ഹൃദയങ്ങളെയാണ് ദൈവം നോക്കുന്നത്

ഹൃദയങ്ങളെയാണ് ദൈവം നോക്കുന്നത്

റവ. ജോർജ് മാത്യു പുതുപ്പള്ളി

ണ്ടു ക്രിസ്തീയ വൈദികർ ഒരുമിച്ചു ഭക്ഷണത്തിനിരുന്നപ്പോൾ 'എങ്ങനെയാണ് പ്രാർത്ഥിക്കുമ്പോൾ കൈകൾ ഉപയോഗിക്കേണ്ടത് ?' എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുവാൻ തുടങ്ങി. ഭാരതീയ പാരമ്പര്യമനുസരിച്ച് കൈകൾ കൂപ്പി നെഞ്ചോട്‌ ചേർത്തു പിടിക്കുകയാണ് വേണ്ടതെന്ന് ഒരു വൈദികൻ പറഞ്ഞപ്പോൾ കരങ്ങൾ മുകളിലേക്കു ഉയർത്തി മലർത്തിപ്പിടിച്ചു വേണം പ്രാർത്ഥിക്കാനെന്ന് അപരൻ അഭിപ്രായപ്പെട്ടു. രണ്ടുപേരും അവരവരുടെ അഭിപ്രായങ്ങളിൽ ഉറച്ചു നിന്നതിനാൽ ഇരുവരുടെയും വാദങ്ങൾ തമ്മിൽ സന്ധിക്കാതെ റെയിൽപാളങ്ങൾപോലെ നീണ്ടുപോയി.

പിറ്റെദിവസം ആദ്യത്തെ ആരാധനയിൽ എങ്ങനെയാണ് ജനങ്ങൾ കരങ്ങൾ പിടിച്ചതെന്ന് ആദ്യത്തെ വൈദികൻ നിരീക്ഷിച്ചു. ജനങ്ങളുടെ പിൻനിരയിൽ നിന്നിരുന്ന ഒരു യാചകൻ കൈകൾ കൂപ്പുകയോ ഉയർത്തി മലർത്തുകയോ ചെയ്യാതെ ഒരു ഷാൾ പുതച്ചുനിൽക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. രണ്ടാമത്തെ ആരാധനയിൽ ഇതേ കാഴ്ച രണ്ടാമത്തെ വൈദികനും ശ്രദ്ധിച്ചു.

അവർ ഒരുമിച്ച് യാചകനെ സമീപിച്ച് 'എന്തുകൊണ്ടാണ് ആരാധനയിൽ അപ്രകാരം നിന്നത് ? എന്നു ചോദിച്ചു. ആ ചോദ്യം യാചകൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് അയാൾ തന്റെ തോൾ ചലിപ്പിക്കുകയും അപ്പോൾ ദേഹത്തുണ്ടായിരുന്ന ഷാൾ നിലത്തുവീഴുകയും ചെയ്തു. ആ സാധു മനുഷ്യന് രണ്ടു കൈകളും ഇല്ലായിരുന്നു എന്ന സത്യം വൈദികർക്കു മനസിലായി. അവർക്കു അയാളോട് സങ്കടവും സഹതാപവും തോന്നി.

നിരക്ഷരനെന്നും പാവത്താനെന്നും തോന്നിയ ആ യാചകൻ വൈദികരോട് സംസാരിക്കുവാൻ തുടങ്ങി. തനിക്കു ബോദ്ധ്യമായ വിഷയങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അയാൾ അവതരിപ്പിച്ചത്. യാചകൻ ഇങ്ങനെ പറഞ്ഞു : ബഹുമാന്യ വൈദിക ശ്രേഷ്ഠരേ, നാം സർവശക്തനായ ദൈവത്തിന്റെ മുമ്പാകെ നിൽക്കുമ്പോൾ നമ്മുടെ ഹൃദയം ദൈവവചനം കേൾക്കുന്നതിനും, അവിടുത്തെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുമായി തുറക്കപ്പെട്ടിരിക്കണം എന്നുള്ളതാണ് പരമപ്രധാനമായ സംഗതി. ജനങ്ങൾ കൈകൾ എങ്ങനെ പിടിക്കുന്നു എന്നു നിരീക്ഷിന്നത് ബാലിശമായ പ്രവൃത്തിയാണ്. ദൈവം നോക്കുന്നത് ജനങ്ങളുടെ ഹൃദയങ്ങളെയാണ്.'

അനന്തരം യാചകൻ അവരോടു ചോദിച്ചു : 'നിങ്ങൾ ഇരുവരും അൾത്താരയുടെ മുമ്പിൽ സ്തോത്രവും കൃതജ്ഞതയും അർപ്പിക്കുമ്പോൾ കാണാതെപോയ ആടിനെപ്പറ്റിയുള്ള യേശുവിന്റെ മനോഭാവത്തോടെയാണോ നിൽക്കുന്നത് ?' ആ ചോദ്യത്തിനു മുമ്പിൽ വൈദികർ ചൂളിപ്പോയി. വേദശാസ്ത്രപഠനക്‌ളാസിൽ പോലും കേൾക്കാത്ത ഗൗരവമേറിയ കാര്യങ്ങൾ യാചകവേഷത്തിൽ കണ്ട ഒരാളിൽനിന്നു അവർ കേട്ടപ്പോൾ ഒന്നും പറയാനില്ലാതെ അവർ മടങ്ങിപ്പോയി. പ്രിയ സഹോദരങ്ങളേ, ബാലിശമായ തർക്കങ്ങളിൽ സമയം പാഴക്കാതെ ദൈവത്തെ ആരാധിക്കേണ്ട രീതിയിൽ ആരാധിക്കുവാൻ നമുക്കു തയാറാകാം.

ചിന്തക്ക് : 'ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ ? എന്റെ അതിക്രമത്തിനുവേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കണമോ ?. മനുഷ്യാ, നല്ലത് എന്തെന്ന് അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു. ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത് ?' (മീഖാ 6 : 7, 8).

Advertisement