കോഴിക്കോടിന് യുനെസ്കോ സാഹിത്യ നഗരപദവി: ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ജൂൺ 23ന്
വാർത്ത: വി.വി. ഏബ്രഹാം, കോഴിക്കോട്
കോഴിക്കോട്: ഭാരതത്തിനും വിശേഷാൽ കോഴിക്കോടിനും ഇത് അഭിമാന നിമിഷങ്ങൾ. രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്‌കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം 23ന് വൈകിട്ട് 5.30 ന് തളി കണ്ടംകുളം ജൂബിലി ഹാളിൽ മന്ത്രി എം.ബി. രാജേഷ് നടത്തും.
സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി പി എം മുഹമ്മദ് റിയാസ് നിർവഹിക്കും.
സാഹിത്യ നഗര കേന്ദ്രത്തിന്റെ പ്രഖ്യാപനം ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കും.
സാഹിത്യ നഗര പ്രഖ്യാപനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മാനാഞ്ചിറ എസ് കെ സ്ക്വയറിൽ നഗരത്തിലെ പ്രമുഖർ ഉൾപ്പെടെ വായനയിൽ ഏർപ്പെട്ടു. നഗരത്തിലെ സ്കൂളുകളിലെ അസംബ്ലികളിൽ ഇതേ സമയം പുസ്തക വായന നടന്നുവെന്നും കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് അറിയിച്ചു.
യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വർക്കിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന രീതിയിൽ പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും വിവിധ പരിപാടികൾ വരുംകാലങ്ങളിൽ സംഘടിപ്പിക്കുമെന്നും രണ്ടുവർഷം വീതം നീളുന്ന നാല് ഘട്ടങ്ങൾ ആയിട്ടാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്നും മേയർ
അറിയിച്ചു.