക്കും?” എന്ന ഭയത്തോടെ നിൽക്കുന്നവർ. എന്നാൽ ഈ മൂന്നു സാഹചര്യങ്ങൾക്കും ഒരേയൊരു ഉത്തരം:ദൈവത്തിൽ ആശ്രയിക്കുക
ചെങ്കടലിൻ്റെ അനുഭവം നമ്മോട് പറയുന്നു: ഭയപ്പെടേണ്ട; നിൻ്റെ ദൈവം വഴി തുറക്കും.”യോർദ്ദാൻ്റെ അനുഭവം നമ്മോട് പറയുന്നു: ആദ്യ ചുവട് വിശ്വാസത്തോടെ വെക്കുക; നിൻ്റെ ദൈവം വെള്ളത്തെ നിർത്തും ഗോലിയാത്തിൻ്റെ അനുഭവം നമ്മോട് പറയുന്നു: ശത്രുവിൻ്റെ വലുപ്പം നോക്കരുത്; നിന്റെ ദൈവത്തിന്റെ വലുപ്പം നോക്കുക*.”
അതുകൊണ്ട്, പ്രിയരേ, നമ്മുടെ ജീവിതത്തിൽ വഴിയില്ലാത്തിടത്ത് ദൈവം വഴി ഉണ്ടാക്കും. നദി കരകവിഞ്ഞൊഴുകുമ്പോൾ ദൈവം അതിനെ നിർത്തും. മല്ലൻ മുന്നിൽ നിൽക്കുമ്പോൾ ദൈവം ജയിക്കാനുള്ള ധൈര്യം നൽകും. കാരണം നമ്മുടെ യാത്രയുടെ ലക്ഷ്യം മനുഷ്യശക്തിയാൽ എത്തിപ്പെടാവുന്ന ഒരു സ്ഥലമല്ല.ദൈവത്തിന്റെ വാഗ്ദത്തത്തിലേക്കുള്ള യാത്രയാണ്.അതുകൊണ്ട് ഇന്ന് നമ്മുടെ ഹൃദയത്തിൽ ഒരു ഉറച്ച വിശ്വാസം ഉണ്ടായിരിക്കട്ടെ: മുന്നിൽ ചെങ്കടലായാലും, കാലിനടിയിൽ യോർദ്ദാനായാലും, മുമ്പിൽ ഗോലിയാത്തായാലും,എന്നോടുകൂടെ എന്റെ ദൈവമുണ്ടെങ്കിൽ
എനിക്ക് ഭയപ്പെടേണ്ടതില്ല.” വഴിയില്ലാത്തിടത്ത് വഴി ഉണ്ടാക്കുന്നവനാണ് നമ്മുടെ ദൈവം. അസാധ്യമായിടത്ത് അത്ഭുതം ചെയ്യുന്നവനാണ് നമ്മുടെ ദൈവം.അവൻ ആരംഭിച്ച യാത്ര അവൻ തന്നെ പൂർത്തിയാക്കും.




