പ്രെഗ്നൻസി ബുക്കില്‍ ബെെബിള്‍ എന്ന് പേര് നല്‍കി; കരീന കപൂറിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസ്

പ്രെഗ്നൻസി ബുക്കില്‍ ബെെബിള്‍ എന്ന് പേര് നല്‍കി; കരീന കപൂറിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി  നോട്ടീസ്

ജബൽപൂർ: കരീന കപൂർ ഖാൻ്റെ പ്രെഗ്നൻസി ബൈബിൾ: ദി അൾട്ടിമേറ്റ് മാനുവൽ ഫോർ മാംസ് ടു ബി എന്ന തൻ്റെ പുസ്തകത്തിൻ്റെ തലക്കെട്ടിൽ നിന്ന് 'ബൈബിൾ' എന്ന വാക്ക് നീക്കം ചെയ്യണമെന്ന ഹർജിയിൽ ബോളിവുഡ് താരം കരീന കപൂറിന് മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസ് അയച്ചു. 

അഭിഭാഷകനായ ക്രിസ്റ്റഫർ ആൻ്റണി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജിഎസ് അലുവാലിയയുടെ സിംഗിൾ ബെഞ്ച് വ്യാഴാഴ്ച നോട്ടീസ് അയച്ചത്.

ബെെബിള്‍ എന്ന വാക്ക് എന്തിനാണ് തലക്കെട്ടില്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ നടിയോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

പുസ്തകത്തിന്റെ തലക്കെട്ടില്‍ ബെെബിള്‍ എന്ന വാക്ക് ഉപയോഗിച്ചത് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് അഭിഭാഷകൻ ക്രിസ്റ്റഫ‌ർ ആന്റണി തന്റെ ഹർജിയില്‍ പറയുന്നു. ലോകമെമ്ബാടുമുള്ള ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രസ്ഥമാണ് ബെെബിള്‍. കരീന കപൂറിന്റെ ഗർഭകാലത്തെ ബെെബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെെബിള്‍ എന്ന് തലക്കെട്ടില്‍ ഉപയോഗിച്ചിരുന്നത് വിലകുറഞ്ഞ ജനപ്രീതി നേടാനുള്ള ഉദ്ദേശത്തോടെയാണെന്നും പ്രതിഷേധാ‌ർഹമാണെന്നും ഹർജിയില്‍ പറയുന്നു. നടിക്കെതിരെ കേസെടുക്കാനുള്ള തന്റെ അപേക്ഷ അഡീഷണല്‍ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഹർജിക്കാരൻ ഹെെക്കോടതിയെ സമീപിച്ചത്.

 സഹ രചയിതാവ് അദിതി ഷാ ഭീംജ്യാനി, ആമസോൺ ഓൺലൈൻ ഷോപ്പിംഗ്, പ്രസാധകരായ ജഗ്ഗർനട്ട് ബുക്സ്, സംസ്ഥാന സർക്കാർ, ജബൽപൂർ പോലീസ് സൂപ്രണ്ട്, ഒമിറ്റ് പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ളവർ എന്നിവർക്കും കോടതി നോട്ടീസ് അയച്ചു.