ചലനമറ്റ് അലനെത്തി; അവസാനമായി കാണാൻ ആശുപത്രിയിൽനിന്ന് അമ്മയും

ചാക്കോ കെ തോമസ് ബാംഗ്ലൂർ
പാലക്കാട്: അമ്മയ്ക്കൊപ്പം വരുന്നതിനിടെ കാട്ടാന ആക്രമിച്ച ആ വഴി കടന്ന് അലൻ ഒരിക്കൽക്കൂടി വീട്ടിലെത്തി, അനക്കമില്ലാതെ. വെള്ളത്തുണിയിൽ പൊതിഞ്ഞ അലന്റെ മൃതദേഹം കണ്ടതോടെ ഉറ്റവർ ചങ്കുപൊട്ടിക്കരഞ്ഞു. കൂട്ടക്കരച്ചിലിനിടയിലേക്ക് മറ്റൊരു ആംബുലൻസുകൂടി വന്നു. കാട്ടാനയാക്രമിച്ച് ഗുരുതരപരിക്കുകളോടെ ചികിത്സയിലുള്ള അലന്റെ അമ്മ വിജിയായിരുന്നു അതിൽ. വിജിയെ സ്ട്രെച്ചറിൽ താങ്ങിയെടുത്ത് നാട്ടുകാർ ഫ്രീസറിൽകിടന്ന മകന്റെ അരികിലെത്തിച്ചു. ഒന്നുതിരിയാൻപോലും കഴിയാതെ വിഷമിച്ച വിജിയുടെ കണ്ണുകൾ അലനെ പരതി. ഇടതുകൈകൊണ്ട് മെല്ലെ ഫ്രീസറിൽതൊട്ടു. അകത്ത് മകനെ കണ്ടതോടെ കണ്ണുകൾ നിറഞ്ഞൊഴുകി കണ്ണുകൾ ഇറുക്കിയടച്ച അമ്മ, മുറിവുകളുടെ വേദന മറന്നും ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു. ഞായറാഴ്ച വൈകീട്ട് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കാട്ടാനയാക്രമണത്തിൽ മരിച്ച മുണ്ടൂർ കയറംകോടം കണ്ണാടംചോല സ്വദേശി അലന്റെ (24) സംസ്കാരച്ചടങ്ങുകൾ വികാരനിർഭരമായിരുന്നു.
നാലുമണിക്കൂറോളം പൊതുദർശനത്തിനുവെച്ച മൃതദേഹം ശുശ്രൂഷകൾക്കുശേഷം മുണ്ടൂർ മൈലംപുള്ളിയിലെ ഇന്ത്യൻ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ സെമിത്തേരിയിൽ സംസ്കരിച്ചു.
പോസ്റ്റുമോർട്ടത്തിനുശേഷം പാലക്കാട്ടെ സ്വകാര്യ ആശുപത്രിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് കണ്ണാടംചോലയിലുള്ള വീട്ടിലെത്തിച്ചത്. വീട്ടുമുറ്റത്തായിരുന്നു പൊതുദർശനം.
മകൻ മരിച്ച വിവരം ചൊവ്വാഴ്ച രാവിലെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിജിയെ അറിയിച്ചത്.
ഡോക്ടർമാരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഉച്ചയ്ക്ക് 12.20-ഓടെ ബന്ധുക്കൾക്കൊപ്പം വീട്ടിലെത്തിച്ചത്. അഞ്ചുമിനിറ്റിൽ താഴെമാത്രമാണ് മകനെ കണ്ടത്. വിജിയെക്കണ്ട് അലന്റെ മൃതദേഹത്തിനരികിലിരുന്ന ഭർത്താവ് ജോസഫും മകൾ ആൻമേരിയും പൊട്ടിക്കരഞ്ഞു. വിജിയുടെ അടുത്തേക്കുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇവരെ സ്നേഹത്തോടെ തടഞ്ഞു. തോളെല്ലിനും നട്ടെല്ലിനും ചെവിക്കുമെല്ലാം ഗുരുതരപരിക്കുള്ള വിജിക്ക് അണുബാധയേൽക്കാതെ ശ്രദ്ധിക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. സാമൂഹിക അകലമൊരുക്കിയാണ് വിജിയെ എത്തിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ വിജിയെ ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുപോയി. അലന്റെ മൃതദേഹം രണ്ടരയോടെ സംസ്കരിച്ചു. (കടപ്പാട് )