കർണാടകയിൽ വീണ്ടും സുവിശേഷ വിരോധികളുടെ ആക്രമണം

കർണാടകയിൽ വീണ്ടും സുവിശേഷ വിരോധികളുടെ ആക്രമണം

ചാക്കോ കെ തോമസ്, ബെംഗളൂരു

മടിക്കേരി: കർണാടകയിലെ മടിക്കേരി കുശാൽ നഗർ മറിടിയൂർ വില്ലേജിലെ ബെരാകാ എ.ജി പ്രയർ ഹാളിലെ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റെൻസൺ വിൽസണും കുടുംബത്തിനും വിശ്വാസികൾക്കും നേർക്ക് സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

പാസ്റ്റർ സ്റ്റെൻസൺ വിൽസൺ

12 വർഷത്തോളമായി കുശാൽനഗറിൽ സുവിശേഷ പ്രവർത്തനം ചെയ്യുന്ന പാസ്റ്റർ സ്റ്റെൻസൺ വിൽസൻ്റെ ചുമതലയിൽ മരടിയൂരിൽ പുതിയ ആരാധനാ ഹാൾ നിർമ്മിച്ച് വരുകയായിരുന്നു. ആരാധന ഹാൾ പണിയുവാൻ ആരംഭിച്ചപ്പോൾ മുതൽ സുവിശേഷ വിരോധികളുടെ എതിർപ്പുകൾ ഉണ്ടായിരുന്നു. എങ്കിലും നിയമപരമായ രജിസ്ട്രേഷൻ ഉള്ളതിനാൽ തടസ്സങ്ങളില്ലാതെ ആരാധന ഹാളിൻ്റെ പണി പൂർത്തികരിച്ച് വരുന്നതിനിടെയാണ് പാസ്റ്റർക്കും കുടുംബത്തിനും വിശ്വാസികൾക്കും ആക്രണം നേരിടേണ്ടി വന്നത്. 

ഏപ്രിൽ 9 ബുധൻ വൈകിട്ട് 6ന് മുപ്പതോളം വരുന്ന സുവിശേഷ വിരോധികൾ പണിത് കൊണ്ടിരിക്കുന്ന ആലയം പൊളിക്കണമെന്ന് ആക്രോശിച്ച് കൊണ്ട് വന്ന് പാസ്റ്ററുടെ തലയിൽ കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ പാസ്റ്റർ സ്റ്റെൻസനെയും ഭാര്യ സുമയെയും ഉടനെ തന്നെ വിശ്വാസികൾ ചേർന്ന് മടിക്കേരി ജില്ലാ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കിയെങ്കിലും പാസ്റ്റർക്കെതിരെ സുവിശേഷ വിരോധികൾ വ്യാജ പരാതി നൽകിയിരിക്കുകയാണ്.

സുമ സ്റ്റെൻസൺ

ആശുപത്രിയിൽ ആയിരിക്കുന്ന പാസ്റ്റർ സ്റ്റെൻസണും ഭാര്യ സുമയ്ക്കും സൗഖ്യം ലഭിക്കേണ്ടതിനും സമാധാനപരമായി ആരാധന ഹാളിൻ്റെ പണികൾ പൂർത്തികരിച്ച് അവിടെ ആരാധന നടത്തുവാനും ഏവരുടെയും പ്രാർഥന ആവശ്യപ്പെടുന്നു.

Advertisement