അനുദിന മാനസാന്തരത്തിന് ആഹ്വാനം: ഐപിസി യുകെ & അയര്‍ലന്‍ഡ് കണ്‍വന്‍ഷനു തുടക്കം

കേംബ്രിഡ്ജ് : അനുദിനം മാനസാന്തരത്തിലൂടെ കടന്നു പോകാനുള്ള ആഹ്വാനത്തോടെ ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വാര്‍ഷിക കണ്‍വന്‍ഷന് യുകെ കേംബ്രിഡ്ജ് കാംബോണ്‍ കോളജില്‍ തുടക്കം. കണ്ണാടിയില്‍ നോക്കിയാല്‍ ഒരു വഞ്ചകന്റെ മുഖം സ്വയം കാണുന്നില്ലെങ്കില്‍ മാത്രമാണു നിങ്ങള്‍ മാനസാന്തരത്തിലാണെന്നു പറയാനാകുക എന്നു മുഖ്യ പ്രഭാഷകന്‍ പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമ പറഞ്ഞു.
എല്ലാ ദിവസവും മാനസാന്തരത്തിലൂടെ കടന്നു പോകുന്നെന്നു യഥാര്‍ഥ പെന്തെക്കോസ്തുകാരന്‍ ഉറപ്പു വരുത്തണം. സഭയില്‍ പെന്തെക്കോസ്ത് അനുഭവം വെളിപ്പെടണമെങ്കില്‍ ആത്മ പ്രവാഹമുണ്ടാകണം. പാടുന്നതും പ്രാര്‍ഥിക്കുന്നതും ആത്മ നിറവിലായിരിക്കണം. ആത്മ നിറവില്‍ മുന്നേറ്റമുണ്ടായാല്‍ അസാധാരണ മുന്നേറ്റങ്ങള്‍ ജീവിതത്തില്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐപിസി യുകെ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ വിനോദ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബേബി വര്‍ഗീസ്, റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി, സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ 13ന് പൊതു സഭായോഗത്തോടെ സമാപിക്കും. ശനിയാഴ്ച യൂത്ത് മീറ്റിങ്, സഹോദരിമാരുടെ വാര്‍ഷിക യോഗം തുടങ്ങിയവ നടക്കും. സഹോദരിമാരുടെ യോഗത്തില്‍ സിസ്റ്റര്‍ രേഷ്മ തോമസ് പ്രസംഗിക്കും. യുകെയിലെ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമമായ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ യുകെയിലെ ഏല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. കേംബ്രിഡ്ജ് ഐപിസി സീയോണ്‍ ചര്‍ച്ചാണ് കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്.