കൂരിരുൾപാതയിലും പാടുന്നവരാകാം

കൂരിരുൾപാതയിലും  പാടുന്നവരാകാം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ജെയിംസ് ബ്രൂക്സ് എന്ന ദൈവദാസൻ ഒരു രാത്രിയിൽ തന്റെ സുഹൃത്തിനെ സന്ദർശിക്കുവാൻ പോയി. അദ്ദേഹം ആ ഭവനത്തിൽ പ്രവേശിച്ചപ്പോൾ ഒരു പക്ഷി മനോഹരമായി പാടുന്നത് കേട്ടു. പക്ഷെ എവിടെ നിന്നാണ് അതു കേൾക്കുന്നതെന്ന് ആദ്യം അദ്ദേഹത്തിനു മനസിലായില്ല. വെറും ഒരു കിളിയുടെ ശബ്ദത്തെക്കാൾ ആ പക്ഷിയുടെ ഗാനം തികച്ചും ശ്രുതിമധുരവും ഹൃദ്യവുമായിരുന്നു.

താനിരുന്ന മുറിയിൽ മുഴുവൻ കണ്ണോടിച്ചു നോക്കിയപ്പോൾ ഒരു കൂട്ടിൽ അടയ്ക്കപ്പെട്ട മനോഹരമായ ഒരു പക്ഷിയെ അദ്ദേഹം കണ്ടു. 'ഇത്രയും മധുരമായി എങ്ങനെ ഇതിനു പാടുവാൻ കഴിയുന്നു ?' ബ്രൂക്സ് സ്നേഹിതനോടു തിരക്കി. അദ്ദേഹത്തിനു ലഭിച്ച മറുപടി ഇങ്ങനെയിരുന്നു : 'ആ പക്ഷിയെ ഒരു അദ്ധ്യാപകൻ വന്ന് പാട്ടു പഠിപ്പിക്കും. ഈണവും താളവും ആവർത്തിച്ച് മനോഹരമായി പാടുവാൻ പരിശീലിപ്പിക്കും. ആ പാട്ടുകൾ ഈണത്തിനൊപ്പം ഉരുവിടും. പക്ഷെ ഇത് രാത്രിയുടെ ഏകാന്തതയിൽ മാത്രമേ സാദ്ധ്യമാകൂ. അപ്പോൾ മാത്രമേ ആ പക്ഷിക്ക് മറ്റെല്ലാം മറന്ന് ശ്രുതിമധുരമായി പാടുവാൻ കഴിയികയുള്ളൂ.'

രാത്രിയുടെ നിമിഷങ്ങൾ നമുക്ക് ജീവിതത്തിൽനിന്നും ഒഴിച്ചുമാറ്റുവാൻ കഴിയുകയില്ല.ഒരു പകൽ ഉണ്ടെങ്കിൽ ഒരു രാത്രിയുമുണ്ട്. കൂരിരുൾ നമ്മുടെ ജീവിതത്തെ മൂടുമ്പോൾ നമ്മുടെ പ്രതികരണം എങ്ങനെയാണ് ? രോഗത്തിന്റെയോ, ദു:ഖത്തിന്റെയോ, നിരാശയുടെയോ, ഏകാന്തതയുടെയോ ഇരുളിനെ കണ്ടുകൊണ്ട് നാം പിറുപിറുക്കുകയും ശപിക്കുകയും ചെയ്യുന്നവരാണോ ? പൗലൊസും ശീലാസും അർദ്ധരാത്രിയിൽ കാരാഗൃഹത്തിൽ ദൈവത്തെ പാടി സ്തുതിച്ചതുപോലെ പ്രതികൂലങ്ങളുടെ മദ്ധ്യത്തിലും ദൈവത്തെ പാടി സ്തുതിക്കുവാൻ നമുക്കു സാധിക്കുന്നുണ്ടോ ? അവരുടെ ഹൃദയത്തിലുണ്ടായിരുന്ന ആ ആത്മസന്തോഷം നിലനിർത്തുവാൻ നമുക്കു കഴിയുന്നുണ്ടോ ?

നാൽപ്പത്തിരണ്ടാം സങ്കീർത്തനത്തിൽ ഭക്തൻ പാടുന്നു : 'രാത്രിസമയത്തും ഞാൻ അവനു പാട്ടുപാടിക്കൊണ്ടിരിക്കും. എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ. എന്റെ കിടക്കയിൽ നിന്നെ ഓർക്കുകയും രാത്രിയാമങ്ങളിൽ ഞാൻ നിന്നെ ധ്യാനിക്കുകയും ചെയ്യുമ്പോൾ എന്റെ പ്രാണന് മജ്ജയും മേദസും കൊണ്ടെന്നപോലെ തൃപ്തി വരുന്നു' (42 : 8). അനേക ദൈവഭക്തർ അവരുടെ അന്ധകാരവേളകളെ ധൈര്യത്തിന്റെയും പ്രത്യാശയുടെയും നിമിഷങ്ങളാക്കി മാറ്റിയിട്ടുണ്ട്. നാം പാടി ആശ്വസിക്കുന്ന പല പാട്ടുകളുടെയും പിന്നിൽ ദൈവഭക്തർ അനുഭവിച്ച കഠിനമേറിയ ഇരുളിന്റെ ചരിത്രം കാണുവാൻ കഴിയും.

ചിന്തക്ക് : 'പുരുഷാരവും അവരുടെ നേരെ ഇളകി. അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ട് അവരെ അടിപ്പാൻ കല്പിച്ചു. അവരെ വളരെ അടിപ്പിച്ചശേഷം തടവിൽ ആക്കി കാരാഗൃഹപ്രമാണിയോട് അവരെ സൂക്ഷ്മത്തോടെ കാപ്പാൻ കല്പിച്ചു. അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ ആമത്തിൽ ഇട്ടു പൂട്ടി. അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു. തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിലൊക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു' (അപ്പൊസ്തലപ്രവൃത്തികൾ 16 : 22...26).